CrimeKeralaNews

വിവസ്ത്രയായി ഓടും,ദേഹത്ത് മലം പുരട്ടും,സ്റ്റേഷനില്‍ നിന്ന് ഓടുപൊളിച്ച് രക്ഷപ്പെടാനും ശ്രമം,സിപ്‌സി അങ്കമാലി പോലീസ് സ്‌റ്റേഷന്‍ ലിസ്റ്റിലെ ഏക വനിതാ റൗഡി

കൊച്ചി: കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ കൊല്ലപ്പെട്ട ഒന്നരവയസ്സുകാരി നോറ മരിയയുടെ അമ്മൂമ്മ സിപ്‌സി അങ്കമാലിയിലെ റൗഡി ലിസ്റ്റിലെ പ്രധാനിയെന്ന് പൊലീസ്.

സിപ്‌സിക്കെതിരെ മോഷണം മുതല്‍ കഞ്ചാവു കേസുകള്‍ വരെയുണ്ട്. അങ്കമാലി പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലെ ഏകവനിതയായ സിപ്‌സിയുടെ മകന്‍ സജീവും റൗഡി ലിസ്റ്റിലുണ്ട്.

അങ്കമാലി, ചെങ്ങമനാട്, കൊരട്ടി, തൃശൂര്‍, എറണാകുളം തുടങ്ങിയ ഇടങ്ങളിലാണ് ഇവര്‍ക്കെതിരെ കേസുകളുള്ളത്. ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. വാറന്റുമായി എത്തുമ്പോള്‍ വിവസ്ത്രയായി ഇറങ്ങി ഓടുകയും ഭീഷണിപ്പെടുത്തുകയുമാണ് ഇവരുടെ പതിവെന്നും പൊലീസ് പറഞ്ഞു.

പൊലീസിന്റെ കയ്യില്‍ നിന്നും രക്ഷപ്പെടാന്‍ പല കുതന്ത്രങ്ങളും ഇവര്‍ പയറ്റും. ദേഹത്ത് മലം പുരട്ടി ഇറങ്ങിയോടുകയും പൊലീസ് സ്റ്റേഷന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. മുമ്പ്‌ കൊച്ചിയിലെ പൊലീസ് സ്റ്റേഷന്റെ ഓടുപൊളിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിച്ചതും വന്‍ വാര്‍ത്തയായിരുന്നു.

പിടിക്കാനെത്തിയ പൊലീസുകാര്‍ ഉപദ്രവിച്ചതായി നാട്ടുകാരോട് പറഞ്ഞ് പീഡനക്കേസില്‍ കുടുക്കാനും ശ്രമിച്ചിട്ടുണ്ട്. കടകളില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതിനും, തൃശൂരിലെ സിനിമാ തിയേറ്ററില്‍ നിന്നും സ്‌കൂട്ടര്‍ മോഷ്ടിച്ചതിനും സിപ്‌സിക്കെതിരെ കേസുണ്ട്.

കുട്ടികള്‍ക്ക് മാതാപിതാക്കളുള്ളപ്പോള്‍ ഇവരുടെ സംരക്ഷണം എങ്ങനെ മുത്തശ്ശിയുടെ കൈയിലെത്തിയെന്ന് അന്വേഷിച്ചു വരികയാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച്‌ നാഗരാജു പറഞ്ഞു. പിതാവ് വീട്ടിലുള്ളപ്പോള്‍ തന്നെ കുട്ടികളെ മുത്തശ്ശി കൊണ്ടു നടന്നതിന്റെ കാരണം അന്വേഷിക്കും. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് നിലവില്‍ മുത്തശ്ശിക്കെതിരെ കേസെടുത്തിട്ടില്ല. നിയമോപദേശം കിട്ടിയശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നും പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.

ഹോട്ടൽ മുറിയിൽ കൊല്ലപ്പെട്ട ഒന്നര വയസുകാരി നോറയുടെ പിതാവ് സജീവും മുത്തശ്ശി സിപ്‌സിയും ക്രിമിനൽ പശ്‌ചാത്തലമുള്ളവരെന്ന് പോലീസ്. ഇരുവരും ഒട്ടേറെ മോഷണ, ലഹരിമരുന്ന് കേസുകളിലെ പ്രതികളാണ്. സിപ്‌സിക്ക് വഴിവിട്ട ബന്ധങ്ങൾ ഉണ്ടായിരുന്നതായും പോലീസ് പറയുന്നു. ഇതിലുള്ള അസംതൃപ്‌തിയാണ് സിപ്‌സിയുമായി സ്വരച്ചേർച്ചകൾ ഉണ്ടാകാൻ കാരണമെന്ന് കാമുകൻ ജോൺ ബിനോയ് ഡിക്രൂസ് പോലീസിന് മൊഴി നൽകി.

തന്റെ ലഹരിമരുന്ന് ഇടപാടുകൾക്ക് മറയായി സിപ്‌സി കുഞ്ഞുങ്ങളെ ഉപയോഗിച്ചിരുന്നു. അതിനാൽ ഇവരുടെ യാത്രകളിൽ കുട്ടികളെയും കൂടെ കൊണ്ടുപോകും. ഹോട്ടലുകളിൽ പലർക്കുമൊപ്പം റൂമെടുത്ത് താമസിക്കുമ്പോഴും കുട്ടികൾ ഇവർക്കൊപ്പം ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. മറ്റുള്ളവർക്ക് സംശയം തോന്നാതിരിക്കാനായിരുന്നു ഈ രീതി.

ഇവരുടെ നടപടികളെ നിരന്തരം എതിർത്തിരുന്ന മരുമകൾ ഡിക്‌സി ഗത്യന്തരമില്ലാതെ ഭർത്താവുമായുള്ള ജീവിതം അവസാനിപ്പിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. എന്നാൽ, കുട്ടികളെ ഡിക്‌സിക്ക് വിട്ടുകൊടുത്തിരുന്നില്ല. ഇത് സംബന്ധിച്ച് തർക്കങ്ങൾ നിലനിന്നിരുന്നു.

‘കുഞ്ഞിനെ കാണിക്കില്ലെന്ന് ഭർത്താവിന്റെ വീട്ടുകാർ പറഞ്ഞിരുന്നു എന്നാൽ, കൊന്നുകളയുമെന്ന് പ്രതീക്ഷിച്ചില്ല, കഴിഞ്ഞ 6ന് നാട്ടിൽ വരാനിരുന്നതാണ്. എന്നാൽ ഒപ്പം ജോലി ചെയ്‌തിരുന്ന ആൾ നാട്ടിൽ പോയതിനാൽ അതിന് സാധിച്ചില്ല. അന്ന് വന്നിരുന്നെങ്കിൽ എന്റെ കുഞ്ഞിന് ഈ അവസ്‌ഥ വരുമായിരുന്നില്ല’; ഡിക്‌സി കണ്ണീരോടെ പറയുന്നു.

കുട്ടികളെ നന്നായി നോക്കാനാണ് വിദേശജോലി തിരഞ്ഞെടുത്തത്. കുഞ്ഞുങ്ങളുടെ സംരക്ഷണം സംബന്ധിച്ച് ശിശുക്ഷേമ സമിതിക്ക് പരാതി നൽകിയെങ്കിലും വേണ്ട ഗൗരവത്തിൽ അന്വേഷിച്ചില്ലെന്ന് ഡിക്‌സി ആരോപിച്ചു. താൻ ദുബായിൽ നിന്ന് നാട്ടിലേക്ക് വരാൻ ഒരുങ്ങവേ ഭർത്താവ് ഭീഷണി സന്ദേശം അയച്ചതായും ഡിക്‌സി പറഞ്ഞു.

24കാരനായ ജോൺ ബിനോയ് ഡിക്രൂസും സിപ്‌സിയും തമ്മിൽ ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള അടുപ്പം ജോണിന്റെ വീട്ടിൽ അറിഞ്ഞതോടെ മാതാപിതാക്കളുമായി ജോൺ സ്വരച്ചേർച്ചയിലായിരുന്നു. ദത്തെടുത്ത് വളർത്തിയ മകന്റെ വഴിവിട്ട ജീവിതത്തിൽ മാതാപിതാക്കൾ അസംതൃപ്‌തരായിരുന്നു. എന്നാൽ, നോറയെ കൊലപ്പെടുത്തിയ ശേഷം ജോൺ മാതാപിതാക്കളെ കണ്ട് വിവരം പറഞ്ഞിരുന്നു.

തുടർന്ന്, ജോണിന്റെ അമ്മ കൊലപാതക വിവരം പള്ളുരുത്തി പോലീസിനെ അറിയിച്ചു. അകന്നുമാറാൻ ശ്രമിച്ചപ്പോൾ സിപ്‌സി തന്നെ ഭീഷണിപ്പെടുത്തിയെന്ന് ജോൺ പറയുന്നു. കള്ളക്കേസിൽ കുടുക്കുമെന്നും പറഞ്ഞിരുന്നു. കൊല്ലപ്പെട്ട നോറ ജോണിന്റെ മകളാണെന്ന് ആരോപിച്ചതും ഇയാളെ പ്രകോപിപ്പിച്ചു. തന്റെ വീട്ടിലും ജോലി സ്‌ഥലത്തും സിപ്‌സി എത്തിയിരുന്നു. ഇതാണ് കുഞ്ഞിനെ ഇല്ലാതാക്കാനുള്ള കാരണമെന്നാണ് ജോൺ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button