ഹൈദരാബാദ്: ജന്മദിനാഘോഷത്തിനിടെ കഞ്ചാവ് ഉപയോഗിച്ചതിന് ആറ് കോളേജ് വിദ്യാര്‍ഥികള്‍ അറസ്റ്റിലായി. സാക്ഷി ഇമാലിയ(22), മോഹിത് ഷാഹി(21), ശുഭം റാവത്(27), കരോലിന സിന്തിയ ഹാരിസണ്‍(19), എറിക് ജൊനാഥന്‍ ആന്റണി(21), ലോയ് ബറുവ(22) എന്നിവരെയാണ് ഹൈദരാബാദ് പോലീസിന്റെ ‘ഈഗിള്‍ ഫോഴ്‌സ്’ അറസ്റ്റ്‌ചെയ്തത്. ഇവരെല്ലാം ഹൈദരാബാദിലെ ‘കളിനറി അക്കാദമി ഓഫ് ഇന്ത്യ’യിലെ (സിഎഐ) അവസാനവര്‍ഷ കേറ്ററിങ് ടെക്‌നോളജി ബിരുദവിദ്യാര്‍ഥികളാണ്.
ജന്മദിനാഘോഷത്തിനിടെ ‘ഈഗിള്‍ ഫോഴ്‌സ്’ നടത്തിയ റെയ്ഡിലാണ് കഞ്ചാവ് ഉപയോഗിച്ചതായി കണ്ടെത്തിയത്. പോലീസിന്റെ ചോദ്യംചെയ്യലില്‍ 11 വിദ്യാര്‍ഥികളാണ് കഞ്ചാവ് ഉപയോഗിച്ചതായി സമ്മതിച്ചത്. തുടര്‍ന്ന് ഇവരുടെ മൂത്രം പരിശോധിച്ചു. ഇതില്‍ ആറുപേരുടെ ഫലം പോസിറ്റീവായിരുന്നു. തുടര്‍ന്നാണ് ആറ് വിദ്യാര്‍ഥികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.
എസ്.ആര്‍. നഗറില്‍ താമസിക്കുന്ന ജയ്‌സണ്‍ എന്നയാളാണ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വിതരണംചെയ്യുന്നത്. ഇയാള്‍ക്കായി അന്വേഷണം തുടരുകയാണ്. ഇതാദ്യമായിട്ടില്ല കളിനറി അക്കാദമിയിലെ വിദ്യാര്‍ഥികള്‍ മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെടുന്നതെന്നും പോലീസ് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
അറസ്റ്റിലായ വിദ്യാര്‍ഥികള്‍ക്ക് രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ കൗണ്‍സിലിങ് നല്‍കി. ഇതിനുശേഷം ലഹരിവിമുക്ത കേന്ദ്രത്തിലേക്ക് അയച്ചതായും പോലീസ് പറഞ്ഞു. ലഹരിവിമുക്ത കേന്ദ്രത്തിലെ ചികിത്സ പൂര്‍ത്തിയാക്കിയാല്‍ കേസ് പിന്‍വലിക്കണമെന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.


