തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ സസ്പെന്ഷന് നാല് മാസത്തേക്ക് കൂടി നീട്ടി. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത അധ്യക്ഷനായ സമിതിയുടെ ശിപാര്‍ശയിലാണ് നടപടി. നേരത്തെ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെ പേരിലായിരുന്നു ശിവശങ്കറെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്.
സസ്പെന്ഷന് പുനപരിശോധിക്കുന്നതിനു ചീഫ് സെക്രട്ടറി അധ്യക്ഷനായി മൂന്നംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, തൊഴില്‍ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി സത്യജീത്ത് രാജന്, അഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസ് എന്നിവരായിരുന്നു സമിതി അംഗങ്ങള്‍. അഖിലേന്ത്യാ സര്‍വീസ് ചട്ടം അനുസരിച്ച് ഐഎഎസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡു ചെയ്ത് 60 ദിവസം കഴിയുമ്പോള്‍ പുനപരിശോധിക്കണം.
ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് നല്കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു നടപടി. വലിയ രീതിയിലുള്ള വീഴ്ചകള്‍ ശിവശങ്കറില്‍ നിന്നും ഉണ്ടായെന്നാണ് ബിശ്വാസ് മേത്ത ഉള്‍പ്പെടെയുള്ളവര്‍ അടങ്ങിയ സമിതി കണ്ടെത്തിയത്. ബന്ധങ്ങള്‍ സ്ഥാപിക്കുന്നതില്‍ ജാഗ്രത കുറവുണ്ടായെന്നും പദവി ദുരുപയോഗം ചെയ്തെന്നും സമിതി കണ്ടെത്തിയിരുന്നു.