പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ നിശബ്ദ പ്രചാരണം പുരോഗമിക്കവെ ഉയർന്ന പണമിടപാട് ആരോപണങ്ങളിൽ രൂക്ഷമായ പ്രതികരണവുമായി ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. ഒരു സ്ത്രീ എന്ന നിലയിൽ തന്നെയും പാലക്കാട്ടെ ആത്മാഭിമാനമുള്ള വോട്ടർമാരെയും അപമാനിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് രാഷ്ട്രീയ എതിരാളികളും ചില മാധ്യമങ്ങളും ചേർന്ന് നടത്തുന്നതെന്ന് അവർ ആരോപിച്ചു. കണ്ണാടിയിൽ ബിജെപി പ്രവർത്തകർ പണം വിതരണം ചെയ്തു എന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണ്. പത്താമത്തെ തിരഞ്ഞെടുപ്പിനെ നേരിടുന്ന തനിക്ക് ചട്ടങ്ങൾ കൃത്യമായി അറിയാമെന്നും വിജയമുറപ്പായപ്പോൾ അത് തകർക്കാൻ മെനഞ്ഞെടുത്ത തിരക്കഥയാണിതെന്നും ശോഭ മാധ്യമങ്ങളോട് പറഞ്ഞു.
പിരായിരി പഞ്ചായത്തിലെ ഒരു ഓട്ടോറിക്ഷ സ്റ്റാൻഡിൽ ക്യാൻസർ രോഗിയെയും കുടുംബത്തെയും കാണാൻ പോയതിനെയാണ് പണം നൽകാനായി എത്തിയതെന്ന രീതിയിൽ ചിലർ വളച്ചൊടിച്ചതെന്ന് ശോഭ വിശദീകരിച്ചു. തന്നോടും കൂടെയുണ്ടായിരുന്ന പ്രമീള എന്ന സ്ത്രീയോടും ഒരു സംഘം യുവാക്കൾ അതീവ മോശമായി പെരുമാറിയതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. തന്റെ അമ്മയുടെ പ്രായമുള്ള സ്ത്രീയോട് ലൈംഗികാധിക്ഷേപം നടത്തുന്ന രീതിയിലുള്ള ആംഗ്യങ്ങൾ ഒരു യുവാവ് ആവർത്തിച്ചപ്പോഴാണ് താൻ കാർ നിർത്തി പുറത്തിറങ്ങിയതെന്നും അവർ അവകാശപ്പെട്ടു. ഇത്തരം നീചമായ പ്രവർത്തികൾ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ചെയ്യുന്നത് ജനാധിപത്യത്തിന് നാണക്കേടാണെന്ന് അവർ കുറ്റപ്പെടുത്തി.
തങ്ങളെ പിന്തുടർന്ന കാറിലുണ്ടായിരുന്ന വ്യക്തി വിനേഷ് സർഗ്ഗ എന്നയാളാണെന്നും ഇയാൾ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും ശോഭ ആരോപിച്ചു. ഒരു സഹകരണ സംഘത്തിലൂടെ നൂറുകണക്കിന് ആളുകളെ പറ്റിച്ച കേസിൽ പ്രതിയായ ഇയാൾ ഗുണ്ടകളെയും കൂട്ടി തന്നെ അപമാനിക്കാനാണ് എത്തിയതെന്ന് അവർ പറഞ്ഞു. വിനേഷ് സർഗ്ഗയെ ഉടൻ കസ്റ്റഡിയിൽ എടുക്കണമെന്നും ഇയാൾ ഒരു മണിക്കൂറോളം തന്നെ പിന്തുടർന്നു എന്നും ചൂണ്ടിക്കാട്ടി പോലീസിന് പരാതി നൽകിയിട്ടുണ്ട്. ഒരു സ്ഥാനാർത്ഥിക്ക് പോലും സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ് കോൺഗ്രസ് പ്രവർത്തകർ മണ്ഡലത്തിൽ ഉണ്ടാക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
മാധ്യമങ്ങൾ പുറത്തുവിട്ട ദൃശ്യങ്ങളിൽ തന്റെ കാറിൽ ഒരു ‘അജ്ഞാത സ്ത്രീ’ ഉണ്ടായിരുന്നുവെന്ന വാദത്തെ ശോഭ ശക്തമായി നിഷേധിച്ചു. തന്റെ കാറിൽ താനും പ്രമീള ചേച്ചിയും അല്ലാതെ മറ്റാരുമില്ലായിരുന്നു. ദൃശ്യങ്ങളിലുള്ള വെളുത്ത ചുരിദാർ ധരിച്ച സ്ത്രീ ആരുടെ കൂടെയെത്തിയതാണെന്ന് ആരോപണം ഉന്നയിക്കുന്നവർ വ്യക്തമാക്കണം. തന്റെ കാറിൽ ഇല്ലാത്ത ഒരു സ്ത്രീയുടെ ദൃശ്യങ്ങൾ എങ്ങനെയാണ് ഒരു ചാനലിന് മാത്രം തത്സമയം ലഭിച്ചതെന്നും ആ സ്ത്രീയുടെ മുഖം വെളിപ്പെടുത്താൻ മാധ്യമങ്ങൾ തയ്യാറാകണമെന്നും അവർ വെല്ലുവിളിച്ചു. മോർഫ് ചെയ്ത ദൃശ്യങ്ങൾ ഉപയോഗിച്ചാണോ പ്രചാരണം നടത്തുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
പണം സ്വീകരിച്ചു എന്ന് ആരോപിക്കപ്പെട്ട വീട്ടമ്മ തന്നെ ആരോപണങ്ങൾ നിഷേധിച്ചതോടെ എതിരാളികളുടെ കഥ പൊളിഞ്ഞുവെന്ന് ശോഭ അവകാശപ്പെട്ടു. രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ആ പാവപ്പെട്ട കുടുംബത്തെയും വയോധികയെയും സമ്മർദ്ദത്തിലാക്കാനാണ് കോൺഗ്രസുകാരും മാർക്സിസ്റ്റുകാരും ശ്രമിച്ചത്. കയ്യിലുണ്ടായിരുന്നത് തന്റെ പെൻഷൻ തുകയാണെന്ന് ആ അമ്മ വ്യക്തമാക്കിയതോടെ ബിജെപിക്കെതിരായ ഗൂഢാലോചന പുറത്തുവന്നു. വോട്ടർമാരെ പണം നൽകി സ്വാധീനിക്കേണ്ട ഗതികേട് ബിജെപിക്കില്ലെന്നും ജനങ്ങളുടെ പിന്തുണയാണ് തങ്ങളുടെ കരുത്തെന്നും ശോഭ ആവർത്തിച്ചു.
പാലക്കാട്ടെ വോട്ടർമാർ പണം വാങ്ങി വോട്ട് ചെയ്യുന്നവരാണെന്ന് ചിത്രീകരിച്ച് അവരെ മുഴുവൻ മാധ്യമങ്ങൾ അപമാനിച്ചുവെന്നും ശോഭ കുറ്റപ്പെടുത്തി. ഈ മണ്ഡലത്തിലെ ജനങ്ങളെ അധിക്ഷേപിക്കുന്ന നിലപാടിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണം. ഇത്തരം ചീപ്പ് രാഷ്ട്രീയ വിവാദങ്ങൾ കൊണ്ട് തന്നെ തളർത്താനാവില്ല. സ്ത്രീത്വത്തെ അപമാനിക്കുന്നവർക്ക് പാലക്കാട്ടെ വോട്ടർമാർ ബാലറ്റിലൂടെ മറുപടി നൽകും. വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും അവർ വ്യക്തമാക്കി.
സംഭവത്തിൽ താൻ നൽകിയ പരാതിയിൽ പോലീസ് അടിയന്തര നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ശോഭ പറഞ്ഞു. സ്ഥാനാർത്ഥിയെ പിന്തുടരുന്നതും ആക്ഷേപിക്കുന്നതും കടുത്ത കുറ്റകൃത്യമാണ്. ഇതിന് പിന്നിൽ പ്രവർത്തിച്ച ഉന്നത കോൺഗ്രസ് നേതാക്കളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നു എന്ന ആരോപണം ഉന്നയിക്കുന്നവർ സ്വന്തം പരാജയം സമ്മതിച്ചു കഴിഞ്ഞു. നാളെ പോളിംഗ് ബൂത്തിലെത്തുമ്പോൾ പാലക്കാട്ടെ ജനങ്ങൾ സത്യം തിരിച്ചറിയുമെന്നും ശോഭാ സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
BJP candidate Sobha Surendran has strongly denied the cash distribution allegations in Palakkad, calling it a scripted move by political rivals to insult her and the voters. She claimed that the controversy began when a group of youths, led by a person with a criminal background, harassed her and an elderly companion during her visit to a cancer patient’s family. Sobha also challenged media outlets to reveal the identity of the “mysterious woman” alleged to be in her car, asserting that only she and her companion were present.


