കൊച്ചി: രാഷ്ട്രീയ നിരീക്ഷകന്‍ എന്ന പേരില്‍ വിളിച്ചിരുത്തുന്ന ശ്രീജിത്ത് പണിക്കരെ ചാനല്‍ ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കണമെന്ന് സോഷ്യല്‍ മീഡിയ. ആലപ്പുഴയില്‍ അത്യാസന്ന നിലയിലായ കൊവിഡ് രോഗിയുടെ ജീവന്‍ രക്ഷിക്കുന്നതിനായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പിപിഇ കിറ്റ് ധരിച്ച് ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച സംഭവത്തിനെതിരെ മോശം പ്രചരണം നടത്തിയതിന് പിന്നാലെയാണ് ശ്രീജിത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയരുന്നത്.
‘ബലാത്സംഗ തമാശ’യായിട്ടും മറ്റുമായിരുന്നു സംഭവത്തെ ശ്രീജിത്ത് പണിക്കര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. കൊറോണ വൈറസിനെക്കാള്‍ ഭീകര വൈറസാണ് ശ്രീജിത്ത് എന്നും ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് ഇയാളെ ബഹിഷ്‌ക്കരിക്കാന്‍ കേരളത്തിലെ ചാനലുകള്‍ തയ്യാറാവണമെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ക്യാംപെയിന്‍.
മാധ്യമപ്രവര്‍ത്തകരായ കെഎ ഷാജി, കെജെ ജേക്കബ് തുടങ്ങിയവരും ശ്രീജിത്ത് പണിക്കര്‍ക്കെതിരെ രംഗത്ത് എത്തി. ഒരു ആദര്‍ശവുമില്ലാത്ത പേ പിടിച്ചൊരു തെരുവ് നായയെ ആണ് മടിയിലിരുത്തി ഭക്ഷണം കൊടുക്കുന്നതെന്നും അത് വൈകാതെ തിരിച്ചു കടിക്കുമെന്ന് ഓര്‍ക്കണമെന്ന് മലയാളത്തിലെ പ്രമുഖ വാര്‍ത്താ മാധ്യമങ്ങളെ ടാഗ് ചെയ്തുകൊണ്ട് ആര്‍ജെ സലീം ഫേസ്ബുക്കില്‍ കുറിച്ചു.
കൊറോണയേക്കാള്‍ ഭീകരമായ ഒരു വൈറസ് കേരളത്തില്‍ കണ്ടെത്തി: പണിക്കേഴ്സ് വൈറസ്. സഹജീവികളോടുള്ള അങ്ങേയറ്റത്തെ വെറുപ്പും വിദ്വേഷവുമാണ് ലക്ഷണമെന്നുമാണ് മാധ്യമപ്രവര്‍ത്തകന്‍ കെഎ ഷാജി ഫേസ്ബുക്കില്‍ എഴുതിയത്.
ശ്രീജിത്ത് പണിക്കര്‍ പങ്കെടുക്കുന്ന ചാനല്‍ ചര്‍ച്ചകളില്‍ നിന്നും ഇടത് നിരീക്ഷകര്‍ മാറി നില്‍ക്കണമെന്ന അഭിപ്രായവും ഉയരുന്നു. ശ്രീജിത്ത് പണിക്കര്‍ക്കൊപ്പം വേദി പങ്കിടുന്നത് അപകടകാരിയായ ഒരു സാമൂഹിക ദ്രോഹിക്കൊപ്പം വേദി പങ്കിടുന്നതിന് തുല്യമാണെന്ന് ജോജി വര്‍ഗീസ് എന്നയാള്‍ ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടു.
കോവിഡ്-19 രോഗിയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച സംഭവത്തില്‍ ന്യായീകരണ ക്യാപ്‌സ്യൂള്‍ എന്ന പേരിലായിരുന്നു ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്. സര്‍ക്കാരിനെ അപമാനിക്കാനുള്ള ഇത്തരം കുത്സിത റിപ്പോര്‍ട്ടിംഗ് അവസാനിപ്പിക്കണമെന്നും ശരിയായ ഉദ്ദേശം മാത്രമാണ് ബൈക്ക് ആംബുലന്‍സിന് പിന്നില്‍ ഉള്ളതെന്നും ശ്രീജിത്ത് പരിഹാസ രൂപേണ പറയുന്നു.
”ആംബുലന്‍സ് ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ ചുമതലയിലുള്ള ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്നും ബൈക്കില്‍ കോവിഡ് രോഗിയെ ആശുപത്രിയില്‍ എത്തിച്ചെന്ന വാര്‍ത്ത കണ്ടു.
സര്‍ക്കാരിനെ അപമാനിക്കാനുള്ള ഇത്തരം കുത്സിത റിപ്പോര്‍ട്ടിങ് അവസാനിപ്പിക്കണം. ശരിയായ ഉദ്ദേശമാണ് ബൈക്ക് ആംബുലന്‍സിനു പിന്നില്‍ ഉള്ളത്.
[1] ആംബുലന്‍സ് അടച്ചിട്ട വാഹനമാണ്. അതില്‍ രോഗിക്ക് ശ്വാസംമുട്ട് അനുഭവപ്പെട്ടാല്‍ ആര് സമാധാനം പറയും, പ്രത്യേകിച്ച് ഓക്‌സിജന്‍ സിലിണ്ടര്‍ ക്ഷാമം ഉള്ളപ്പോള്‍. ബൈക്ക് തുറസ്സായ വാഹനമാണ്. യഥേഷ്ടം ഓക്‌സിജന്‍ വലിച്ചു കയറ്റാം.
[2] നിലവിളിശബ്ദം ഇട്ടാലും ആംബുലന്‍സ് ആയാല്‍ മാര്‍ഗ്ഗമധ്യേ തടസ്സങ്ങള്‍ ഉണ്ടായേക്കാം. ബൈക്ക് ഊടുവഴികളിലൂടെ ശടേന്ന് ആശുപത്രിയില്‍ എത്തും.
[3] ഓടിക്കുന്ന ആളിനും പിന്നില്‍ ഇരിക്കുന്ന ആളിനും മദ്ധ്യേ രോഗിയെ വെച്ചിരിക്കുന്നതിനാല്‍ ആവശ്യമായ പരിചരണവും കരുതലും ഒപ്പമുണ്ട്. രണ്ടു പീസ് ബ്രഡിന്റെ ഇടയില്‍ ജാം തേച്ചത് സങ്കല്പിക്കുക.
[4] വര്‍ധിച്ചുവരുന്ന ഇന്ധനവില കാരണം ബൈക്കാണ് കൂടുതല്‍ ലാഭകരം. മെയിന്റനന്‍സ് കുറവ്. പ്രകൃതി സംരക്ഷണം. കൂടുതല്‍ വാഹന ലഭ്യത. പാര്‍ക്കിങ് സൗകര്യം. എമര്‍ജന്‍സി റൂമിനുള്ളിലേക്ക് ഓടിച്ചുകയറ്റാമെന്ന സൗകര്യം. തന്നെയുമല്ല, ആലപ്പുഴയ്ക്ക് മുകളിലെ ഓസോണ്‍ പാളിയിലെ വിള്ളല്‍ വരെ ഈ ഒറ്റ സംഭവം കൊണ്ട് അടഞ്ഞത്രേ.
[5] ഏറ്റവും പ്രധാനം. ആംബുലന്‍സില്‍ രോഗി മാനഭംഗപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ബൈക്കില്‍ അതിനുള്ള അവസരമില്ല. ആളിന്റെ ജീവനും മാനവും സംരക്ഷിക്കപ്പെടും.
ബഹുമാനിക്കാന്‍ പഠിക്കെടോ.
(മൂന്നു നേരം ഓരോന്ന് വീതം വിഴുങ്ങാനുള്ള ക്യാപ്‌സൂള്‍”