28.9 C
Kottayam
Thursday, May 2, 2024

സ്വർണക്കടത്തു കേസിലെ പ്രതിക്ക് സഹായം നൽകുന്നത് ആർഎസ്എസ് ബന്ധമുള്ളവർ: മുഖ്യമന്ത്രി

Must read

തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി തിരുത്തിക്കാൻ ശ്രമിച്ചെന്ന ആരോപണം വസ്തുത വച്ചാണോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര പ്രമേയ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രഹസ്യമൊഴിയിലെ വിവരങ്ങൾ പ്രമേയ അവതാരകർക്ക് എങ്ങനെ കിട്ടിയെന്ന് ചോദിച്ച മുഖ്യമന്ത്രി, സ്വപ്നയ്ക്കു പിന്നിൽ സംഘപരിവാർ ബന്ധമുള്ള സംഘടനയെന്നും പറഞ്ഞു.

മൊഴി നൽകാൻ സമ്മർദമുണ്ടെങ്കിൽ കണ്ടെത്തണം. പ്രതിക്കുമേൽ സമ്മർദമുണ്ടെങ്കിൽ അന്വേഷിക്കണമെന്നതാണ് നിലപാട്. അന്വേഷണം വേണ്ട എന്ന നിലപാടില്ല, സുതാര്യമായ അന്വേഷണമാണ് നടക്കുന്നത്. ഒരു കാര്യത്തിലും ഇടനിലക്കാരെ ഉപയോഗിക്കേണ്ട കാര്യം സർക്കാരിനില്ല. ഇടനിലക്കാർ എന്നത് കെട്ടുകഥ മാത്രമാണ്. പ്രതിപക്ഷത്തിന്റെ തിരക്കഥയിലെ സൃഷ്ടിയാണ് ഇടനിലക്കാരൻ. ഇടനിലക്കാരനായി വന്നയാൾക്ക് കോൺഗ്രസ് ബന്ധമാണ്.

ബിജെപിയും പ്രതിപക്ഷവും തമ്മിൽ കൂട്ടുകച്ചവടമാണ്. സംഘപരിവാറിന് ഇഷ്ടപെടാത്തതൊന്നും പ്രതിപക്ഷം ചോദിക്കില്ല. ബിജെപിക്ക് സ്വീകാര്യരാകാൻ പ്രതിപക്ഷം ശ്രമിക്കുന്നു. സ്വപ്നയ്ക്ക് ജോലികിട്ടിയതും ആ സ്ഥാപനത്തെ കുറിച്ചും പ്രതിപക്ഷം ഒന്നും ചോദിക്കില്ല. എൻഫോഴ്സ്മെന്റിന് (ഇഡി) ഒരു വിശ്വാസ്യതയും ഇല്ലെന്ന് പറയുന്ന കോൺഗ്രസിന് ഇവിടെ നിലപാട് മറിച്ചാണ്. 

സ്വർണക്കടത്തു കേസിലെ പ്രതിക്ക് എല്ലാ സഹായവും നൽകുന്നത് ആർഎസ്എസ് ബന്ധമുള്ളവരാണ്. ജോലിയും കൂലിയും വക്കീലും സുരക്ഷയും അവരുടെ വക. അത്തരമൊരു വ്യക്തിയുടെ മൊഴി പ്രതിപക്ഷത്തിന് വേദവാക്യമാണ്. ജയിലില്‍ കിടന്നപ്പോൾ ഇവർ മറ്റൊന്നാണ് പറഞ്ഞത്. ചില പ്രത്യേക ലക്ഷ്യങ്ങളോടെയാണ് പ്രതിയുടെ വെളിപ്പെടുത്തൽ. സസ്പെൻസ് നിലനിർത്തി നടത്തുന്ന വെളിപ്പെടുത്തൽ അതിന്റെ ഭാഗമാണ്. അതിന്റെ സത്യം തേടുന്നതിൽ എന്തിനാണ് വേവലാതി.

സംസ്ഥാനത്തെ അന്തരീക്ഷം കലുഷിതമാക്കാൻ ശ്രമം നടത്തി. പൊലീസ് അതിൽ ഇടപെടുന്നത് സ്വാഭാമികമാണ്. സ്വർണക്കടത്തിന്റെ സത്യമറിയാൻ മാത്രമാണ് സർക്കാരിന്റെ ശ്രമം. സ്വർണക്കടത്തിൽ എന്തോ പുതിയത് നടന്നെന്ന് വരുത്താൻ ശ്രമിക്കുന്നു. എന്നാൽ, ഉഴുതുമറിച്ചിട്ടും ഒന്നും കിട്ടിയില്ല. തെളിവു കിട്ടിയാൽ കോൺഗ്രസും ബിജെപിയും ഇവിടെ എന്തെല്ലാം നടത്തിയേനെ. തീയില്ലാത്തിടത്ത് പുക കണ്ടെന്ന ബഹളമാണ് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസെന്നും മുഖ്യമന്ത്രി പറഞ്ഞു.

സോളർ കേസിൽ സരിതയുടെ പരാതി വാങ്ങി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതുപോലെ സ്വർണക്കടത്തു കേസിൽ സ്വപ്ന സുരേഷിന്റെ പരാതി വാങ്ങി സിബിഐ അന്വേഷണത്തിന് ഉത്തരവിടുമോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അടിയന്തര പ്രമേയ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വർണക്കടത്തു കേസിനു വിശ്വാസ്യതയുണ്ടാക്കിയത് സർക്കാരിന്റെ വെപ്രാളമാണെന്നു വി.ഡി.സതീശൻ പറഞ്ഞു. സ്വപ്നയുടെ ആരോപണങ്ങൾക്കെതിരെ നിയമപരമായി പരാതി കൊടുക്കാൻ മുഖ്യമന്ത്രി തയാറാകുന്നില്ല. പകരം, നിയമവിരുദ്ധമായ കാര്യങ്ങളുടെ പുറകേ പോകുകയാണ്. സ്വപ്നയുടെ സുഹൃത്തും കൂട്ടുപ്രതിയുമായ സരിത്തിനെ വിജിലൻസ് തട്ടിക്കൊണ്ടുപോയി. രണ്ട് എഡിജിപിമാർ പൊലീസ് ക്ലബ്ബിൽ മൂന്നു മണിക്കൂർ ഷാജ് കിരണുമായി സംസാരിച്ചു. മടിയിൽ കനമില്ലെങ്കിൽ എന്തിന് ഇടനിലക്കാരെ പറഞ്ഞുവിട്ടു. ഷാജ് കിരണിനെ എന്തുകൊണ്ട് അന്വേഷണ പരിധിയിൽ കൊണ്ടുവന്നില്ല?. നിങ്ങൾ നിയമപരമായി നേരിട്ടെങ്കിൽ പ്രതിപക്ഷം ഇത്രയും പ്രശ്നമുണ്ടാക്കില്ലായിരുന്നു.

അനുഭവങ്ങൾ വെളിപ്പെടുത്താൻ ശിവശങ്കറിന് അനുവാദം കൊടുത്ത സർക്കാർ മൊഴി വെളിപ്പെടുത്തിയതിനു സ്വപ്നയ്ക്കെതിരെ കേസെടുത്തെന്നും വി.ഡി.സതീശൻ പറഞ്ഞു. ശിവശങ്കർ പുസ്തകം എഴുതിയപ്പോൾ നടപടിയില്ല. ശിവശങ്കർ എഴുതിയത് നിങ്ങൾക്ക് സ്വീകാര്യം. ശിവശങ്കറിനെ വെള്ളപൂശി കൂടെ നിർത്തി. ശിവശങ്കറിനും സ്വപ്നയ്ക്കും രണ്ടുനീതിയാണ്. നിരപരാധിത്വം തെളിയിക്കാൻ നിയമപരമായി അവസരമുള്ളപ്പോൾ എന്തിനാണ് ഈ മാര്‍ഗം സ്വീകരിക്കുന്നതെന്ന് വി.ഡി.സതീശൻ ചോദിച്ചു. കാലം കണക്കുചോദിക്കാതെ പോവില്ലെന്നും സതീശൻ പറഞ്ഞു.

സ്വർണക്കടത്തു കേസിൽ അന്വേഷണത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതിയ മുഖ്യമന്ത്രി കേന്ദ്ര അന്വേഷണം എതിരായപ്പോൾ ജുഡീഷ്യൽ കമ്മിഷനെ വച്ചു. കേന്ദ്ര ഏജൻസികൾക്കെതിരെയുള്ള കമ്മിഷനെ ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും കാലാവധി നീട്ടികൊടുത്തു. സ്വർണക്കടത്തു കേസിൽ അടിയന്തരപ്രമേയത്തിനു മുൻപ് ചർച്ചയ്ക്ക് അനുമതി നൽകാത്ത സർക്കാർ ഇപ്പോൾ അനുവാദം തരാൻ നിർബന്ധിതരായി. സ്വന്തം പ്രിൻസിപ്പൽ സെക്രട്ടറി വൈകിട്ട് എങ്ങോട്ടാണ് പോയിരുന്നതെന്ന് മുഖ്യമന്ത്രി അന്വേഷിച്ചിട്ടുണ്ടോ എന്ന് വി.ഡി.സതീശൻ ചോദിച്ചു. 

സ്വപ്നയുടെ അഭിഭാഷകൻ കൃഷ്ണരാജുമായി 29 അല്ല 32 വർഷത്തെ ബന്ധമുണ്ട്. ലോ കോളജിൽ ഒരേ ബാച്ചിൽ പഠിച്ചവരാണ്. കൂടെ പഠിച്ചവനെ അറിയില്ലെന്നു പറയാൻ കഴിയുമോയെന്നും വി.ഡി.സതീശൻ ചോദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week