മൃഗവേട്ട നടന്നതിന് ഉറപ്പില്ല, പുലിപ്പല്ലെന്ന് തെളിയിക്കപ്പെട്ടിട്ടില്ല; വേടന്റെ ജാമ്യ ഉത്തരവിൽ കോടതി

കൊച്ചി: ഗായകന്‍ വേടന് (ഹിരണ്‍ദാസ് മുരളി) എതിരായ പുലിപ്പല്ല് കേസില്‍ വനംവകുപ്പിന് തിരിച്ചടി. ഗായകന്‍ മൃഗവേട്ടയോ വ്യാപാരമോ നടത്തിയതിന് തെളിവില്ലെന്ന് മാത്രമല്ല വേടനില്‍നിന്ന് പിടിച്ചെടുത്തത് പുലിപ്പല്ലാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും കോടതി സൂചിപ്പിച്ചു. ബുധനാഴ്ച പെരുമ്പാവൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വേടന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഈ ജാമ്യ ഉത്തരവിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

വേടനുമേല്‍ വനംവകുപ്പ് ചുമത്തിയിരിക്കുന്ന കുറ്റകൃത്യങ്ങള്‍ പ്രഥമദൃഷ്യാ നിലനില്‍ക്കില്ല. കാരണം, വേടനില്‍ നിന്ന് പിടിച്ചെടുത്തത് പുലിപ്പല്ലാണ് എന്ന് ശാസ്ത്രീയമായി തെളിയിക്കാനായിട്ടില്ല. നേരത്തെ ഇത്തരം ക്രിമിനല്‍ കേസുകളിലൊന്നും വേടന്‍ ഉള്‍പ്പെട്ടിട്ടില്ല. കഴിഞ്ഞ ദിവസം പോലീസ് കഞ്ചാവ് പിടികൂടിയ കേസ് മാത്രമാണ് വേടനെതിരെയുള്ളത്. മാത്രമല്ല, ജാമ്യവ്യവസ്ഥകള്‍ പൂര്‍ണമായി പാലിച്ചുകൊള്ളാമെന്ന് വേടന്‍ ഉറപ്പുനൽകുകയും ചെയ്തിട്ടുള്ളതായി ജാമ്യ ഉത്തരവില്‍ പറയുന്നു.

പുലിപ്പല്ലാണ് പിടിച്ചെടുത്തതെന്ന് ശാസ്ത്രീയമായി തെളിയിക്കാനാവാത്ത സാഹചര്യത്തില്‍ വേടന് ജാമ്യം നിഷേധിക്കുന്നത് ഉചിതമാവില്ല എന്ന് കണക്കിലെടുത്താണ് ഇയാള്‍ക്ക് ജാമ്യം അനുവദിക്കുന്നത് എന്നാണ് ജാമ്യ ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. ചെന്നൈയില്‍വെച്ച് ഒരു ആരാധകന്‍ തന്ന സമ്മാനം ഉപയോഗിക്കുക മാത്രമാണ് ചെയ്തതെന്നും പുലിപ്പല്ലാണ് എന്നറിഞ്ഞുകൊണ്ടല്ല താനിത് ഉപയോഗിച്ചത് എന്നുമായിരുന്നു വേടന്റെ മൊഴി. ഇക്കാര്യങ്ങള്‍ ശരിവെച്ചുകൊണ്ടാണ് കോടതി ഗായകന് ജാമ്യം അനുവദിച്ചത്.

എല്ലാ വ്യാഴാഴ്ചകളിലും കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസിലെത്തി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ട് പുറത്തുപോകാന്‍ പാടില്ല, സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ പാടില്ല, സാക്ഷികളുമായി കൂടിക്കാഴ്ച നടത്താനോ അവരെ ഭീഷണിപ്പെടുത്താനോ പാടില്ല എന്നിങ്ങനെ കടുത്ത ജാമ്യവ്യവസ്ഥകളാണ് കോടതി ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News