ന്യൂഡൽഹി: ബിബിസിയിലെ ആദായ നികുതി റെയ്‍ഡില്‍ അപലപിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും പേര് സർവ്വേ എന്നാണെങ്കിലും നടത്തുന്നത് റെയ്ഡ് ആണെന്നും യെച്ചൂരി പറഞ്ഞു.
ബിബിസിയുടെ ദില്ലി, മുംബൈ ഓഫീസുകളില്‍ നടക്കുന്ന ആദായ നികുതി വകുപ്പിന്‍റെ പരിശോധന 24 മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്. നികുതി നൽകാതെ അനധികൃതമായി ലാഭം വിദേശത്തേക്ക് കടത്തിയെന്ന ആരോപണത്തിലാണ് പരിശോധന തുടരുന്നത്.
വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര കമ്പനികൾക്ക് ബാധകമായ ചട്ടങ്ങൾ ബിബിസി ലംഘിച്ചുവെന്നാണ് ആദായ നികുതി വ്യത്തങ്ങൾ സൂചിപ്പിക്കുന്നത്. രേഖകൾ സമർപ്പിക്കണമെന്ന് പല പ്രാവശ്യം ബിബിസിയോട് ആവശ്യപ്പെട്ടെന്നും ഇതുസംബന്ധിച്ച് നോട്ടീസ് നൽകിയിരുന്നുവെന്നും വകുപ്പ് വിശദീകരിക്കുന്നു.
നികുതി ഇളവ് ലഭിക്കാൻ ഏതെങ്കിലും തരത്തിലുള്ള കൃത്രിമത്വം കാണിച്ചിട്ടുണ്ടോ എന്നതും അന്വേഷണ പരിധിയിലാണെന്നാണ് വകുപ്പ് വ്യക്തമാക്കുന്നത്. പരിശോധനയോട് സഹകരിക്കാൻ ജീവനക്കാരോട് ബിബിസി നിർദേശം നൽകി. ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകണം. വരുമാനം സംബന്ധിച്ചുളള ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടതില്ലെന്നും ഇമെയിലൂടെ ബിബിസി നിര്‍ദ്ദേശം നല്‍കി.