വയനാട്: സിസ്റ്റര്‍ ലൂസി കളപ്പുരയ്‍ക്കെതിരെ അപവാദപ്രചാരണം നടത്തിയ മാനന്തവാടി രൂപതാ പിആര്‍ഒ ഫാദര്‍ നോബിള്‍ പാറയ്ക്കലിനെ ഒന്നാം പ്രതിയാക്കി വെള്ളമുണ്ട പൊലീസ് കേസെടുത്തു. സിസ്റ്റര്‍ ലൂസി നല്‍കിയ പരാതിയിലാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ അപവാദപ്രചാരണം നടത്തി, അപകീര്‍ത്തികരമായ വ്യാജപ്രചാരണം നടത്തി എന്നീ കുറ്റങ്ങളാണ് ഫാദര്‍. നോബിള്‍ പാറയ്ക്കലിനെതിരായി ചുമത്തിയിരിക്കുന്നത്.മഠത്തില്‍ തന്നെ കാണാന്‍ മാധ്യമപ്രവര്‍ത്തകര്‍ എത്തിയ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് പ്രചരണമെന്നാണ് സിസ്റ്ററുടെ പരാതി.
‘അടുക്കള വാതിലിലൂടെ സിസ്റ്റര്‍ പുരുഷന്മാരെ അകത്തു വിളിച്ചു കയറ്റി’യെന്നു പറഞ്ഞാണ് ഈ വീഡിയോ പ്രചരിപ്പിക്കുന്നത്. മദര്‍ സുപ്പീരിയറക്കം ആറു പേർ പ്രതിപ്പട്ടികയിലുള്‍പ്പെട്ടിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് സിസ്റ്റര്‍ ലൂസിയുടെ മൊഴി ഉടന്‍ സ്വീകരിക്കുമെന്ന് വെള്ളമുണ്ട പൊലീസ് വ്യക്തമാക്കി.
വാര്‍ത്തശേഖരണവുമായി ബന്ധപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുരയെ കാണാന്‍ എത്തിയ രണ്ടു പ്രദേശിക മാധ്യമ പ്രവര്‍ത്തകര്‍ കാരയ്ക്കാമല മഠത്തിലേക്ക് വരുന്ന സിസിടിവി ദൃശ്യങ്ങളാണ് മാനന്തവാടി രൂപത പിആര്‍ഒയും വൈദികനുമായ ഫാദര്‍ നോബിള്‍ തോമസ് പാറക്കല്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.