കോട്ടയം: നട്ടാശേരിയില്‍ സില്‍വര്‍ ലൈനിന്റെ ഭാഗമായി സ്ഥാപിച്ച സര്‍വേക്കല്ലുകള്‍ നാട്ടുകാര്‍ പിഴുതെറിയുന്നു. 12 കല്ലുകളാണ് ഇന്ന് രാവിലെ നാട്ടുകാരെത്തും മുന്‍പ് ഉദ്യോഗസ്ഥര്‍ സ്ഥാപിച്ചത്. കുഴിയാലിപ്പടി ഭാഗത്ത് കനത്ത പൊലീസ് സുരക്ഷയിലാണ് അതിരടയാള കല്ലുകള്‍ സ്ഥാപിച്ചത്.
സര്‍വേക്കല്ലുകളുമായെത്തിയ വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞതോടെ വന്‍ പോലീസ് സന്നാഹമാണ് സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുന്നത്. പിഴുത കല്ലുകളുമായി മാര്‍ച്ച് നടത്താന്‍ പോവുകയാണെന്നും പ്രതീകാത്മകമായി വില്ലേജ് ഓഫീസിന് മുന്നില്‍ കല്ലിടുമെന്നുമാണ് സമരക്കാര്‍ പറയുന്നത്.
അതിരടയാളക്കല്ലിടാന്‍ റവന്യുവകുപ്പ് നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് റവന്യു മന്ത്രി കെ രാജന്‍ പറയുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതിക്കായി കല്ലിടുന്നത് റവന്യു വകുപ്പിന്റെ സ്വന്തം ഇഷ്ടപ്രകാരമല്ല. കെ റെയിലിന്റെ ആവശ്യപ്രകാരമാണ് റവന്യു വകുപ്പ് കല്ലിടുന്നത്. ഭീഷണിപ്പെടുത്തി ഭൂമി ഏറ്റെടുക്കുന്നത് സര്‍ക്കാര്‍ നയമല്ല. സാമൂഹിക ആഘാതപഠനം പദ്ധതിക്ക് എതിരായാല്‍ കല്ലെടുത്ത് മാറ്റും. അതിരടയാള കല്ലിടുന്നത് സാമൂഹിക ആഘാത പഠനത്തിന് വേണ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബലപ്രയോഗത്തിലൂടെ സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. റവന്യു ഉദ്യോഗസ്ഥര്‍ ഒരു ഘട്ടത്തിലും ബലപ്രയോഗം നടത്തകിയിട്ടില്ല. മുഖ്യമന്ത്രിയുടെ വിശദീകരണത്തിനപ്പുറം ഒന്നും പറയാനില്ലെന്ന് റവന്യു മന്ത്രി ട്വന്റിഫോറിനോട് പ്രതികരിച്ചിരുന്നു. സംസ്ഥാനത്ത് സില്‍വര്‍ ലൈന്‍ സര്‍വേയില്‍ അനിശ്ചിതത്വം തുടരുകയാണ്.