ലണ്ടൻ:തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് രാജിവെച്ചതിന് പിന്നാലെ പരിഹാസങ്ങളും ട്രോളുകളും നേരിട്ട് ഭാര്യ അക്ഷതാ മൂര്‍ത്തി. ഋഷി സുനക് രാജിക്കത്ത് നല്‍കാന്‍ ബക്കിങ്ഹാം കൊട്ടാരത്തിലെത്തിയപ്പോഴും ഡൗണിങ് സ്ട്രീറ്റില്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയപ്പോഴും അക്ഷതാ മൂര്‍ത്തി ധരിച്ച വസ്ത്രവുമായി ബന്ധപ്പെട്ടുള്ള ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ചിലര്‍ വസ്ത്രത്തിന്റെ വിലയെ കുറിച്ച് ചൂണ്ടിക്കാട്ടിയപ്പോള്‍ മറ്റുചിലര്‍ അതിന്റെ പാറ്റേണിനെ കുറിച്ചും നിറത്തെക്കുറിച്ചുമെല്ലാമാണ് ട്രോളുകളുണ്ടാക്കിയത്.
നീലയും വെള്ളയും ചുവപ്പും വരകള്‍ വരുന്ന ഒരു ഗൗണായിരുന്നു അക്ഷത ധരിച്ചിരുന്നത്. ഹൈനെക്ക് ഡിസൈനിലുള്ള ഈ ഗൗണിന് ഫുള്‍സ്ലീവാണ് നല്‍കിയിരുന്നത്. 42,000 രൂപയാണ് ഈ ഗൗണിന്റെ വില. ഇതിനൊപ്പം വെള്ള നിറത്തിലുള്ള ഒരു ഹൈ ഹീല്‍ ഷൂവും പെയര്‍ ചെയ്തു. ഡൗണിങ് സ്ട്രീറ്റില്‍ ഋഷി സുനക് വികാരനിര്‍ഭരനായി പ്രസംഗിക്കുമ്പോള്‍ പിന്നില്‍ നില്‍ക്കുകയായിരുന്ന അക്ഷതയുടെ കൈയില്‍ ഒരു കുടയുമുണ്ടായിരുന്നു.
ഈ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വളരെ വേഗത്തില്‍ പ്രചരിച്ചു. അക്ഷതയുടെ നില്‍പും ആ ഔട്ട്ഫിറ്റും ആളുകള്‍ക്ക് അത്ര രസിച്ചില്ല. അമേരിക്കന്‍ പതാക പുതച്ചാണോ അക്ഷത നില്‍ക്കുന്നതെന്നും ഡിസ്‌നിലാന്‍ഡില്‍ പ്രവേശിക്കാനുള്ള ക്യുആര്‍ കോഡാണ് അക്ഷതയുടെ ഗൗണെന്നും സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പരിഹസിക്കുന്നു. ‘അക്ഷതയുടെ വസ്ത്രം സ്റ്റീരിയോഗ്രാമാണ്, സൂക്ഷിച്ചുനോക്കിയാല്‍ കാലിഫോര്‍ണിയയിലേക്ക് ഒരു വിമാനം പോകുന്നത് കാണാം’, ‘പ്രച്ഛന്നവേഷം കെട്ടിയാണോ അക്ഷത നില്‍ക്കുന്നത്?’ എന്നിങ്ങനെ നീണ്ടുപോകുന്നു ട്രോളുകള്‍.
ബ്രിട്ടന്റെ പ്രധാനമന്ത്രിയായ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് ഋഷി സുനക്. ഇന്‍ഫോസിസിന്റെ സ്ഥാപകനും ബില്ല്യണറുമായ നാരായണ മൂര്‍ത്തിയുടെ മകളാണ് അക്ഷത. സണ്‍ഡേ ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം 2024-ലെ സമ്പന്നരായ വ്യക്തികളുടെ പട്ടികയില്‍ ഡൗണിങ് സ്ട്രീറ്റിലെ ഏറ്റവും സമ്പന്നരായ ദമ്പതികളാണ് ഋഷിയും അക്ഷതയും. ഏകദേശം ഏഴായിരം കോടി രൂപയാണ് ഇരുവരുടേയും ആസ്തി.
സ്റ്റാന്‍ഫോര്‍ഡിലെ പഠനത്തിനിടയിലാണ് ഋഷി സുനകിനെ അക്ഷത പരിചയപ്പെടുന്നത്. പിന്നീട് സൗഹൃദം പ്രണയത്തിലേക്ക് വളരുകയായിരുന്നു. 2009 ഓഗസ്റ്റ് 13-ന് ഇരുവരും ബെംഗളൂരുവിലെ ലീലാ പാലസ് ഹോട്ടലില്‍ വിവാഹിതരായി. ഇരുവര്‍ക്കും രണ്ട് കുഞ്ഞുങ്ങളാണുള്ളത്. കൃഷ്ണയും അനൗഷ്‌കയും.