കോഴിക്കോട്: ഓരോ മതത്തിനും അവരുടെ ആചാരങ്ങള്‍ അനുസരിച്ച് വസ്ത്രം ധരിക്കാനുള്ള അവകാശമുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കേരളത്തിലെ വിദ്യാലയങ്ങളില്‍ യൂണിഫോമിനൊപ്പം തട്ടം ധരിക്കുന്നത് അനുവദനീയമാണെന്നും എന്നാല്‍ ബിജെപി ഭരിക്കുന്ന പലയിടത്തും അത് പറ്റില്ലെന്നും മന്ത്രി പറഞ്ഞു. കാന്തപുരം എപി അബൂബക്കര്‍ മുസ്ലീയാരെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം സംസ്ഥാന സമിതി അംഗമായ കെ അനില്‍കുമാറിന്റെ തട്ടം പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
‘വസ്ത്രം ധരിക്കുന്നത് ഓരോരുത്തരുടെയും ഇഷ്ടമാണ്. ഓരോ മതത്തിനും അവരുടെ ആചാരപ്രകാരമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശമുണ്ട്. കേരളത്തിലെ വിദ്യാലയങ്ങളില്‍ യൂണിഫോം ഉണ്ടെങ്കിലും മുസ്ലീം മതവിഭാഗത്തിലെ പെണ്‍കുട്ടികള്‍ തട്ടം ധരിക്കുന്നത് ഒരിടത്തും നിരോധിച്ചിട്ടില്ല. അതേസമയം ഇന്ത്യയില്‍ ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും അത് നിരോധിക്കപ്പെട്ടിരിക്കുകയാണ്. അവിടെയെല്ലാം അതിനെതിരേ ശക്തമായ ശബ്ദം ഉയര്‍ത്തിയത് എസ്എഫ്‌ഐയും മതേതര ജനാധിപത്യ പ്രസ്ഥാനവുമാണ്’ – മന്ത്രി പറഞ്ഞു.