തിരുവനന്തപുരം: സോളര്‍ പീഡനക്കേസ് സി.ബി.ഐ അന്വേഷണത്തിനു വിടാനുള്ള തീരുമാനം എടുത്തത് ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്. 23ാം തീയതി മന്ത്രിസഭാ യോഗം ചേര്‍ന്നെങ്കിലും ഇക്കാര്യം സൂചിപ്പിച്ചില്ല. അതിനുമുന്‍പ് ചേര്‍ന്ന് യോഗത്തിലും ഈ വിഷയം ചര്‍ച്ചയ്ക്ക് വന്നില്ല.
കേസ് സിബിഐക്ക് വിട്ടതിനെതിരെ മുന്നണിയിലെ ചില ഘടകക്ഷികള്‍ക്ക് ആശങ്കയുണ്ട്. തിരിച്ചടിക്കുമെന്നു കരുതുന്നവരുമുണ്ട്. സോളര്‍ തട്ടിപ്പു കേസിലെ പ്രതിയായ വനിതയില്‍ നിന്നു ലഭിച്ച പരാതി അന്വേഷിക്കാനുള്ള അനുമതിയാണു സര്‍ക്കാര്‍ സിബിഐക്കു നല്‍കിയിരിക്കുന്നത്. ഇതു സംബന്ധിച്ച് ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഇറക്കിയ വിജ്ഞാപനം ഇനി കേന്ദ്ര പഴ്സനേല്‍ മന്ത്രാലയത്തിന് അയച്ചു കൊടുക്കും. അവര്‍ അതു സിബിഐക്കു വിടും. കേസ് ഏറ്റെടുക്കണമോയെന്നു തീരുമാനിക്കേണ്ടതു സിബിഐ ആണ്.
ടി.പി. ചന്ദ്രശേഖരന് വധത്തിന്റെയും കെ.ടി. ജയകൃഷ്ണന് വധത്തിന്റെയും പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കാന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു സിബിഐയോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ നിരസിച്ചു. ഇപ്പോഴത്തെ സര്‍ക്കാര്‍ ടൈറ്റാനിയം കേസ് സിബിഐക്കു വിട്ടെങ്കിലും അവര്‍ സ്വീകരിച്ചില്ല.