പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം തിരികെ ലഭിച്ചപ്പോള്‍ മൃതദേഹത്തിന് കണ്ണുകളില്ല; പരാതിയുമായി മകന്‍ രംഗത്ത്
കൊല്‍ക്കത്ത: പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തിരികെ ലഭിച്ചപ്പോള്‍ പിതാവിന്റെ മൃതദേഹത്തിന് കണ്ണുകളില്ലെന്ന പരാതിയുമായി മകന്‍ രംഗത്ത്. കൊല്‍ക്കത്തയിലാണ് സംഭവം. അപകടത്തെ തുടര്‍ന്ന് അറുപത്തൊന്‍പതുകാരനായ ശംഭുനാഥ് ദാസ് കഴിഞ്ഞ ഞായറാഴ്ചയാണ് മരിച്ചത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം തിരികെ ലഭിച്ചപ്പോഴാണ് കണ്ണുകള്‍ ഇല്ലെന്ന കാര്യം ബോധ്യപ്പെട്ടത്.
ഞായറാഴ്ചയാണ് ശംഭുനാഥ് ദാസ് അപകടത്തില്‍പ്പെട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആശുപത്രി അധികൃതര്‍ മരണം സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ വിട്ടുനല്‍കുകയായിരിന്നു.
ഇതിനിടെയാണ് മൃതദേഹത്തിന്റെ കണ്ണുകള്‍ നഷ്ടപ്പെട്ടിരിക്കുകയാണെന്ന കാര്യം ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് പരാതിയുമായി മകന്‍ സുഷാന്ത് രംഗത്തെത്തുകയായിരുന്നു. സംഭവം മോര്‍ച്ചറി സൂക്ഷിപ്പുകാരുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ കണ്ണുകള്‍ എലികള്‍ കാര്‍ന്ന് തിന്നതാകാമെന്നായിരുന്നു വിശദീകരണമെന്ന് സുഷാന്ത് പറയുന്നു.
ഇതേ തുടര്‍ന്ന് മകന്‍ ആശുപത്രി അധികൃതര്‍ക്ക് പരാതി എഴുതി നല്‍കി. സംഭവം അന്വേഷിക്കാന്‍ മൂന്നംഗ പാനലിനെ ഏര്‍പ്പെടുത്തി. വിഷയത്തില്‍ തിങ്കളാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് സുഷാന്തിന്റെ ആവശ്യം.