ജീവൻ തന്നെ അപകടത്തിലാക്കുന്ന സ്കൾ ബ്രേക്കർ ചലഞ്ചിനെതിരെ കേരള പൊലീസ്. കുട്ടികൾ ഇത്തരം ചലഞ്ചുകൾക്ക് ഇരയാകാതിരിക്കാൻ മാതാപിതാക്കളും അധ്യാപകരും ജാഗ്രത പുലർത്തണമെന്ന് പൊലീസ് അറിയിച്ചു.
കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
അടുത്തകാലത്തായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സ്കൾ ബ്രേക്കർ പോലുള്ള ഗെയിമിങ്ങ് ചലഞ്ചുകൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാവും. രസകരമായി തോന്നി, കുട്ടികൾ അനുകരിക്കാൻ ശ്രമിക്കുന്ന ഇത്തരം അപകടകരമായ ഗെയിമിങ്ങ് ചലഞ്ചുകൾ ടിക് ടോക് പോലുള്ള സാമൂഹിക മാധ്യമങ്ങൾ വഴിയാണ് കൂടുതലും പ്രചരിക്കുന്നത്. ഇത്തരം ചലഞ്ചുകൾ അനുകരിക്കുന്നത് വഴി നിരവധിപ്പേർക്ക് ഗുരുതരമായി പരിക്കു പറ്റിയിട്ടുള്ളതായി റിപ്പോർട്ടുകളുണ്ട്. ജീവൻ തന്നെ അപകടത്തിലാകുന്ന ഇത്തരത്തിലുളള ഗെയിമിങ്ങ് ചലഞ്ചുകൾ നമ്മുടെ കുട്ടികളുൾപ്പെടെയുള്ളവർ അനുകരിക്കാതിരിക്കുന്നതിന് മാതാപിതാക്കളും സ്‌കൂൾ അധികൃതരും സുഹൃത്തുക്കളും അതീവജാഗ്രത പുലർത്തേണ്ടതാണ്.