32.8 C
Kottayam
Friday, April 26, 2024

ലൈംഗിക ജീവിതത്തെ കുഴപ്പത്തിലാക്കുന്ന ആറ് ആരോഗ്യ പ്രശ്നങ്ങൾ

Must read

സുഖകരമായ ലൈംഗികജീവിതം വ്യക്തികളുടെ ശാരീരിക- മാനസികാരോഗ്യത്തിന്റെ അടിസ്ഥാനമാണ്. എന്നാല്‍ ചില ആരോഗ്യപ്രശ്‌നങ്ങള്‍ ലൈംഗികജീവിതത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. പലപ്പോഴും ഇത് തിരിച്ചറിയപ്പെടാതെ പോകുന്ന അവസ്ഥകളും കണ്ടേക്കാം.

അത്തരത്തില്‍ ലൈംഗികജീവിതത്തെ തകരാറിലാക്കുകയോ, അല്ലെങ്കില്‍ മോശമായി ബാധിക്കുകയോ ചെയ്‌തേക്കാവുന്ന ആറ് ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് ഒന്ന് മനസിലാക്കിയാലോ?

ഒന്ന്…

ജീവിതശൈലീരോഗമായ പ്രമേഹം പുരുഷന്മാരിലും സ്ത്രീകളിലും ചില സന്ദര്‍ഭങ്ങളില്‍ ലൈംഗികജീവിതത്തെ ബാധിക്കാറുണ്ട്. പുരുഷന്മാരിലാണെങ്കില്‍ ഉദ്ധാർണത്തെയാണ് പ്രധാനമായും ഇത് പ്രശ്‌നത്തിലാക്കുന്നത്. രക്തത്തിലെ ഉയര്‍ന്ന ഷുഗര്‍ ലെവല്‍ രക്തക്കുഴലുകളെ ബാധിക്കുന്നുണ്ട്. ഇതുമൂലം സാധാരണഗതിയിലുള്ള രക്തയോട്ടം നടക്കാതെയാകുന്നു. സ്വാഭാവികമായും ലൈംഗികാവയവങ്ങളുടെ ഉത്തേജനവും മന്ദഗതിയിലാകുന്നു

സ്ത്രീകളിലാണെങ്കില്‍ സ്വകാര്യഭാഗങ്ങള്‍ വരണ്ടുവരിക, സംഭോഗത്തിനിടെ അസഹ്യമായ വേദന അനുഭവപ്പെടുക, ലൈംഗിക താല്‍പര്യം കുറയുക എന്നിവയാണ് പ്രമേഹം മൂലം കണ്ടുവരുന്ന പ്രശ്‌നങ്ങള്‍.

രണ്ട്…

ഏതെങ്കിലും തരത്തിലുള്ള ശരീരവേദനകള്‍ പതിവാണെങ്കില്‍ അതും ലൈംഗികജീവിതത്തെ ബാധിക്കും. ഇഷ്ടാനുസരണം ശരീരം വഴങ്ങുന്നില്ലെന്ന് വരുമ്പോള്‍ ലൈംഗികതയില്‍ നിന്ന് സ്വാഭാവികമായി പിന്‍വാങ്ങുന്ന അവസ്ഥയാണിവിടെ ഉണ്ടാകുന്നത്.

ഡോക്ടറുടെ നിര്‍ദേശപ്രകാരം ഇതിന് പെയിന്‍ കില്ലര്‍ കഴിക്കാവുന്നതാണ്. എന്നാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം, ഡോക്ടറുടെ നിര്‍ദേശമില്ലാതെ സ്വതന്ത്രമായി പെയിന്‍ കില്ലറുകള്‍ കഴിക്കരുത് എന്നതാണ്. ചില പെയിന്‍ കില്ലറുകള്‍ ലൈംഗിക ഉത്തേജനം ഇല്ലാതാക്കല്‍ തുടങ്ങി പല പ്രശ്‌നങ്ങള്‍ക്കും ഇടയാക്കാറുണ്ട്.

മൂന്ന്…

ഹൃദ്രോഗമുള്ളവര്‍ക്കും സംതൃപ്തമായ ലൈംഗികജീവതം സാധ്യമാകാതെ വരാറുണ്ട്. പ്രത്യേകിച്ച് ഹൃദയാഘാതം കഴിഞ്ഞവരാണെങ്കില്‍ ലൈംഗിക കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ പുലര്‍ത്തേണ്ടതും ആവശ്യമാണ്.

അമിതമായി സമ്മര്‍ദ്ദം വരാത്ത രീതിയിലുള്ള ‘സെക്‌സ്’ ആണ് ഹൃദ്രോഗമുള്ളവര്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. ഇതനുസരിച്ച് ലൈംഗികജീവിതം ആസ്വദിക്കാവുന്നതാണ്.

നാല്…

വിഷാദത്തിലൂടെ കടന്നുപോകുന്നവരിലും ലൈംഗിക താല്‍പര്യം കുറഞ്ഞ് കാണാറുണ്ട്. ഉന്മേഷമില്ലായ്മ, മനസാന്നിധ്യമില്ലായ്മ, പെട്ടെന്ന് മാറിമറിയുന്ന മാനസികാവസ്ഥ എന്നിവയെല്ലാം സെക്‌സിനെ മോശമായി ബാധിക്കുന്നു.വിഷാദം ക്ലിനിക്കലി സ്ഥിരീകരിച്ചാല്‍ അതിന് തീര്‍ച്ചയായും പരിഹാരം തേടേണ്ടതുണ്ട്. തെറാപ്പിയോ മരുന്നോ ഡോക്ടര്‍ നിര്‍ദേശിക്കുന്നതിന് അനുസരിച്ച് സ്വീകരിക്കുക

അഞ്ച്…

നേരത്തേ ശരീരവേദനയുടെ കാര്യം സൂചിപ്പിച്ചത് പോലെ തന്നെ സന്ധിവാതമുള്ളവരിലും ലൈംഗിക താല്‍പര്യം കുറയാറുണ്ട്. സന്ധികളില്‍ അനുഭവപ്പെടുന്ന കടുത്ത വേദന തന്നെയാണ് ഇതിന് കാരണമായി വരുന്നത്.

സൗകര്യമുള്ള പൊസിഷനുകള്‍ തെരഞ്ഞെടുക്കുക, ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നുകളെ ആശ്രയിക്കുക, മാനസിക സമ്മര്‍ദ്ദമുണ്ടെങ്കില്‍ കൗണ്‍സിലിംഗ് തേടുക എന്നിവയാണ് ഇതിന് പരിഹാരമായി ചെയ്യാനുള്ളത്.

ആറ്…

പുരുഷന്മാരില്‍ ‘ടെസ്റ്റോസ്റ്റിറോണ്‍’ എന്ന ഹോര്‍മോണിന്റെ അളവില്‍ കുറവ് സംഭവിക്കുമ്പോള്‍ ലൈംഗിക താല്‍പര്യം കുറയാറുണ്ട്. പ്രായമാകുന്നതിന് അനുസരിച്ചാണ് പ്രധാനമായും ഈ പ്രശ്‌നം കണ്ടുവരുന്നത്.

അതുപോലെ സ്ത്രീകളിലാണെങ്കില്‍ നാല്‍പതുകളുടെ അവസാനത്തിലും അമ്പതുകളിലുമുള്ളവര്‍ക്ക് ആര്‍ത്തവ വിരാമത്തോടനുബന്ധിച്ചുണ്ടാകുന്ന ‘ഈസ്ട്രജന്‍’ ഹോര്‍മോണ്‍ കുറവും ലൈംഗികജീവിതത്തെ ബാധിക്കുന്നു. പുരുഷനും സ്ത്രീക്കും ഈ ഘട്ടങ്ങളില്‍ ആവശ്യമെങ്കില്‍ ഡോക്ടറുടെ സഹായത്തോടെ ഹോര്‍മോണ്‍ ചികിത്സ എടുക്കാവുന്നതാണ്. പരസ്പരമുള്ള ധാരണ, ബന്ധത്തിലെ ദൃഢത, സൗഹാര്‍ദ്ദ മനോഭാവം, മാനസികാരോഗ്യം എന്നിവയും ഈ പ്രായത്തിലുള്ളവരുടെ ലൈംഗികജീവിതത്തെ ഉത്തേജിപ്പിക്കുന്നു. അതിനാല്‍ ഈ ഘടകങ്ങള്‍ കൂടി എപ്പോഴും പരിഗണനയിലെടുക്കാന്‍ ശ്രമിക്കാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week