സഹോദരിമാർക്ക് പീഡനം: ഒരാൾ ആത്മഹത്യക്കു ശ്രമിച്ചു; മധ്യപ്രദേശിൽ ബിജെപി നേതാവിന്റെ മകനെതിരെ പരാതി

ഭോപാൽ: മധ്യപ്രദേശിൽ യുവതിയെയും അനിയത്തിയെയും ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബിജെപി നേതാവിന്റെ മകനെതിരെ ആരോപണം. യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയും ഇവരുടെ പ്രായപൂർത്തിയാകാത്ത അനിയത്തിയെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്ത 4 പേരിൽ ഒരാൾ ബിജെപി നേതാവിന്റെ മകനാണെന്നാണു ആരോപണം. മധ്യപ്രദേശിലെ ഡാറ്റിയ ജില്ലയിലാണു ക്രൂരമായ സംഭവം നടന്നത്. 

തന്നെയും ചേച്ചിയെയും നാലംഗ സംഘം തട്ടിക്കൊണ്ടുപോയി ഒരു വീട്ടിലെത്തിച്ചു പീഡിപ്പിച്ചെന്ന് ഇളയ സഹോദരിയാണ് പരാതി നൽകിയത്. സംഭവത്തിനു പിന്നാലെ പെൺകുട്ടികളിൽ ഒരാൾ ആത്മഹത്യക്കു ശ്രമിച്ചു. ഇവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. പ്രതികളും പെൺകുട്ടികളും വിദ്യാർഥികളാണെന്നും സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും ഡാറ്റിയ പൊലീസ് സൂപ്രണ്ട് പ്രദീപ് ശർമ പറഞ്ഞു. 

കേസിൽ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ടു പെൺകുട്ടികളുടെ ബന്ധുക്കളും പ്രദേശവാസികളും പൊലീസ് സ്റ്റേഷനിൽ പ്രതിഷേധിച്ചു. രണ്ടുപേരെ പൊലീസ് പിടികൂടി.  സംഭവം ദൗർഭാഗ്യകരമെന്നും പെൺകുട്ടികൾ നേതാവിന്റെ മകന്റെ പേരു പൊലീസിനു നൽകുന്ന മൊഴിയിൽ പറയുകയാണെങ്കിൽ പാർട്ടി നടപടി സ്വീകരിക്കുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് സുരേന്ദ്ര ബുധോലിയ പറഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News