FeaturedKeralaNews

കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ അനുവദിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. പുതിയതായി 1.84 ലക്ഷം ഡോസ് വാക്‌സിനുകള്‍ കൂടിയാണ് അനുവദിച്ചത്. ഇതോടെ കേരളത്തിന് ലഭിച്ച വാക്‌സിനുകളുടെ എണ്ണം 78.97 ലക്ഷമായി. മൂന്നു ദിവസത്തിനകം കേരളത്തിന് വാക്‌സിന്‍ വിതരണം ചെയ്യാനാണ് തീരുമാനം. സൗജന്യമായാണ് ഈ വാക്‌സിന്‍ നല്‍കിയതെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

സംസ്ഥാനങ്ങള്‍ക്ക് 53.25 ലക്ഷം ഡോസ് വാക്‌സിന്‍ കൂടിയാണ് കേന്ദ്രം വിതരണം ചെയ്യുന്നത്. ഇനിയും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി 84 ലക്ഷം ഡോസ് വാക്‌സിനുണ്ടെന്നുമാണ് കേന്ദ്രം പറയുന്നത്.

അതേസമയം ഡിആര്‍ഡിഒ വികസിപ്പിച്ച 2-ഡിജി മരുന്ന് കൊവിഡ് ബാധിതര്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കി. ഡിസിജിഐ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി. രോഗമുക്തി വേഗത്തിലാക്കാന്‍ മരുന്ന് സഹായിക്കുമെന്ന് ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ തെളിയിച്ച സാഹചര്യത്തിലാണ് അനുമതി. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയ്ക്ക് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ മെഡിസിന്‍ ആന്‍ഡ് അലൈഡ് സയന്‍സ് വികസിപ്പിച്ചെടുത്ത മരുന്നിനാണ് കൊവിഡ് രോഗികളില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചത്.

2- ഡിഓക്സി ഡി ഗ്ലൂകോസ് അഥവാ 2-ഡിജി എന്നാണ് മരുന്നിന് പേര് നല്‍കിയിരിക്കുന്നത്. ഹൈദരാബാദിലെ ഡോക്ടര്‍ റെഡ്ഡീസ് ലബോറട്ടറിസുമായി സഹകരിച്ചാണ് മരുന്ന് നിര്‍മിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളുടെ രോഗമുക്തി വേഗത്തിലാക്കാനും ഓക്സിജന്‍ ആശ്രിതത്വം കുറക്കാനും 2-ഡിജി മരുന്നിന് കഴിയുമെന്ന് ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ തെളിയിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പൊടി രൂപത്തിലുള്ള മരുന്ന് വെള്ളത്തില്‍ കലക്കിയാണ് ഉപയോഗിക്കുന്നത്. 2-ഡിജി മരുന്ന് വൈറസ് ബാധിച്ച കോശങ്ങളില്‍ അടിഞ്ഞു കൂടി വൈറസിന്റെ വളര്‍ച്ച തടയുന്നുവെന്ന് പരീക്ഷണങ്ങളില്‍ കണ്ടെത്തിയതായി സര്‍ക്കാര്‍ അറിയിച്ചു.

കൊവിഡ് ഒന്നാം തരംഗത്തിന്റ ഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം അനുസരിച്ചാണ് 2020 ഏപ്രിലില്‍ ഡിആര്‍ഡിഒ ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്കുലാര്‍ ബയോളജിയുടെ സഹായത്തോടെ മരുന്നിനായുള്ള പരീക്ഷണങ്ങള്‍ ആരംഭിച്ചത്.

2020 മെയ് മാസത്തില്‍ മരുന്നിന്റെ രണ്ടാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് അനുമതി ലഭിച്ചു. 2021 മാര്‍ച്ചിലാണ് മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഗ്ലൂക്കോസിന്റെ ജനറിക് തന്മാത്രയും അനലോഗുമായതിനാല്‍ മരുന്ന് എളുപ്പത്തില്‍ നിര്‍മിച്ചു. രാജ്യത്ത് ആവശ്യാനുസരണം ലഭ്യമാക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker