സ്മൃതി മന്ദാനയുടെ അച്ഛന്‍ ആശുപത്രി വിട്ടു; വിവാഹ തീയതിയെക്കുറിച്ച് പ്രതികരിക്കാതെ കുടുംബം

സ്മൃതി മന്ദാനയുടെ അച്ഛന്‍ ആശുപത്രി വിട്ടു; വിവാഹ തീയതിയെക്കുറിച്ച് പ്രതികരിക്കാതെ കുടുംബം

ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടേയും സംഗീത സംവിധായകന്‍ പലാശ് മുഛലിന്റേയും വിവാഹം മാറ്റിവെച്ചതുമായി ബന്ധപ്പെട്ട നിരവധി വാര്‍ത്തകളും അഭ്യൂഹങ്ങളുമാണ്‌ സാമൂഹികമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്‌. ചടങ്ങുകള്‍ക്കിടെ സ്മൃതിയുടെ അച്ഛന്‍ ശ്രീനിവാസ് മന്ദാനയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് വിവാഹം മാറ്റിവെച്ചത് എന്ന് വാര്‍ത്തകളുണ്ടായിരുന്നു. നെഞ്ചിന്റെ ഇടതുവശത്ത് വേദന അനുഭവപ്പെട്ടത് കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീനിവാസ്‌ മന്ദാന ആശുപത്രി വിട്ടതായിട്ടാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ദേശീയ മാധ്യമമായ ഇന്ത്യ ടുഡേയാണ് ശ്രീനിവാസ് മന്ദാന ആശുപത്രി വിട്ട കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നവംബര്‍ 23- ന് ഹൃദയാഘാതത്തിന് സമാനമായ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആ ദിവസം തന്നെയായിരുന്നു സ്മൃതിയും പലാശും തമ്മിലുള്ള വിവാഹവും നടക്കേണ്ടിയിരുന്നത്‌. ശ്രീനിവാസിന്റെ ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തത്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്.

ശ്രീനിവാസ് മന്ദാനയുടെ ആരോഗ്യനില പൂര്‍ണ്ണതൃപ്തികരമാണെന്നും അപകടനില തരണം ചെയ്തുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ശ്രീനിവാസ് ആശുപത്രി വിട്ടെങ്കിലും മാറ്റിവെച്ച വിവാഹവുമായി ബന്ധപ്പെട്ട് പുതിയ തീരുമാനങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. സ്മൃതിയുടെ അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ അടുത്ത ദിവസം തന്നെ പലാശിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

സ്മൃതിയുടെ അച്ഛനുമായി പലാശിന് വളരെ നല്ല ബന്ധമാണെന്നും അദ്ദേഹം ആശുപത്രിയിലായത് കാരണം വിവാഹം മാറ്റിവെക്കാന്‍ പലാശ് തന്നെയാണ് ആവശ്യപ്പെട്ടതെന്ന് പലാശിന്റെ അമ്മ അറിയിച്ചിരുന്നു. ആശുപത്രിയില്‍ നടത്തിയ പരിശോധനകളില്‍ പലാശ്‌ നോര്‍മ്മല്‍ ആണെന്നും എന്നാല്‍ അവന്‍ വലിയ മാനസികസമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ടെന്നും പലാശിന്റെ അമ്മ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ വിവാഹവുമായി ബന്ധപ്പെട്ട് സ്മൃതി ഇന്‍സ്റ്റഗ്രാമിലടക്കം പങ്കുവെച്ച എല്ലാ പോസ്റ്റുകളും നീക്കം ചെയ്തത് പലരിലും സംശയമുണര്‍ത്തിയിരുന്നു. 2019-ല്‍ പ്രണയത്തിലായ ഇരുവരും 2024-ല്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയായതിന്റെ ചിത്രം പങ്കുവെച്ചാണ് ബന്ധം പരസ്യമാക്കിയത്. വിവാഹം മാറ്റിവെച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെ മേരി ഡി’കോസ്റ്റ എന്ന യുവതി പങ്കുവെച്ച സ്‌ക്രീന്‍ഷോട്ടുകളും  സാമൂഹികമാധ്യമത്തില്‍ ചര്‍ച്ചയായിരുന്നു. സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്തുവിട്ടതിനെത്തുടര്‍ന്ന് മേരിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്തിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News