കേപ്ടൗണ്‍: ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയത് വലിയ ചര്‍ച്ചയായിരുന്നു. ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡുള്ള താരത്തെ ഒഴിച്ചുനിര്‍ത്തിയത് പലരേയും ചൊടിപ്പിച്ചു. ടീമില്‍ ഉള്‍പ്പെട്ട സൂര്യകുമാര്‍ യാദവിനാവട്ടെ ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡുമില്ല. പരിക്കില്‍ നിന്ന് മോചിതരായ കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ തിരിച്ചെത്തിയതോടെയാണ് സഞ്ജുവിന് പുറത്തേക്കുള്ള വഴി തെളിഞ്ഞത്.
ഇപ്പോള്‍ സഞ്ജു പുറത്തായതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ്. താരം പറയുന്നതിങ്ങനെ… ”ഞാന്‍ കൂടുതലൊന്നും അവനെക്കുറിച്ച് പറയുന്നില്ല. അവന്റെ കഴിവ് എന്താണെന്ന് നമ്മള്‍ കണ്ടതാണ്. ഐപിഎല്ലില്‍ ആര്‍സിബിക്കെതിരെ സഞ്ജു പുറത്താകാതെ 92 റണ്‍സ് സ്‌കോര്‍ ചെയ്യുന്നത് ഞാന്‍ ആസ്വദിച്ചിരുന്നു. പന്ത് ഗ്രൗണ്ടിന്റെ വിവിധ ഭാഗങ്ങളിലേക്ക് പറന്നു. അവന് സാങ്കേതിക തികവുമുണ്ട്. പുള്‍, ഹുക്ക് ഷോട്ടുകള്‍ കളിക്കാന്‍ സഞ്ജു മിടുക്കനാണ്. സഞ്ജുവിനെ പോലെ മികച്ച കളിക്കാരനാണ് സൂര്യകുമാറും. പേടിയില്ലാതെ കളിക്കാന്‍ ഇരുവര്‍ക്കുമാകുന്നു. മാത്രമല്ല, ക്ലാസിക്ക് ഷോട്ടുകള്‍ കളിക്കാനും ഇരുവവര്‍ക്കുമറിയാം. ” ഡിവില്ലിയേഴ്‌സ് പറഞ്ഞു.
ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ കുറിച്ചും ഡിവില്ലിയേഴ്‌സ് സംസാരിച്ചു. ”കരുത്തരാണ് ഇന്ത്യന്‍ ടീമിലുള്ളവര്‍. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരേയൊരു സമ്മര്‍ദ്ദം നാട്ടില്‍ കളിക്കുകയെന്നുള്ളതാണ്. എന്നാല്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയുമെങ്കില്‍ ഇന്ത്യക്ക് ഒരു പ്രശ്‌നവും കാണില്ല.” ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി.
ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ ഠാക്കൂര്‍, അക്‌സര്‍ പട്ടേല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര, കുല്‍ദീപ് യാദവ്.