KeralaNews

‘ഫെനി ബാലകൃഷ്ണന് പിന്നില്‍ മറ്റാരോ, ആരോപണം അടിസ്ഥാനരഹിതം’; മറുപടിയുമായി ഇ പി ജയരാജന്‍

തിരുവനന്തപുരം: സോളാര്‍ കേസില്‍ പരാതിക്കാരിയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സിപിഎം നേതാവ് ഇ പി ജയരാജന്‍. ഫെനി ബാലകൃഷ്ണനുമായി തനിക്ക് ഒരു പരിചയവുമില്ല. ഫെനി ബാലകൃഷ്ണന് പിന്നിൽ മറ്റാരോ ഉണ്ടെന്നും ഇ പി ജയരാജന്‍ ആരോപിച്ചു. അതേസമയം, കൊല്ലം ഗസ്റ്റ് ഹൗസിനെ കുറിച്ച് പരസ്പര വിരുദ്ധമായിട്ടായിരുന്നു ഇ പി ജയരാജന്റെ മറുപടി.

താൻ കൊല്ലം ഗസ്റ്റ് ഹൗസിൽ താമസിച്ചിട്ടേയിലെന്ന് പറഞ്ഞ ജയരാജൻ പിന്നീട് രണ്ട് തവണ താമസിച്ചിട്ടുണ്ടെന്ന് തിരുത്തി. നേതാക്കന്മാരുടെ രാഷ്ട്രീയ നിലവാരം കാത്തുസൂക്ഷിക്കാൻ മാധ്യമങ്ങൾ കൂടി സഹകരിക്കണമെന്നും ജയരാജൻ പ്രതികരിച്ചു.

മാധ്യമങ്ങൾ നേതാക്കന്മാരുടെ നിലവാരം കുറയ്ക്കരുത്. ഞങ്ങളുടെ രാഷ്ട്രീയ നിലവാരം കാത്തുസൂക്ഷിക്കാൻ മാധ്യമങ്ങൾ കൂടി സഹകരിക്കണമെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. കോൺഗ്രസിലെ രണ്ട് ചേരികൾ തമ്മിലുള്ള പ്രശ്നമാണ് വിഷയം വീണ്ടും ചർച്ചയാകുന്നതിന് കാരണം. മരിച്ച ഒരു നേതാവിനെ വീണ്ടും അപമാനിക്കുന്നത് തെറ്റാണ്. ഇതിൽ നിന്ന് യുഡിഎഫ് പിന്തിരിയണമെന്നും ഇപി ആവശ്യപ്പെട്ടു.

തനിക്ക് ഫെനിയുമായി ഒരു പരിചയവുമില്ല. സോളാറിനെ കുറിച്ച് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ട്. താൻ തന്റെ ഉയർന്ന രാഷ്ട്രീയ ബോധത്തിലേ വിഷയങ്ങൾ കൈകാര്യം ചെയ്യൂ. ഇത്തരം ആളുകളുടെ പിന്നാലെ നടക്കുകയല്ല തന്നെ പണിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

ഇ പി ജയരാജൻ തന്നെ കാറിൽ കൊല്ലം ഗസ്റ്റ് ഹൗസിൽ കൊണ്ട് പോയി സർക്കാരിനെ അട്ടിമറിക്കാൻ സഹായം തേടി എന്നാണ് ഫെനി ബാലകൃഷ്ണൻ ഇന്നലെ പറഞ്ഞത്. ഇ പി ജയരാജന്‍റെ കാറിൽ തന്നെ കൊല്ലത്തെ ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുപോയി. ഉമ്മൻ ചാണ്ടി സർക്കാരിനെ അട്ടിമറിക്കാനുള്ള സഹായം നൽകണമെന്നും ഫെനിക്ക് വേണ്ടതെന്താണെന്ന് വച്ചാൽ ചെയ്യാമെന്നും പറഞ്ഞിരുന്നു. ഈ വിഷയം എങ്ങനെയും കത്തിച്ചു നിർത്തി ഉമ്മൻ ചാണ്ടി സർക്കാരിനെ താഴെയിറക്കണമെന്നായിരുന്നു ജയരാജന്റെ ആവശ്യമെന്നായിരുന്നു ഫെനി ബാലകൃഷ്ണന്‍റെ വെളിപ്പെടുത്തല്‍. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button