കൊച്ചി:കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചതിനുപിന്നാലെ ഒട്ടേറെ വിവാദങ്ങളും ഉയർന്നുവന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രശസ്ത ഗായിക പുഷ്പവതി പൊയ്പാടത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ചർച്ചയാകുകയാണ്.
കേരളീയ ജാതിമനസ്സിൽ ഇപ്പോഴും പൂർണ്ണരായി കണക്കാക്കപ്പെടാത്ത മനുഷ്യർക്ക് അംഗീകാരം കിട്ടുമ്പോൾ ചിലർ അസ്വസ്ഥരെന്ന് പുഷ്പവതി ഫെയ്സ്ബുക്കിൽ കുറിച്ചു. 2011-ൽ പുറത്തിറങ്ങിയ സോൾട്ട് ആന്റ് പെപ്പറിലെ ചെമ്പാവ് പുന്നെല്ലിൻ ചോറോ എന്ന ഗാനത്തിന് അവാർഡ് ലഭിക്കാതെപ്പോയതിനെക്കുറിച്ചും പുഷ്പവതി കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
പോസ്റ്റ് ഇങ്ങനെ:
ചെമ്പാവ് പുന്നെല്ലിൻ ചോറോ എന്ന ഗാനം 2011ൽ Bijibal Maniyilന്റെ സംഗീതത്തിൽ Salt &Pepper എന്ന Ashique Abu സംവിധാനം ചെയ്ത സിനിമയിൽ ഞാൻ പാടിയ ഗാനമാണ്. ആ വർഷം ഇറങ്ങിയ ഗാനങ്ങളിൽ ഏറ്റവും ജനപ്രിയ ഗാനമായിരുന്നു അത്. ആ വർഷത്തെ ജനപ്രിയ ഗാനത്തിനോ അല്ലെങ്കിൽ പ്രത്യേക ജൂറി പരാമർശമോ ഒന്നും സംസ്ഥാന അവാർഡ് കമ്മിറ്റി ആ ഗാനത്തിനു തന്നില്ല.
അതിനു ശേഷം അതെ ജോണറിൽ ഇറങ്ങിയ ഏനുണ്ടോടി, കാറ്റേ കാറ്റേ തുടങ്ങിയ ഗാനങ്ങൾക്ക് അവാർഡ് നൽകാൻ സംസ്ഥാന അവാർഡ് കമ്മിറ്റിക്ക് കഴിഞ്ഞു. കേരളത്തിൽ നിന്ന് കിട്ടിയില്ലെങ്കിലും ഹൈദരാബാദിൽ വച്ചു നടന്ന “സന്തോഷം സൗത്ത് ഇന്ത്യൻ ഫിലിം അവാർഡ്” ആ ഗാനത്തിനു ലഭിച്ചു. ഹൈദരാബാദ് താജ് ൽ വച്ചു നടന്ന അവാർഡ് ദാന ചടങ്ങിൽ ഞാൻ ഏറ്റവും ഇഷ്ട്ടപെടുന്ന ഉലകനായകൻ കമൽ ഹാസനിൽ നിന്നുമാണ് ആ പുരസ്കാരം ഏറ്റുവാങ്ങിയത്. കേരളം അത് അറിഞ്ഞത് പോലുമില്ല.
കേരളീയജാതി മനസ്സിൽ ഇപ്പോഴും പൂർണ്ണരായി കണക്കാക്കപ്പെടാത്ത മനുഷ്യരുടെ പ്രതിനിധാനങ്ങൾക്ക് അംഗീകാരം കിട്ടുമ്പോൾ മറ്റുള്ളവർക്ക് ഉണ്ടാകുന്ന അസ്വസ്ഥത ആകുലത.. എന്താല്ലേ.


