ആലപ്പുഴ; അമ്മയെ ക്രൂരമായി മര്‍ദിക്കുന്ന സൈനികന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതിന് പിന്നാലെ ഇയാളെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ മകനെ വെറുതെവിടണമെന്നു പറഞ്ഞ് പോലീസിനു മുന്‍പില്‍ പൊട്ടിക്കരഞ്ഞ് അമ്മ. തന്റെ മകന്‍ കുറ്റമൊന്നും ചെയ്തിട്ടില്ല എന്നാണ് ക്രൂരമായ അക്രമണത്തിന് ഇരയായ അമ്മ പോലീസിനോട് പറഞ്ഞത്. ഹരിപ്പാട് മുട്ടം സ്വദേശിയായ സുബോധാണ് (37) മദ്യലഹരിയില്‍ അമ്മ ശാരദയെ ക്രൂരമായി മര്‍ദിച്ചത്.
അമ്മയെ എടുത്തുയര്‍ത്തി നിലത്തടിക്കുകയും കൊല്ലാന്‍ ശ്രമിക്കുന്നതുമെല്ലാം വിഡിയോയില്‍ ഉണ്ട്. അസഭ്യം പറഞ്ഞുകൊണ്ട് അമ്മയെ നിലത്തിട്ട് ചവിട്ടുന്നതെന്നും ദൃശ്യങ്ങളില്‍ കാണാം. തന്നെ കൊല്ലുന്നേയെന്ന് അമ്മ നിലവിളിക്കുമ്പോള്‍ ഇയാള്‍ കളിയാക്കുകയാണ്. ഇടയ്ക്ക് മൂത്ത മകന്റെ പേരുവിളിച്ച് അവര്‍ രക്ഷിക്കാനും പറയുന്നുണ്ട്.
സഹോദരന്‍ പകര്‍ത്തിയ അക്രമ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഇയാളെ അറസ്റ്റു ചെയ്യാന്‍ പോലീസ് എത്തിയത്. എന്നാല്‍ തനിക്ക് പരാതി ഇല്ലെന്നും മകന്റെ ജോലിയെ ബാധിക്കരുത് എന്നുമാണ് അമ്മ പറഞ്ഞത്. മക്കള്‍ തമ്മിലാണ് വഴക്കുണ്ടായത് എന്നാണ് അമ്മ പറഞ്ഞത്. മകനെ കൊണ്ടുപോയാല്‍ താനും വരുമെന്നും 69കാരിയായ അമ്മ പോലീസിനോട് കരഞ്ഞു പറഞ്ഞു.
പൊലീസ് കസ്റ്റഡിയില്‍ എടുക്കുമ്പോഴും സുബോധ് മദ്യലഹരിയിലായിരുന്നു. സൈനികനായ സുബോധ് ബംഗളൂരുവില്‍ ട്രേഡ്‌സ്മാനായാണ് ജോലി ചെയ്യുന്നത്. മൂന്നു ദിവസം മുന്‍പാണ് അവധിക്കെത്തിയത്. അമ്മയെ ഇയാള്‍ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്നാണ് പോലീസിനു ലഭിച്ച വിവരം.