നാദാപുരം: അമ്മയ്ക്ക് ആശുപത്രിയില്‍ കൂട്ടിരിക്കാന്‍ 300 രൂപയും എസി മുറിയും ആവശ്യപ്പെട്ട യുവാവിനു സുഹൃത്തുക്കളുടെ വക പൊതിരെ തല്ല്. നാദാപുരം ബസ് സ്റ്റാന്‍ഡില്‍ ഇന്നലെ രാവിലെയാണു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
നാദാപുരം സ്വദേശിനിയായ വീട്ടമ്മയോടു ചികിത്സയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ആവാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. നാട്ടുകാരാണു സ്ത്രീയുടെ ചികിത്സയ്ക്കു മുന്‍കൈ എടുത്തിരുന്നത്. ഇതേത്തുടര്‍ന്നു മകനോട് ആശുപത്രിയില്‍ കൂട്ടിരിക്കാന്‍ സുഹൃത്തുക്കളും നാട്ടുകാരും ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇതിനു തയ്യാറാവാതെ യുവാവ് സ്വകാര്യ ബസില്‍ ക്ലീനര്‍ ജോലി ചെയ്യുകയായിരുന്നു. വീട്ടമ്മയെ ആശുപത്രിയില്‍ കൊണ്ടുപോവാന്‍ ആംബുലന്‍സ് ഉള്‍പ്പെടെ സജ്ജീകരിച്ചു കാത്തുനിന്നെങ്കിലും മകന്‍ എത്തിയില്ല. ഇതേത്തുടര്‍ന്നു വീട്ടമ്മയെ ആംബുലന്‍സില്‍ കയറ്റി നാട്ടുകാര്‍ മകനെ തേടി ഇറങ്ങി. ഇതിനിടയില്‍ ബസ് നാദാപുരം സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ മകനെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് ദിനം പ്രതി 300 രൂപയും താമസിക്കാന്‍ എസി മുറിയും ആവശ്യപ്പെട്ടത്.
രോഗിയായ അമ്മയുമായി ആംബുലന്‍സ് നാദാപുരം ബസ് സ്റ്റാന്‍ഡില്‍ എത്തി. ബസില്‍ നിന്നു പുറത്തിറക്കിയ യുവാവിനെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങാതായതോടെ സഹികെട്ട സുഹൃത്തുക്കള്‍ ‘കൈകാര്യം’ ചെയ്തു അമ്മയോടൊപ്പം ആംബുലന്‍സില്‍ കോഴിക്കോട്ടേക്ക് അയച്ചു.