ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ കാലത്ത് രാമായണവും മഹാഭാരതവും ദൂരദര്‍ശനില്‍ പുനഃസംപ്രേക്ഷണം ആരംഭിച്ചതിന് പിന്നാലെ 90കളിലെ കുട്ടികളെ ഹരംകൊള്ളിച്ച ശക്തിമാനും തിരിച്ചെത്തുന്നു. ‘ശക്തിമാന്‍’ സീരിയല്‍ പരമ്പര പുനഃസംപ്രേഷണം ചെയ്യുന്ന വിവരം ശക്തിമാനായി വേഷമിട്ട മുകേഷ് ഖന്നയാണ് വെളിപ്പെടുത്തിയത്. 130 കോടി ഇന്ത്യക്കാര്‍ക്ക് ഒരുമിച്ച് ദൂരദര്‍ശനില്‍ ശക്തിമാന്‍ കാണാനുള്ള അവസരം ലഭിക്കും. പ്രഖ്യാപനത്തിനായി കാത്തിരിക്കൂ.- ട്വിറ്ററിലൂടെ പങ്കുവെച്ച ഒരു വീഡിയോയില്‍ മുകേഷ് ഖന്ന പറഞ്ഞു.
<p>രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീടുകളില്‍ കഴിയുന്നവരുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് പഴയ ഹിറ്റ് സീരിയലുകള്‍ ദൂരദര്‍ശന്‍ പുനഃസംപ്രേക്ഷണം ചെയ്യാനാരംഭിച്ചത്. പഴയ ടെലിസീരിയലുകള്‍ വീണ്ടും കാണണമെന്ന ആവശ്യം ജനങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ഉന്നയിച്ചിരുന്നു. അതനുസരിച്ച് പുരാണ സീരിയലുകളായ രാമായണം, മഹാഭാരതം എന്നിവ പുനഃപ്രക്ഷേപണം ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശക്തിമാനും ടെലിവിഷന്‍ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്.</p>
<p>1997 മുതല്‍ 2005 വരെയായിരുന്നു ഡിഡി1ല്‍ ശക്തിമാന്‍ പരമ്പര സംപ്രേഷണം ചെയ്തിരുന്നത്. ‘ആജ് കി ആവാസ്’ പത്രത്തിന്റെ ഫൊട്ടോഗ്രാഫര്‍ ആയിരുന്ന ‘പണ്ഡിറ്റ് ഗംഗാധര്‍ വിദ്യാധര്‍ മായാധര്‍ ഓംകാര്‍നാഥ് ശാസ്ത്രി’ എന്നാണ് പരമ്പരയില്‍ ശക്തിമാന്റെ യഥാര്‍ഥ പേര്. മലയാളം അടക്കം വിവിധ ഭാഷകളിലേക്കും ശക്തമാന്‍ മൊഴിമാറ്റം ചെയ്തിരുന്നു.</p>