ഗായകൻ കെ.കെയുടെ മരണകാരണമിതാണ്,പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്
കൊൽക്കത്ത: ബോളിവുഡ് ഗായകനും മലയാളിയുമായ, കെ കെ എന്നറിയപ്പെടുന്ന കൃഷ്ണകുമാർ കുന്നത്തിന്‍റെ അകാല മരണത്തിന് കാരണം ഹൃദയാഘാതമെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പശ്ചിമ ബംഗാൾ പൊലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം കൊല്‍ക്കത്തയില്‍നിന്നും മുംബൈക്ക് കൊണ്ടുപോയി. മുംബൈ വെർസോവയിലെ വസതിയിലെത്തിച്ച ശേഷം പൊതുദർശനമുണ്ടാകും. നാളെ രാവിലെയാണ് സംസ്കാരച്ചടങ്ങുകൾ തീരുമാനിച്ചിരിക്കുന്നത്. രാവിലെ 9 മണിക്ക് ശേഷം സംസ്കാരം മുംബൈ മുക്തിദാൻ ശ്മശാനത്തിലാണ് നടക്കുക.
കൊൽക്കത്തയിലെ നസ്‍രുൾ മഞ്ച ഓഡിറ്റോറിയത്തിൽ രാത്രി എട്ടര വരെ പരിപാടി അവതരിപ്പിച്ച ശേഷമാണ് കെ കെ താമസിച്ചിരുന്ന ഹോട്ടലിലേക്ക് എത്തിയത്. രാത്രി പത്തരയോടെ ക്ഷീണം അനുഭവപ്പെട്ട കെ കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ കെ കെയെ സിഎംആർഐ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്ക് തന്നെ അദ്ദേഹത്തിന്‍റെ മരണം സംഭവിച്ചിരുന്നു.
കെ കെയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കൊല്‍ക്കത്ത പോലീസ് കേസെടുത്തു. അതേസമയം മരണത്തില്‍ ദുരൂഹതയാരോപിച്ച് ബംഗാൾ സർക്കാറിനെതിരെ ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.
കെ കെയുടെ മുഖത്തും തലയിലും മുറിവേറ്റിട്ടുണ്ട്. ഇത് വീഴ്ചയില്‍ സംഭവിച്ചതാകാമെന്നാണ് നിഗമനം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തലെങ്കിലും അസ്വാഭാവിക മരണത്തിന് കൊല്‍ക്കത്ത ന്യൂ മാര്‍ക്കറ്റ് പോലീസ് കേസെടുക്കുകയായിരുന്നു. കൊല്‍ക്കത്ത ജോയിന്‍റ് കമ്മീഷണറുടെ നേതൃത്വത്തില്‍ കെകെ താമസിച്ച സ്വകാര്യ ഹോട്ടലില്‍ പരിശോധന നടത്തി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. രണ്ടുപേരെ ചോദ്യം ചെയ്തു.