കോഴിക്കോട് ; തിരുവനന്തപുരം – നിസാമുദ്ദീൻ എക്സ്പ്രസിൽ പാമ്പിനെ കണ്ടതു പരിഭ്രാന്തി പരത്തി. ഇന്നലെ രാത്രിയാണു സംഭവം. ട്രെയിൻ തിരൂരിലെത്തിയപ്പോഴാണു പാമ്പിനെ കണ്ടത്. എസ്– 5 സ്‌ലീപ്പർ കംപാർട്മെന്റ് 28, 31 എന്നീ ബെർത്തുകൾക്കു സമീപമായിരുന്നു പാമ്പ്. കണ്ണൂർ സ്വദേശി പി.നിസാറിന്റെ ഭാര്യ ഹൈറുന്നീസയും ഒരു പെൺകുട്ടിയുമാണ് പാമ്പിനെ ആദ്യം കണ്ടത്.
ഇതോടെ യാത്രക്കാർ ബഹളം വച്ചു. യാത്രക്കാരിലൊരാൾ വടികൊണ്ട് പാമ്പിനെ കുത്തിപ്പിടിച്ചെങ്കിലും കൊല്ലരുതെന്നു പറഞ്ഞു ചിലർ ബഹളം വച്ചു. യാത്രക്കാരൻ ഉടനെ പാമ്പിനെ ദേഹത്തു നിന്നും വടിമാറ്റി. ഉടനെ പാമ്പ് കംപാർട്മെന്റിലൂടെ മുന്നോട്ടു പോയി.
10.15ന് ട്രെയിൻ കോഴിക്കോട് എത്തിയ ഉടനെ അധികൃർ പരിശോധന നടത്തി. ഇവിടെ എത്തിയ ഉടനെ പാമ്പിനെ കണ്ടു പരിശോധനാ സംഘത്തിലെ ഒരാൾ വടികൊണ്ട് കുത്തിപ്പിടിച്ചെങ്കിലും പാമ്പ് തെന്നിപ്പോയി.
തുടർന്ന് യാത്രക്കാരോടെല്ലാം പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. മുക്കാൽ മണിക്കൂറിലേറെ പരിശോധന നടത്തിയെങ്കിലും പിന്നീട് കണ്ടെത്താനായില്ല. യാത്രക്കാരുടെ ബാഗുകൾ പരിശോധിച്ചു. അതിലും പാമ്പിനെ കണ്ടില്ല.