ന്യൂഡല്‍ഹി: സോഷ്യല്‍മീഡിയ പ്രൊഫൈലുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ആലോചനയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. അതേസമയം സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകളും അശ്ലീലവീഡിയോകളും പ്രചരിപ്പിക്കുന്നത് തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് സര്‍ക്കാര്‍ ലോക്സഭയെ അറിയിച്ചു.
അശ്ലീല ദൃശ്യങ്ങള്‍ പ്രത്യേകിച്ച് കുട്ടികളുടേത് ഒരു ഗുരുതര ഭീഷണിയായി മാറിയിരിക്കുകയാണെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി രവിശങ്കര്‍ പ്രസാദ് ഓര്‍മ്മിപ്പിച്ചു. അശ്ലീല ദൃശ്യങ്ങള്‍ ഉപയോഗിച്ച് പ്രതികാരം ചെയ്യുന്ന പ്രവണത വരെ വര്‍ധിച്ചു വരികയാണ്. ഇതിനെ ചെറുക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ലോക്സഭയില്‍ ചോദ്യോത്തര വേളയില്‍ മന്ത്രി മറുപടി പറഞ്ഞു.
വ്യാജവാര്‍ത്തകളും അശ്ലീല ദൃശ്യങ്ങളും പ്രചരിക്കുന്നത് തടയുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ദേശവിരുദ്ധ ഉളളടക്കങ്ങള്‍ പ്രചരിക്കുന്നത് തടയുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം സോഷ്യല്‍മീഡിയ പ്രൊഫൈലുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ സര്‍ക്കാരിന് ആലോചനയില്ലെന്നും അദ്ദേഹം അറിയിച്ചു. സോഷ്യല്‍മീഡിയ പ്രൊഫൈലുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വിശദീകരിച്ചത്.