തിരുവനന്തപുരം: നടനും ബി ജെ പി നേതാവുമായ കൃഷ്ണ കുമാറിന്റെ പഴയ വീഡിയോ വിമര്‍ശനങ്ങള്‍ക്ക് വഴി വെക്കുന്നു. തന്റെ വീട്ടില്‍ പണ്ട് കാലത്ത് ആചരിച്ചിരുന്ന തൊട്ടുകൂടായ്മ സമ്പ്രദായങ്ങളെ അഭിമാനത്തോടെ അവതരിപ്പിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. പങ്കാളി സിന്ധു കൃഷ്ണയുടെ യൂട്യൂബ് പേജില്‍ പ്രസിദ്ധീകരിച്ച വീഡിയോയിലാണ് കൃഷ്ണ കുമാര്‍ തൊട്ടുകൂടായ്മയെ ന്യായീകരിക്കുന്ന പരാമര്‍ശം നടത്തിയത്.
പണ്ട് കാലത്ത് വര്‍ണാശ്രമ വ്യവസ്ഥയുടെ ഭാഗമായി പിന്നാക്ക ജാതിക്കാര്‍ക്ക് മണ്ണില്‍ കുഴി കുത്തി ഭക്ഷണം നല്‍കിയിരുന്ന രീതിയെ ആണ് വളരെ സ്വാഭാവികം എന്ന മട്ടില്‍ കൃഷ്ണ കുമാര്‍ അവതരിപ്പിക്കുന്നത്. പഴങ്കഞ്ഞിയുടെ ഗുണങ്ങളെ കുറിച്ച് പുകഴ്ത്തി പറയുന്നതിനിടെ ആണ് തൊട്ടുകൂടായ്മയുടെ പേരില്‍ പിന്നാക്ക ജാതിക്കാര്‍ക്ക് മണ്ണില്‍ കുഴി കുത്തി ഭക്ഷണം നല്‍കിയിരുന്ന രീതിയെ ഗൃഹാതുരത്വത്തിന്റെ പേരില്‍ അദ്ദേഹം വലിയ കാര്യമായി പറയുന്നത്.
വീട്ടില്‍ നല്ല ഭക്ഷണമുണ്ടായിരുന്നെങ്കിലും ജോലിക്കാര്‍ കുഴിയില്‍ നിന്ന് പ്ലാവില ഉപയോഗിച്ച് പഴങ്കഞ്ഞി കഴിക്കുന്നത് കൊതിയോടെ നോക്കി നിന്നിട്ടുണ്ടെന്നാണ് കൃഷ്ണ കുമാര്‍ പറയുന്നത്. തന്റെ അച്ഛന്‍ എഫ് എ സി ടിയില്‍ ജോലി ചെയ്തിരുന്ന കാലത്തെ കാര്യമാണ് കൃഷ്ണ കുമാര്‍ പങ്ക് വെക്കുന്നത്. കൊച്ചിയിലെ ഹോട്ടല്‍ മാരിയറ്റ് ഹോട്ടലില്‍ താമസിക്കുമ്പോള്‍ പ്രഭാത ഭക്ഷണമായി പഴങ്കഞ്ഞി ഉണ്ടായിരുന്നു.
അതുകണ്ടപ്പോള്‍ ആണ് ഈ സംഭവം ഓര്‍മയില്‍ വന്നത് എന്നും കൃഷ്ണ കുമാര്‍ കൂട്ടിച്ചേര്‍ത്തു. തൃപ്പൂണിത്തുറയില്‍ താമസിക്കുന്ന സമയത്ത് പറമ്പ് വൃത്തിയാക്കാന്‍ ആളുകള്‍ വരും. അവര്‍ രാവിലെ ഒരു കട്ടന്‍ ചായ കുടിച്ചിട്ടായിരിക്കും വരുന്നത്. പതിനൊന്ന് മണിയാകുമ്പോള്‍ അവര്‍ക്ക് കഴിക്കാന്‍ പഴഞ്ചോറ് മതി. അമ്മ കുറച്ച് പഴഞ്ചോറും കറികളും ഒക്കെ തയ്യാറാക്കി എടുത്ത് വച്ചിരിക്കും.
അവര്‍ പണി എടുക്കുന്ന പറമ്പില്‍ തന്നെ ചെറിയ കുഴി എടുത്ത് അതില്‍ വട്ടയില വെച്ച് അതിലേക്ക് കഞ്ഞിയും കറിയും ഒഴിക്കും. ചേമ്പില വിരിച്ച കുഴിയില്‍ നിന്ന് പണിക്കാര്‍ പ്ലാവില ഉപയോഗിച്ച് പഴങ്കഞ്ഞി കഴിക്കുന്നത് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും കൊതി വരും എന്നായിരുന്നു കൃഷ്ണ കുമാര്‍ പറഞ്ഞത്.
അഞ്ച് മാസം മുന്‍പാണ് വിവാദ വീഡിയോ സിന്ധു കൃഷ്ണ കുമാര്‍ തന്റെ യൂട്യൂബില്‍ അപ്ലോഡ് ചെയ്തത്. മണ്ണില്‍ പണിയെടുത്തിരുന്നവര്‍ക്ക് കുഴികുത്തി ഭക്ഷണം നല്‍കിയിരുന്നത് ഇപ്പോഴും വ്‌ളോഗിനുള്ള കണ്ടന്റ് ആകുന്നതിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ പലരും രംഗത്തെത്തിയിരുന്നു.