കോട്ടയം: ബിഷപ്പ് ഫ്രാങ്കോയെ വെറുതെ വിട്ട വിധിയില്‍ പ്രതികരണവുമായി സിസ്റ്റര്‍ അനുപമ. വിശ്വസിക്കാനാവാത്ത വിധിയെന്ന് കുറവിലങ്ങാട് മഠത്തിലെ സിസ്റ്റര്‍ അനുപമ. പണവും സ്വാധീനവും ഉണ്ടെങ്കില്‍ എന്തും നേടാം എന്നതിന് തെളിവാണ് വിധി. തങ്ങള്‍ സുരക്ഷിതരല്ലെന്നും കൂടുതല്‍ വെളിപ്പെടുത്താനാകില്ലെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.
കേസിന്റെ വാദം തുടങ്ങിയതിന് ശേഷം അട്ടിമറിക്കപ്പെട്ടത് തന്നെയാണെന്നും അനുപമ പറഞ്ഞു. സാധാരണക്കാരായ ഞങ്ങളെ പോലുള്ളവര്‍ കേസിന് പോകരുതെന്നാണ് തോന്നുന്നത്. വിധി പകര്‍പ്പ് കിട്ടിയില്ല. പണവും സ്വാധീനവുമാണ് കേസ് അട്ടിമറിക്കാന്‍ കാരണം പണത്തിന്റെയും സ്വാധീനത്തിന്റെയും പേരിലാണ് ഇത് സംഭവിച്ചത്. പോരാട്ടം തുടരും. കൂടെ നിന്ന എല്ലാ നല്ലവരായവര്‍ക്കും നന്ദി. ഇങ്ങനെ ഒരു വിധി പ്രതീക്ഷിച്ചിരുന്നില്ല.
വിധി ഇങ്ങനെ വന്നത് വിശ്വസിക്കുന്നില്ല. പൊലീസും പ്രോസിക്യൂട്ടറും നല്ല രീതിയില്‍ കേസിനെ കണ്ടു, എല്ലാ തെളിവുകളും നല്‍കിയിരുന്നു. നല്ല രീതിയില്‍ കേസ് വാദിച്ചു. പിന്നെ എന്ത് സംഭവിച്ചു എന്നറിയില്ലെന്നും. നീതി കിട്ടുന്നതുവരെ പോരാട്ടം തുടരുമെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.
കോടതി വിധി വേദനാജനകമെന്നായിരിന്നു സിസ്റ്റര്‍ ലൂസി കളപ്പുരയുടെ പ്രതികരണം. നീതി ദേവത കൊലചെയ്യപ്പെട്ടു. കേസില്‍ ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്. കുറ്റം ചെയ്തിട്ടുള്ള ആളാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റവിമുക്തനാണെന്ന് പ്രഖ്യാപിക്കുമ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. കേരളത്തിനോ രാജ്യത്തിനോ അത് ഉള്‍ക്കൊളളാന്‍ സാധിക്കില്ല. ഒരു സ്ത്രീയുടെ നിസഹായത മനസിലാക്കാന്‍ കോടതിക്ക് കഴിയണം. കഴയുമെന്നുള്ള വിശ്വാസമുണ്ടെന്നും കേസുമായി ബന്ധപ്പെട്ട് മുന്നോട്ടുള്ള പ്രയാണം തുടരുമെന്നും സിസ്റ്റര്‍ ലൂസി കളപ്പുര വ്യക്തമാക്കി.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടു എന്ന ഒറ്റവാക്കിലായിരുന്നു കോടതിയുടെ വിധിപ്രസ്താവം. പുഞ്ചിരിച്ച മുഖത്തോടെയാണ് ബിഷപ്പ് കോടതി മുറിയില്‍ നിന്നും പുറത്തേക്കു വന്നത്. ദൈവത്തിനു സ്തുതിയെന്നായിരുന്നു വിധിപ്രസ്താവം കേട്ടയുടന്‍ ഫ്രാങ്കോയുടെ പ്രതികരണം.