സീതാറാം യെച്ചൂരിയും ഡി. രാജയും പോലീസ് കസ്റ്റഡില്‍
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയേയും സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജയേയും ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. പൗരത്വ ബില്ലിനെതിരെ മണ്ഡി ഹൗസ് മുതല്‍ ജന്തര്‍ മന്ദിര്‍ വരെ മാര്‍ച്ച് സംഘടിപ്പിക്കാന്‍ ഇടതുപക്ഷം തീരുമാനിച്ചിരുന്നു. എന്നാല്‍ മാര്‍ച്ചിന് പോലീസ് അനുമതി നിഷേധിച്ചതോടെ മണ്ഡി ഹൗസില്‍ നേതാക്കള്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. ഇതോടെയാണ് യെച്ചൂരിയെയും രാജയെയും അറസ്റ്റു ചെയ്തു നീക്കിയത്.
പ്രതിഷേധവുമായി മണ്ഡി ഹൗസിലെത്തിയ മുതിര്‍ന്ന ഇടതു നേതാക്കളായ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, ആനി രാജ തുടങ്ങിയവരെയും പോലീസ് തടഞ്ഞു. അതേസമയം ചെങ്കോട്ടയിലേക്ക് പ്രതിഷേധം സംഘടിപ്പിച്ച ജാമിയ മില്ലിയ സര്‍വകലാശാലയിലെ നൂറുകണിക്കിന് വിദ്യാര്‍ഥികളെയും പോലീസ് കസ്റ്റഡിയിലെടുത്തു. നിരോധനാജ്ഞ അവഗണിച്ച് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ച വിദ്യാര്‍ഥികളെയാണ് കസ്റ്റഡിയിലെടുത്തത്.