കൊച്ചി: ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമായി സില്‍വര്‍ ലൈന്‍ പദ്ധതി മാറില്ലെന്ന് റവന്യുമന്ത്രി കെ രാജന്‍. ജനങ്ങളുടെ ആശങ്ക പൂര്‍ണമായി പരിഹരിക്കും. പദ്ധതി സംബന്ധിച്ച് മുന്നണിയിലെ ഘടക കക്ഷികള്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങള്‍ എല്ലാം പരിഹരിച്ചശേഷമേ പദ്ധതി നടപ്പാക്കൂ. പദ്ധതി പൊതു സമൂഹത്തിനുവേണ്ടിയുള്ളതാണ്. പൊതുസമൂഹത്തെ വിശ്വാസത്തിലെടുത്തും അവരുടെ അഭിപ്രായങ്ങള്‍ സ്വീകരിച്ചുമായിരുക്കും പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു.
അതേസമയം സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുനരാലോചന നടത്തണമെന്ന് പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ പറഞ്ഞു. പദ്ധതി പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രിയോട് കൈകൂപ്പി അപേക്ഷിക്കുന്നു. പദ്ധതി പ്രകൃതിയെ എങ്ങനെ ബാധിക്കുമെന്ന് ഒരു പഠനം പോലും ഉണ്ടായിട്ടില്ലെന്ന് അവര്‍ ആരോപിച്ചു.
സില്‍വര്‍ ലൈന്‍ പദ്ധതി പശ്ചിമ ഘട്ടത്തെ അപകടത്തില്‍ ആക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. പ്രകൃതി വിഭവങ്ങളുടെ മൂല്യം ഭരണാധികാരികള്‍ മനസിലാക്കുന്നില്ല. ജലം ഒഴുക്ക് തടസപ്പെടും. ഇതിന്റെ ഭവിഷ്യത്ത് കേരളം ഇപ്പൊ തന്നെ അനുഭവിച്ചു കഴിഞ്ഞു.എളുപ്പം സമീപിക്കാന്‍ സാധിക്കുന്ന നേതാവല്ല പിണറായി വിജയനെന്ന് അവര്‍ വ്യക്തമാക്കി.
അദ്ദേഹം ജനങ്ങള്‍ക്ക് അപ്രാപ്യനായി നില്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. ഇടതുപക്ഷത്തിന്റെ വര്‍ഗീയവിരുദ്ധ പോരാട്ടം എല്ലാ മേഖലകളിലും ഉണ്ടാകണമെന്നും അവര്‍ വ്യക്തമാക്കി. സില്‍വര്‍ ലൈന്‍ പദ്ധതിക്കായി കോഴിക്കോട് ജില്ലയില്‍ സര്‍വേ നടത്തിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമെന്നും മേധ കൂട്ടിച്ചേര്‍ത്തു.