ലഹരി പാര്‍ട്ടി; യുവതി ഉള്‍പ്പെടെ ആറു പേര്‍ അറസ്റ്റില്‍, ഒരാൾ ഫ്ലാറ്റിൽനിന്നു ചാടി

കൊച്ചി: പുതുവര്‍ഷാഘോഷത്തിന്‍റെ ഭാഗമായി ഫ്‌ളാറ്റില്‍ ലഹരിപാര്‍ട്ടി നടത്തിയ സംഭവത്തില്‍ യുവതി ഉള്‍പ്പെടെ അഞ്ചുപേരെ തൃക്കാക്കര പോലീസ് അറസ്റ്റു ചെയ്തു. പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഫ്‌ളാറ്റിന്‍റെ എട്ടാം നിലയില്‍നിന്നു താഴേക്കു വീണ യുവാവിനു ഗുരുതരമായി പരിക്കേറ്റു.

സംഭവവുമായി ബന്ധപ്പെട്ടു കോഴിക്കോട് സ്വദേശി ഷിനോ, കൊല്ലം സ്വദേശികളായ റിജോ, നജീബ്, അനീഷ്, ഇടുക്കി സ്വദേശിനി മറിയം ബിജു, കായംകുളം സ്വദേശി അതുല്‍ എന്നിവരാണ് അറസ്റ്റിലായത്.

ഇവരില്‍നിന്ന് ഒരു ഗ്രാം എംഡിഎംഎയും ആറ് ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. തൃക്കാക്കര നവോദയ ജംഗ്ഷനിലുള്ള ഫ്‌ളാറ്റില്‍ ലഹരി പാര്‍ട്ടി നടക്കുന്നെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസ് പരിശോധനയ്ക്ക് എത്തിയത്.

പോലീസിനെ കണ്ട് അതുല്‍ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് താഴേയ്ക്കു വീണത്. 15 നിലയുള്ള ഫ്‌ളാറ്റിലെ താഴെയുള്ള അപ്പാര്‍ട്ട്‌മെന്‍റിലേക്ക് ഇറങ്ങുന്നതിനിടെ കൈവിട്ടു വീഴുകയായിരുന്നു.

ഫ്‌ളാറ്റിലെ കാര്‍ ഷെഡിന്‍റെ മുകളിലേക്കാണ് ഇയാള്‍ വീണത്. തുടര്‍ന്നു ഷെഡിന്‍റെ അലൂമിനിയം ഷീറ്റ് തുളച്ചു താഴെ വീണു. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ സണ്‍റൈസ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News