ആലപ്പുഴയില്‍ പൊളിച്ചു കൊണ്ടിരുന്ന വീടിനുള്ളില്‍ മനുഷ്യ അസ്ഥികൂടം കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴ കല്ലുപാലത്തിന് സമീപം പൊളിച്ചു കൊണ്ടിരുന്ന വീടിനുള്ളില്‍ മനുഷ്യ അസ്ഥികൂടം കണ്ടെത്തി. പ്ലാസ്റ്റിക് കിറ്റില്‍ പൊതിഞ്ഞ നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. പ്രദേശത്ത് പോലീസ് പരിശോധന നടത്തുകയാണ്.

ഒരു പഴയ വീടിന്റെ തറ പൊളിക്കുന്നതിനിടെയാണ് അസ്ഥികൂടം തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍ തന്നെ മനുഷ്യന്റേതാണെന്ന് തിരിച്ചറിയാന്‍ സാധിക്കുന്ന തരത്തിലാണ് അസ്ഥികൂടം. പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

രണ്ട് തലയോട്ടികളും മറ്റ് ശരീരാവശിഷ്ടങ്ങളുമാണ് പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഈ കെട്ടിടം ദീര്‍ഘനാളുകളായി ഉപയോഗിക്കാതെ കിടക്കുകയായിരിന്നു. മുന്‍പ് പല തവണ വാടകയ്ക്ക് നല്‍കിയിട്ടുള്ള കെട്ടിടമാണ് ഇത്. കെട്ടിടത്തിന് പിന്നിലായി മാലിന്യം സൂക്ഷിച്ചിരുന്ന മുറിയിലാണ് അസ്ഥികൂടം കണ്ടെത്തിയത്.

മുന്‍പ് ഈ കെട്ടിടത്തില്‍ ഒരു ഡോക്ടര്‍ താമസിച്ചിരുന്നു. മെഡിക്കല്‍ പഠനാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന അസ്ഥികൂടമാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഒപ്പം ദുരൂഹത നീക്കാന്‍ വിശദമായ ശാസ്ത്രീയ പരിശോധനയും നടത്താന്‍ ഒരുങ്ങുകയാണ് പോലീസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News