പൂനെ:സ്പൈനൽ മസ്കുലാർ അട്രോഫി അഥവ എസ്.എം.എ ബാധിതയായ ഒരുവയസുകാരിക്ക് 16 കോടി രൂപയുടെ മരുന്ന് കുത്തിവെച്ചിട്ടും ജീവൻ രക്ഷിക്കാനായില്ല. പൂനെയിൽ ദേവിക ഷിൻഡെ എന്ന ഒരു വയസുകാരിയാണ് മരണത്തിന് കീഴടങ്ങിയത്. വേദികയുടെ ചികിത്സയ്ക്കായി ക്രൌഡ് ഫണ്ടിംഗിലൂടെയാണ് പണം കണ്ടെത്തിയത്. അമേരിക്കയിൽനിന്ന് 16 കോടി രൂപയുടെ മരുന്ന് എത്തിച്ച് ഇക്കഴിഞ്ഞ ജൂണിൽ കുത്തിവയ്പ്പ് നൽകിയെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.
കുട്ടി മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, ആരോഗ്യനില മെച്ചപ്പെട്ടതായി അറിയിച്ചുകൊണ്ട് അവളുടെ കുടുംബാംഗങ്ങൾ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തിരുന്നു. എന്നാൽ സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്എംഎ) ടൈപ്പ് I ബാധിച്ച വേദിക ഞായറാഴ്ച വൈകുന്നേരം 6 മണിയോടെ പിംപ്രി ചിഞ്ച്‌വാഡ് പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരണടയുകയായിരുന്നു. കടുത്ത ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു കുട്ടിയുടെ മരണം.
അത്യപൂർവ്വമായ ജനിതകരോഗം ബാധിച്ചതിനെ തുടർന്ന് സോഷ്യൽമീഡിയ വഴിയാണ് ചികിത്സാ ഫണ്ട് ശേഖരണം ആരംഭിച്ചത്. കുട്ടിയുടെ ജീവൻ രക്ഷിക്കാൻ അമേരിക്കയിൽനിന്ന് 16 കോടി രൂപയുടെ മരുന്ന് എത്തിക്കണമെന്ന് ഡോക്ടർമാർ പറഞ്ഞതിനെ തുടർന്നായിരുന്നു ഇത്. കുട്ടിയുടെ ജീവൻ നിലനിർത്തുന്നതിനായുള്ള സോഷ്യൽ മീഡിയ പ്രചാരണം വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇതേത്തുടർന്ന് ദിവസങ്ങൾക്കുള്ളിൽ മരുന്നിന് ആവശ്യമായ തുക കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്ന് ജൂണിൽ ദീനനാഥ് മങ്കേഷ്കർ ആശുപത്രിയിൽ വെച്ച് പെൺകുട്ടിക്ക് മരുന്ന് എത്തിച്ച് കുത്തിവയ്പ്പ് നൽകി.
തുടർന്നുള്ള ദിവസങ്ങളിൽ കുട്ടിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടായിരുന്നു. ഇതുസംബന്ധിച്ച വിവരങ്ങളും ഫോട്ടോയും വീഡിയോയുമൊക്കെ അവർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. എന്നാൽ ഞായറാഴ്ച വൈകുന്നേരത്തോടെ കുട്ടിക്ക് ശ്വാസതടസം അനുഭവപ്പെടുകയും മരണം സംഭവിക്കുകയുമായിരുന്നു. ഭക്ഷണം നൽകിയതിനെ തുടർന്നാണ് ഇത സംഭവിച്ചതെന്ന് കുട്ടിയെ ചികിത്സിച്ച ഒരു ഡോക്ടർ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.