തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് തൈക്കാട് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ ആറുമാസം പ്രായം തോന്നിക്കുന്ന പെൺകുഞ്ഞ് സംരക്ഷണയ്ക്കായി എത്തി. അമ്മത്തൊട്ടിൽ 2002 നവംബറിൽ തലസ്ഥാനത്തു സ്ഥാപിച്ചതിനു ശേഷം ലഭിക്കുന്ന മൂന്നാമത്തെ മുതിർന്ന കുട്ടിയാണ് പുതിയ അതിഥി.
2003-ൽ നാലു വയസ്സു പ്രായമുള്ള പെൺകുഞ്ഞും കഴിഞ്ഞ മെയ് മാസം 5 മാസം പ്രായമുള്ള ആൺകുഞ്ഞും (വേനൽ) ആണ് ഇത്തരത്തിൽ അമ്മത്തൊട്ടിലിൽ എത്തിയത്. സാധാരണ പ്രസവിച്ച് ദിവസങ്ങൾക്കുള്ളിൽ പരിരക്ഷയ്ക്കായി എത്തുന്നവരാണ് അധികവും.
കഴിഞ്ഞ രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം ശനിയാഴ്ച പുലർച്ചെ അഞ്ചു മണിക്കാണ് കുട്ടിയുടെ വരവ്. ഇക്കഴിഞ്ഞ ഡിസംബർ 19 നാണ് അവസാനമായി കുരുന്നിനെ ലഭിച്ചത്. 6.2 കിലോഗ്രാം ഭാരമുള്ള തികഞ്ഞ ആരോഗ്യവതിയാണ് ‘പ്രകൃതി.’
പെൺകരുത്തിന് മനുഷ്യരാശിയെ പരിപാലിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന അതിജീവനത്തിൻറെ സംരക്ഷണ പാളിയായ പ്രകൃതി എന്നു പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി പത്രക്കുറിപ്പിൽ അറിയിച്ചു.
അതിഥിയുടെ വരവ് അറിയിച്ചുകൊണ്ട് ദത്തെടുക്കൽ കേന്ദ്രത്തിൽ സന്ദേശം എത്തിയ ഉടൻതന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സും ആയമാരും സുരക്ഷാ ജീവനക്കാരും ചേർന്ന് ദത്തെടുക്കൽ കേന്ദ്രത്തിൽ എത്തിച്ച കുഞ്ഞ് ആരോഗ്യ പരിശോധനകൾക്കായി തിരുവനന്തപുരം തൈക്കാട് കുട്ടികളുടെ ആശുപത്രിയിലെത്തിച്ച കുഞ്ഞ് സമിതി ദത്തെടുക്കൽ കേന്ദ്രത്തിൽ പരിചരണയിലാണ്.
2002 നവംബർ 14-ന് തിരുവനന്തപുരത്ത് അമ്മത്തൊട്ടിൽ പ്രവർത്തനമാരംഭിച്ച ശേഷം ലഭിക്കുന്ന 59ാമത്തെ കുരുന്നാണ് പ്രകൃതി. കഴിഞ്ഞ എട്ടു മാസത്തിനിടയിൽ തിരുവനന്തപുരത്ത് അമ്മത്തൊട്ടിൽ വഴി ലഭിക്കുന്ന പത്താമത്തെ കുട്ടിയും മൂന്നാമത്തെ പെൺകുട്ടിയുമാണ് പ്രകൃതി.
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ വിദേശത്തേക്ക് 10 കുട്ടികൾ ഉൾപ്പെടെ ഇതുവരെ 63 കുട്ടികളെയാണ് സമിതിയിൽ നിന്നും സനാഥത്വത്തിൻറെ മടിത്തട്ടിലേക്ക് കൈപിടിച്ച് സമിതി യാത്രയാക്കിയത്.
കുഞ്ഞിൻറെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ സമിതി അധികൃതരുമായി അടിയന്തിരമായി ബന്ധപ്പെടണമെന്നും ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി അറിയിച്ചു.