CrimeKeralaNews

കോളേജ് കാല പ്രണയം,അരുണും അനുഷയും വേറെ വിവാഹം കഴിച്ചത് വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന്; വിവാഹശേഷവും ബന്ധം തുടർന്നു

തിരുവല്ല: പ്രസവിച്ചു കിടന്ന യുവതിയെ ആശുപത്രിയിൽ നഴ്സിന്റെ വേഷത്തിലെത്തി ഞരമ്പിൽ വായു കുത്തി വച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതു കാമുകന്റെ സ്നേഹം പിടിച്ചു പറ്റാനെന്നു പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. കാമുകൻ അരുണിന്റെ ഭാര്യയായ സ്നേഹയെ കൊല്ലാൻ ഉറപ്പിച്ചാണു കാർത്തികപ്പള്ളി കണ്ടല്ലൂർ വെട്ടത്തേരിൽ എസ്.അനുഷ (30) ആശുപത്രിയിലെത്തിയതെന്നു പൊലീസ് പറഞ്ഞു. 

അരുൺ തന്നിൽ നിന്ന് അകലുന്നുവെന്ന തോന്നലാണു അനുഷയെ ഇതിലേക്കു നയിച്ചത്. സംഭവത്തിൽ അരുണിനു നേരിട്ടു പങ്കില്ലെന്നു പൊലീസ് പറയുന്നുണ്ടെങ്കിലും  അനുഷയും അരുണും തമ്മിൽ വർഷങ്ങളുടെ പരിചയമുണ്ട്.  ഇവർ തമ്മിൽ സ്ഥിരമായി വാട്സാപ്പിൽ ചാറ്റ് ചെയ്യാറുണ്ട്. സംഭവ ശേഷം 2 പേരുടെയും ഫോണിൽ നിന്നു ചാറ്റുകളെല്ലാം നീക്കിയ നിലയിലാണ്. ഇവ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണു പൊലീസ്. അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. 

വൈദ്യശാസ്ത്രത്തിൽ അറിവുള്ള അനുഷ പൂർണ ബോധ്യത്തോടെയാണ് ഈ രീതി അവംലബിച്ചതെന്നു പൊലീസ് പറഞ്ഞു. അനുഷയ്ക്കെതിരേ ആൾമാറാട്ടം, വധശ്രമം, ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന രീതിയിൽ അതിക്രമിച്ചു കടക്കുക എന്നീ കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. അരുണിനും അനുഷയ്ക്കും വിവാഹം കഴിക്കാൻ താൽപര്യമുണ്ടായിരുന്നെങ്കിലും വീട്ടുകാരുടെ എതിർപ്പിനെ തുടർന്നു  നടന്നില്ല. പിന്നീട് ഇരുവരും വേറെ വിവാഹം കഴിച്ചെങ്കിലും ബന്ധം തുടർന്നു.  

അനുഷയുടെ ആദ്യ വിവാഹം കൊല്ലം നീണ്ടകര സ്വദേശിയുമായിട്ടായിരുന്നു. 7 മാസം മാത്രമാണ് ഈ ബന്ധം നീണ്ടത്. അനുഷയുടെ പെരുമാറ്റം പ്രശ്നങ്ങൾ സൃഷ്ടിച്ചു. അരുണുമായി ബന്ധം തുടർന്നതും വിവാഹം വേർപിരിയാൻ കാരണമായി. അനുഷയുടെ രണ്ടാം വിവാഹം 7 മാസം മുൻപായിരുന്നു. ഗൾഫിൽ ജോലിയുള്ളയാളാണ് ഭർത്താവ്.

ഈ വിവാഹത്തിൽ അരുണും സ്നേഹയും പങ്കെടുത്തിരുന്നു. ആദ്യ വിവാഹം വേർപ്പെടുത്തിയപ്പോൾ തന്നെ അരുണിനൊപ്പം ജീവിക്കാൻ അനുഷ ആഗ്രഹിച്ചിരുന്നു. തന്റെ സ്നേഹം അറിയിക്കാനുള്ള  മാർഗമായാണു അരുണിന്റെ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്നു പൊലീസ് പറഞ്ഞു. റിമാൻഡിലുള്ള അനുഷയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്നു പൊലീസ് ഇൻസ്പെക്ടർ ഇ.അജീബ് പറഞ്ഞു.

ആശുപത്രിയിൽ സ്നേഹയ്ക്കും കുഞ്ഞിനും സമീപം അനുഷ എത്തിയത് കൃത്യമായ പദ്ധതി തയാറാക്കിയതിനു ശേഷം. ആശുപത്രിയിലേക്കു വരുന്ന വിവരം അരുണിനെ മുൻകൂട്ടി അറിയിച്ചിരുന്നെന്ന് അനുഷ പൊലീസിനു മൊഴി നൽകി. തന്റെ  ഇളയച്ഛൻ ഇതേ ആശുപത്രിയിലുണ്ടെന്നും കാണാൻ വരുമ്പോൾ കുഞ്ഞിനെ കൂടി കാണണമെന്നുമാണ് അരുണിനോടു പറഞ്ഞത്. 

വെള്ളി ഉച്ചയ്ക്കുശേഷം പരുമലയിലെ ആശുപത്രിയിലെത്തി. പെട്ടെന്നു തിരിച്ചറിയാതിരിക്കാൻ മാസ്കും തലയിൽ തട്ടവുമിട്ടിരുന്നു. ആശുപത്രിയിലെത്തി പ്രസവ വാർഡ് എവിടെയെന്നു തിരക്കി. വാർഡിലെത്തി സ്നേഹയുടെ പേരു പറഞ്ഞ് മുറി കണ്ടെത്തി. അകത്തു കയറിയപ്പോൾ സ്നേഹ മാത്രമാണുണ്ടായിരുന്നത്. കട്ടിലിൽ കിടക്കുകയായിരുന്ന സ്നേഹയോട് ഒരു കുത്തിവയ്പ് കൂടിയുണ്ടെന്നു പറഞ്ഞു. സ്നേഹയ്ക്ക് അനുഷയെ നേരത്തേ കണ്ടു പരിചയമുണ്ടായിരുന്നെങ്കിലും മാസ്കും തലയിലെ തട്ടവും കാരണം ആളെ മനസ്സിലായില്ല.

ആദ്യം കുത്തിയപ്പോൾ ഞരമ്പ് കിട്ടാതെ വന്നതോടെ വീണ്ടും കുത്തി. ഇതും ശരിയായില്ല. മൂന്നാമതും കുത്തിയപ്പോഴാണ് സ്നേഹ സിറിഞ്ചിൽ മരുന്ന് ഇല്ലെന്നു കണ്ടത്. സംശയം തോന്നി അമ്മയെ വിളിച്ചു. മുറിക്കു പുറത്ത് നിൽക്കുകയായിരുന്ന അമ്മ അകത്തുകയറിയപ്പോൾ ഇവർ രക്ഷപ്പെടാൻ ശ്രമിച്ചു. ഉടനെ ആശുപത്രിയിലെ മറ്റു ജീവനക്കാർ ചേർന്ന് ഇവരെ തടഞ്ഞുവച്ച് പൊലീസിനെ ഏൽപിക്കുകയായിരുന്നു. 

ബിഫാം പഠനം പൂർത്തിയാക്കിയ അനുഷ, ശരീരത്തിലെ ഞരമ്പിലേക്കു വായു കുത്തിവച്ചാൽ മരണംവരെ സംഭവിക്കുമെന്നാണ് മനസ്സിലാക്കിയിരുന്നതെന്നും പൊലീസിനു മൊഴി നൽകി. കഴിഞ്ഞ മാസം 26നാണ് സ്നേഹയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒന്നാം തീയതി പെൺകുഞ്ഞിനെ പ്രസവിച്ചു. അക്രമ സംഭവത്തെ തുടർന്നു ഇവർ ഇപ്പോഴും ആശുപ്രത്രിയിൽ തുടരുകയാണ്. അനുഷയുമായി കായംകുളത്തും പുല്ലുകുളങ്ങരയിലും  തെളിവെടുപ്പു നടത്തി. അനുഷ വെളുത്ത കോട്ട് വാങ്ങിയ കായംകുളത്തെ വസ്ത്രശാലയിലും സിറിഞ്ചും പഞ്ഞിയും വാങ്ങിയ പുല്ലുകുളങ്ങരയിലെ മെഡിക്കൽ സ്റ്റോറിലുമാണ്  എത്തിച്ചത്.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button