വൈക്കം: മല്‍സ്യക്കുളത്തിനായി നിലംകുഴിച്ചപ്പോള്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. വൈക്കം ചെമ്മനത്തുകര ക്ഷേത്രത്തിനു കിഴക്ക് കടത്തുകടവിനു സമീപം കാര്‍ത്തികയില്‍ രമേശന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്നാണ് കഴിഞ്ഞദിവസം വൈകുന്നേരം നാലോടെ തലയോട്ടിയും അസ്ഥികളും ലഭിച്ചത്. മല്‍സ്യകുളത്തിനായി കുഴിച്ച സ്ഥലത്തു ബുധനാഴ്ച രാവിലെ കുഴിച്ചു വിശദമായ പരിശോധന നടത്തി ബാക്കി മൃതദേഹാവശിഷ്ടങ്ങള്‍ കൂടി കണ്ടെടുത്തു. അഞ്ചടിയോളം താഴ്ചയില്‍ നിന്ന് തലയോട്ടിക്ക് പുറമെ എട്ട് അസ്ഥികഷണങ്ങളുമാണ് ലഭിച്ചത്.
വര്‍ഷങ്ങളായി പുല്ലും പായലും വളര്‍ന്നു കിടക്കുന്ന സ്ഥലം സ്വകാര്യ വ്യക്തി ലീസിനെടുത്തു മല്‍സ്യക്കുളമൊരുക്കാന്‍ കുഴിച്ചപ്പോഴാണ് തലയോട്ടിയും കൈകാലുകളുടേതെന്ന് തോന്നിക്കുന്ന അസ്ഥികളും ലഭിച്ചത്. ലഭിച്ച അന്വേഷണത്തിന്റെ ഭാഗമായി വര്‍ഷങ്ങള്‍ക്കു മുമ്പ് കാണാതായവരുടെ പട്ടിക പോലീസ് തയാറാക്കും.
ഫോറന്‍സിക് അധികൃതരും സ്ഥലത്തെത്തി. മരിച്ചതു സത്രീയോ പുരുഷനോ, മൃതദേഹത്തിന്റെ കാലപ്പഴക്കം, മരണകാരണം തുടങ്ങിയവ ശാസ്ത്രീയ പരിശോധനയിലൂടെകണ്ടെത്തും. തലയോട്ടിയിലോ അസ്ഥികളിലോ ആളെ അപായപ്പെടുത്തിയ വിധത്തിലുള്ള പൊട്ടലുകളോ മറ്റോയുണ്ടോയെന്നും പരിശോധിക്കും. ഡി എന്‍എ പരിശോധനയിലൂടെ മൃതദേഹാവശിഷ്ടത്തിന്റെ പഴക്കം നിര്‍ണയിക്കും. വൈക്കം ഡിവൈഎസ്പി എ.ജെ.തോമസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
ചെമ്മനത്തുകര സ്വദേശി അപ്പച്ചന്റെ ഉടമസ്ഥതയിലായിരുന്ന സ്ഥലം ഒരു വര്‍ഷം മുമ്പാണ് രമേശന്‍ വാങ്ങിയത്. കരിയാറിനോടു ചേര്‍ന്ന് കിടക്കുന്ന തോടും പുരയിടവുമായ ഭാഗം 15 വര്‍ഷം മുമ്പ് ചെമ്മനത്തുകര കയര്‍ സഹകരണ സംഘം പൊതി മടല്‍ മൂടുന്നിടമായിരുന്നു. കരിയാറിനു കുറുകെ കടത്തുണ്ടായിരുന്ന ഈ സ്ഥലത്ത് വെള്ളപ്പൊക്കത്തിനു കരിയാര്‍ കരകവിഞ്ഞു വെളളം കയറിയിരുന്നു.
ആറ്റിലൂടെ ഒഴുകി വന്ന മൃതദേഹം വേലിയേറ്റത്തില്‍ ഒഴുകി മടല്‍ മൂടിയിരുന്നിടത്ത് അടിഞ്ഞതാണോയെന്നും ആരെയെങ്കിലും കൊലപ്പെടുത്തി ആള്‍പ്പാര്‍പ്പു കുറഞ്ഞിടത്ത് തള്ളിയതാണോയെന്ന സംശയവും ബലപ്പെടുകയാണ്
.