വീടിന്റെ ചിമ്മിനിയിലിടിച്ച് ചെറുവിമാനം തകർന്നുവീണു;വിനോദയാത്രയ്‌ക്കെത്തിയ ഒരു കുടുംബത്തിലെ 10 പേർ മരിച്ചു

സാവോ പോളോ: ബ്രസീലില്‍ ചെറുവിമാനം നിയന്ത്രണം വിട്ട് തകര്‍ന്നുവീണ് പത്ത് മരണം. വിനോദയാത്രയ്‌ക്കെത്തിയ ഒരു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചത്. 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് ബ്രസീല്‍ സിവില്‍ ഏവിയേഷന്‍ അറിയിച്ചു.

ഇരട്ട എഞ്ചിനുള്ള പൈപ്പര്‍ പിഎ-42 വിമാനം ഗ്രാമഡോ മേഖലയിലാണ് തകര്‍ന്നുവീണത്. ഒരു വീടിന്റെ ചിമ്മിനിയിലും മറ്റൊരു വീടിന്റെ രണ്ടാം നിലയിലും ഇടിച്ച ശേഷം മൊബൈല്‍ കടയ്ക്ക് മുകളിലേക്ക് വീഴുകയായിരുന്നു. ഇതിനുശേഷമുണ്ടായ തീപ്പിടിത്തത്തിലും മറ്റുമാണ് ആളുകള്‍ക്ക് പരിക്കേറ്റത്. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വിമാനത്തിന്റെ ഉടമസ്ഥനും ബിസിനസുകാരനുമായ ലൂയിസ് ക്ലോഡിയോ ഗലേസിയാണ് വിമാനം ഓടിച്ചിരുന്നത്. വിനോദയാത്രയ്ക്കുശേഷം കുടുംബത്തോടൊപ്പം ഇയാള്‍ സാവോ പോളയിലെ തന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. ഗലേസി മരണപ്പെട്ടതായി അദ്ദേഹത്തിന്റെ കമ്പനിയായ ‘ഗലേസി ആന്റ് അസോസിയേറ്റ്‌സ്’ സ്ഥിരീകരിച്ചിട്ടുണ്ട്.

കനേല വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം സെറാ ഗൗച്ച മലനിരകള്‍ക്ക് സമീപമുള്ള ഗ്രമാഡോ മേഖലയിലാണ് വിമാനം തകര്‍ന്നുവീണത്. ക്രിസ്മസ് സീസണില്‍ നിരവധി സഞ്ചാരികളെത്തുന്ന സ്ഥലമാണിത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News