തിരുവനന്തപുരം: ലോക കേരള സഭാ സമ്മേളനത്തില്‍ താന്‍ കഴിച്ച ഭക്ഷണത്തിന് പണം നല്‍കാന്‍ തയാറാണെന്ന് ഏരിസ് ഗ്രൂപ്പ് മേധാവി സോഹന്‍ റോയി. ആരോ സ്‌പോണ്‍സര്‍ ചെയ്ത ഭക്ഷണമാണെന്നാണ് കരുതിയതെന്നും ആയിരക്കണക്കിനു രൂപ ചെലവു വരുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ വേണ്ടെന്നുവയ്ക്കുമായിരുന്നെന്നും കഴിച്ചത് ഇനി തിരിച്ചെടുക്കാന്‍ നിര്‍വ്വാഹമില്ലാത്തതു കൊണ്ട് ജനങ്ങള്‍ക്കു ഞാന്‍ വരുത്തിയ നഷ്ടം നികത്തുന്നതിലേക്കായി 2500 രൂപ സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കാന്‍ ആഗ്രഹിക്കുന്നവെന്നും പറഞ്ഞു.
ഇത്തവണത്തെ ലോക കേരള സഭയ്ക്കു പ്രത്യേക ക്ഷണിതാവായി എത്തിയപ്പോള്‍ സര്‍ക്കാരിനു സാമ്ബത്തിക ബുദ്ധിമുട്ടുണ്ടാക്കണ്ട എന്നു കരുതി മറ്റു അതിഥികള്‍ക്കു നല്‍കിയ ഫൈവ് സ്റ്റാര്‍ താമസ സൗകര്യം പോലും സ്‌നേഹപൂര്‍വ്വം നിരസിച്ചിരുന്നു.
ആദ്യ ദിവസം രാത്രിയില്‍ നിയമസഭാ മന്ദിരത്തിനകത്തു വച്ചു നടന്ന ഒത്തുചേരല്‍ വളരെ വൈകിയതു കൊണ്ട് അവിടെ തന്ന ഭക്ഷണം കഴിച്ചു. ആരോ സ്‌പോണ്‍സര്‍ ചെയ്ത ഭക്ഷണമെന്നാണു കരുതിയത്. അല്ലെങ്കില്‍ തന്നെ 500 രൂപയ്ക്കു താഴെ അതു നല്‍കാന്‍ കഴിയുന്ന നിരവധി കേറ്ററിങ് കമ്പനികള്‍ കേരളത്തിലുണ്ട്. ആയിരക്കണക്കിനു രൂപ ചെലവു വരുമെന്നറിഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും വേണ്ടെന്നു വയ്ക്കുമായിരുന്നു.
കഴിച്ചത് ഇനി തിരിച്ചെടുക്കാന്‍ നിര്‍വ്വാഹമില്ലാത്തതു കൊണ്ട് ജനങ്ങള്‍ക്കു ഞാന്‍ വരുത്തിയ നഷ്ടം നികത്തുന്നതിലേക്കായി 2500 രൂപ സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കാന്‍ ആഗ്രഹിക്കുന്നു. തിരിച്ചു വാങ്ങാന്‍ വകുപ്പില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവനയായി നല്‍കുന്നതായിരിക്കും’ – സോഹന്‍ റോയി വ്യക്തമാക്കി.