ആരോഗ്യാവസ്ഥ പരിഗണിക്കാതെ പുലര്‍ച്ചെ ഒരുമണി വരെ തന്നെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതായി ശിവശങ്കര്‍ കോടതിയില്‍. ഇന്നു പുലര്‍ച്ചെ വീണ്ടും വിളിച്ച് എഴുന്നേല്‍പ്പിച്ചു. തുടര്‍ച്ചയായി ഇരിക്കുന്നത് തന്റെ ആരോഗ്യത്തെ ബാധിക്കുന്നതായും ശിവശങ്കര്‍ പറഞ്ഞു. ഇന്നലെ അറസ്റ്റിലായ ശിവശങ്കറിനെ ഇന്ന് 11 മണിയോടെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയപ്പോളായിരുന്നു അദ്ദേഹം ഇക്കാര്യങ്ങള്‍ കോടതിയെ അറിയിച്ചത്.
ഇ.ഡി കസ്റ്റഡിയില്‍ പീഡിപ്പിക്കുകയാണ്. തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ശിവശങ്കര്‍ കോടതിയില്‍ പറഞ്ഞിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ നിരന്തരം ചോദ്യംചെയ്തത് ആരോഗ്യപരമായി ബുദ്ധിമുട്ടിക്കുന്നു. തനിക്ക് ഗുരുതരമായ നടുവേദനയുണ്ട്. പുലര്‍ച്ചെ ഒരുമണി വരെ ചോദ്യംചെയ്തു. രണ്ടര മണിക്കൂറില്‍ കൂടുതല്‍ ഇരിക്കാന്‍ പറ്റില്ലെന്നും ശിവശങ്കര്‍ പറഞ്ഞു. എല്ലാതരത്തിലും ചോദ്യംചെയ്യലുമായി സഹകരിക്കുന്നുണ്ടെന്നും ശിവശങ്കര്‍ വ്യക്തമാക്കി.
സ്വപ്നയുടെ ലോക്കറില്‍ കണ്ടെത്തിയ ഒരു കോടി രൂപയാണ് ശിവശങ്കറിനെതിരെ ശക്തമായ തെളിവായത്. ഈ ലോക്കര്‍ തുറക്കാന്‍ മുന്‍കൈ എടുത്തത് ശിവശങ്കറായിരുന്നു. ലോക്കറിലെ പണം ശിവശങ്കറിന്‍റേത് കൂടിയെന്ന് ഇ ഡി കണ്ടെത്തി. കുറ്റകൃത്യത്തിലൂടെ ലഭിച്ച വരുമാനം എന്നും തെളിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.