നാട്ടുകാരുടെ പരാതി അന്വേഷിക്കാന്‍ എത്തിയ പൊലീസ് വീട്ടിനുള്ളിലെ കാഴ്ച കണ്ടുഞെട്ടി; തലയോട്ടിയും ഫ്രിഡ്ജിനുള്ളില്‍ അസ്ഥികൂടത്തിന്റെ ഭാഗങ്ങളും

കൊച്ചി: 30 വര്‍ഷമായി ആള്‍താമസമില്ലാത്ത വീട്ടില്‍ തലയോട്ടിയും അസ്ഥികൂടത്തിന്റെ ഭാഗങ്ങളും കണ്ടെത്തി. എറണാകുളം ചോറ്റാനിക്കര പൈനിങ്കല്‍ പാറയിലെ വീട്ടിനുള്ളില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. വീട്ടിലെ ഉപയോഗശൂന്യമായ ഫ്രിഡ്ജില്‍ വിവിധ കവറുകളിലായി അസ്ഥികൂടത്തിന്റെ ഭാഗങ്ങളും പൊലീസ് കണ്ടെത്തി. വീടിന് അകത്ത് നിന്നാണ് തലയോട്ടി കണ്ടെത്തിയത്.

30 വര്‍ഷമായി ആള്‍താമസമില്ലാത്തതിനാല്‍ സാമൂഹ്യവിരുദ്ധരുടെ സ്ഥിരം താവളമായിരുന്നു. ഇവരുടെ ശല്യത്തെ കുറിച്ച് നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് പരിശോധിക്കാന്‍ എത്തിയതായിരുന്നു. പരിശോധനയിലാണ് തലയോട്ടിയും അസ്ഥികൂടത്തിന്റെ ഭാഗങ്ങളും കണ്ടെത്തിയത്.

എന്നാല്‍ തലയോട്ടിക്ക് എത്ര പഴക്കമുണ്ട് എന്നതുള്‍പ്പെടെ കൃത്യമായ വിവരം പൊലീസിന് ലഭിച്ചിട്ടില്ല. സ്ഥലത്ത് പൊലീസ് പരിശോധന നടത്തി വരികയാണ്. വൈറ്റിലയില്‍ താമസിക്കുന്ന ഡോക്ടറുടെ വീടാണിതെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ 30 വര്‍ഷമായി ആള്‍ താമസം ഇല്ലാത്ത വീടാണിതെന്ന് പൊലീസ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News