ഡബ്ലിൻ: അയർലൻഡിനെതിരായ ആദ്യ ട്വന്റി20യിൽ ഇന്ത്യൻ പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ചില്ലെങ്കിലും മാലാഹിദെ ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടിൽ ‘നിറസാന്നിധ്യ’മായി മലയാളി താരം സഞ്ജു സാംസൺ. സ്റ്റേഡിയത്തിൽ കളി കാണാനെത്തിയ ഇന്ത്യൻ ആരാധകർക്കൊപ്പമുള്ള സഞ്ജുവിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
https://twitter.com/DaebakankitaF/status/1541646430007447553?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1541646430007447553%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramaonline.com%2Fsports%2Fcricket%2F2022%2F06%2F28%2Fsanju-samson-delights-fans-in-india-vs-ireland-heart-warming-gesture.html
ഐറിഷ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാനായെങ്കിലും ഇഷാൻ കിഷൻ, ദിനേഷ് കാർത്തിക് എന്നീ വിക്കറ്റ് കീപ്പർ ബാറ്റർമാരെ മറികടന്ന് ആദ്യ മത്സരത്തിലെ പ്ലേയിങ് ഇലവനിലെത്താൻ സഞ്ജുവിനു കഴിഞ്ഞിരുന്നില്ല. ഒന്നാം നമ്പർ കീപ്പർ ഋഷഭ് പന്തിന്റെ അസാന്നിധ്യത്തിൽ ദിനേഷ് കാർത്തികാണ് അയർലൻഡിനെതിരെ വിക്കറ്റ് കാത്തത്.
ബാറ്ററായി മാത്രം കളിച്ച ഇഷാൻ കിഷനാകട്ടെ, ഓപ്പണർ സ്ഥാനത്തേക്കു ശക്തമായ അവകാശ വാദമാണ് ഉന്നയിക്കുന്നത്. ട്വന്റി20 ക്രിക്കറ്റിലെ ആദ്യ ചോയ്സ് ഓപ്പണർമാരായ രോഹിത് ശർമ– കെ.എൽ. രാഹുൽ സഖ്യത്തെത്തന്നെയാകുമോ ട്വന്റി20 ലോകകപ്പിൽ ഇന്ത്യ ആശ്രയിക്കുക എന്നും ആരാധകർ ഉറ്റുനോക്കുന്നു. ഈ വർഷത്തെ ട്വന്റി20 മത്സരങ്ങളിൽ ഏറ്റവും അധികം റൺസ് നേടിയ ഇന്ത്യൻ താരമാണ് ഇഷാൻ. ട്വന്റി20 ബാറ്റർമാരുടെ റാങ്കിങ്ങിൽ ആദ്യ പത്തിൽ ഇടംപിടിച്ച ഒരേയൊരു ഇന്ത്യൻ താരവും ഇഷാൻതന്നെ.
അതേസമയം, ധരംശാലയിൽ ശ്രീലങ്കയ്ക്കെതിരെ കഴിഞ്ഞ ഫെബ്രുവരിയിലാണ് സഞ്ജു ഏറ്റവും ഒടുവിലായി ഇന്ത്യയ്ക്കായി കളിച്ചത്. 13 രാജ്യാന്തര ട്വന്റി20 മത്സരങ്ങളിൽ 121.67 സ്ട്രൈക്ക് റേറ്റിൽ 174 റൺസാണു സഞ്ജുവിന്റെ അക്കൗണ്ടിലുള്ളത്. പന്തിന്റെ അസാന്നിധ്യത്തിൽ ദിനേഷ് കാർത്തികാണു വിക്കറ്റ് കാക്കുന്നത് എന്നതു ഇന്ത്യൻ ടീം സിലക്‌ഷനുതന്നെ വലിയ സന്ദേശമാണു നൽകുന്നതെന്നു മുൻ ഇന്ത്യൻ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്രയും അഭിപ്രായപ്പെട്ടിരുന്നു.