26.3 C
Kottayam
Saturday, November 23, 2024

സില്‍വര്‍ ലൈന്‍: എതിര്‍പ്രചാരണങ്ങളുടെ മുനയൊടിച്ച് മുഖ്യമന്ത്രി,എതിര്‍പ്പിനൊപ്പമല്ല നാടിന്റെ ഭാവിക്കൊപ്പം നില്‍ക്കലാണ് സര്‍ക്കാരിന്റെ കടമയെന്ന് പിണറായി വിജയൻ

Must read

കൊച്ചി:സില്‍വര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശങ്കകള്‍ക്കും ആരോപണങ്ങള്‍ക്കും അക്കമിട്ട് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം ടിഡിഎം ഹാളില്‍ സംഘടിപ്പിച്ച വിശദീകരണ യോഗത്തില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു പുറമേ നിരവധി പേരുമെത്തിയിരുന്നു. ഇവര്‍ക്കു മുന്നിലാണ് മുഖ്യമന്ത്രി സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിശദീകരിച്ചത്. സദസിലുണ്ടായിരുന്ന അതിഥികളുടെ മറുപടികള്‍ക്ക് കെ-റെയില്‍ മാനേജിംഗ് ഡയറക്ടര്‍ വി. അജിത് കുമാര്‍ മറുപടി നല്‍കി.

നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു: ഓര്‍മ്മ വേണം

സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ആദ്യം ചര്‍ച്ച നടത്തിയത് എംഎല്‍എമാരുമായാണ്. പദ്ധതിയെക്കുറിച്ച് നിയമസഭയില്‍ പറഞ്ഞില്ലെന്നത് ഓര്‍മ്മക്കുറവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു ഘട്ടത്തിനു ശേഷമാണ് എതിര്‍പ്പ് ഉയര്‍ന്നത്. അതിന് അതിന്റേതായ കാരണങ്ങളുണ്ട്. നിയമസഭയില്‍ ഈ വിഷയം അവതരിപ്പിച്ചിട്ടില്ലെന്നത് ശരിയല്ല. പദ്ധതിയുടെ തുടക്കത്തില്‍ തന്നെ എംഎല്‍എമാരുമായാണ് ആദ്യം ചര്‍ച്ച ചെയ്തത്. നിയമസഭയില്‍ പ്രധാന കക്ഷിനേതാക്കള്‍ വിഷയവുമായി ബന്ധപ്പെട്ട് സംശയങ്ങളുന്നയിച്ചിരുന്നു. അടിയന്തര പ്രമേയത്തിന് മറുപടിയും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ നിയമസഭയിലായിരുന്നു ഇത്. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയ സാഹചര്യത്തിലാണ് എതിര്‍പ്പ് രൂക്ഷമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കല്ലിടൽ‍ സാമൂഹികാഘാത പഠനത്തിന്

9316 കെട്ടിടങ്ങളാണ് പദ്ധതിക്കായി പൊളിക്കേണ്ടി വരുന്നത്. ഇത് കുറയ്ക്കാനാകുമോ എന്ന് പരിശോധിച്ച് വരികയാണ്. ഭൂമിയേറ്റെടുക്കുമ്പോള്‍ ഗ്രാമപ്രദേശങ്ങളില്‍ പരമാവധി നാലിരട്ടി തുകയും നഗരപ്രദേശങ്ങളില്‍ രണ്ടിരട്ടിയുമാണ് നഷ്ടപരിഹാരം. 13265 കോടിയാണ് സ്ഥലമെറ്റെടുക്കാനും നഷ്ടപരിഹാരത്തിനുമായി നീക്കിവെച്ചിരിക്കുന്നത്. ഇതില്‍ 1730 കോടി പുനരധിവാസത്തിന് വിനിയോഗിക്കും. 4460 കോടി വീടുകളുടെ നഷ്ടപരിഹാരത്തിനായിരിക്കും വിനിയോഗിക്കുക. സാമൂഹികാഘാത പഠനത്തിന്റെ മുന്നോടിയായി അലൈന്‍മെന്റിന്റെ അതിര്‍ത്തികളില്‍ കല്ലിടല്‍ പുരോഗമിക്കുകയാണ്. ഭൂമിയേറ്റെടുക്കലും നഷ്ടപരിഹാരം നല്‍കലും നിയമപ്രകാരം പൂര്‍ത്തിയാക്കും.

പരിസ്ഥിക്ക് കോട്ടമല്ല, നേട്ടം

പദ്ധതി പരിസ്ഥിതിക്ക് ദോഷകരമാണ് എന്ന വാദം തികച്ചും തെറ്റാണ്. പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെയോ വന്യജീവി മേഖലകളിലൂടെയോ സില്‍വര്‍ ലൈന്‍ കടന്നുപോകുന്നില്ല. ഏതെങ്കിലും നദിയുടെയോ ജലസ്രോതസുകളുടെയോ ഒഴുക്ക് പാത തടസപ്പെടുത്തുന്നില്ല. നെല്‍പ്പാടങ്ങളിലും തണ്ണീര്‍ത്തടങ്ങളിലും തൂണുകള്‍ക്ക് മുകളിലൂടെയാണ് സില്‍വര്‍ ലൈന്‍ കടന്നു പോകുന്നത്. തൂണിന്റെ സ്ഥലത്ത് മാത്രമേ കൃഷി ചെയ്യാന്‍ പറ്റാതെയാകൂ. കാര്‍ബണ്‍ ബഹിര്‍ഗമനം വലിയ തോതില്‍ കുറയ്ക്കാന്‍ പദ്ധതിക്കാവും. സില്‍വര്‍ ലൈനില്‍ റോ-റോ സംവിധാനം വഴി ചരക്ക് വാഹനങ്ങളും എത്തിക്കാനാകും. കാറുകളും ഇതുവഴി കൊണ്ടുപോകാം. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗത്തിലും വലിയ കുറവുണ്ടാകും. 500 കോടിയുടെ ഫോസില്‍ ഇന്ധന ഉപയോഗം കുറയ്ക്കാനാകും. ഇത് പ്രകൃതിക്ക് വലിയ നേട്ടമാണുണ്ടാക്കുക. പ്രകൃതിയെ മറന്നുള്ള വികസനം സര്‍ക്കാര്‍ നടപ്പാക്കില്ല.

റെയിൽ‍വേ ലൈന്‍ കൊണ്ട് പ്രളയമുണ്ടായോ

പദ്ധതി വന്നാല്‍ വലിയ പ്രളയമുണ്ടാകുമെന്നാണ് ചിലരുടെ വാദം. നിലവിലെ റെയില്‍വേ ലൈനുകള്‍ മൂലം വെള്ളപ്പൊക്കമുണ്ടാകുന്നില്ല. ഇതേ രീതിയിലാണ് സില്‍വര്‍ ലൈനും നിര്‍മ്മിക്കുന്നത്. പാതയുടെ വശങ്ങളിലെ എംബാങ്ക്‌മെന്റ് അഥവ മണ്‍തിട്ടകളില്‍ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള ചാലുകളിലൂടെ വെള്ളമൊഴുകും. ഇത്തരം വസ്തുകള്‍ പരിശോധിക്കുന്നതിന് ഹൈഡ്രോഗ്രാഫിക് സര്‍വേ പുരോഗമിക്കുകയാണ്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെയുണ്ടായ പ്രളയത്തിന്റെയും വേലിയേറ്റത്തിന്റെയും വേലിയിറക്കത്തിന്റെയും കണക്കെടുത്തിട്ടാണ് പദ്ധതിക്ക് രൂപം കൊടുത്തിട്ടുള്ളത്.

കേരളത്തെ രണ്ടായി വിഭജിക്കുമെന്ന വാദവും നിലനില്‍ക്കില്ല. ഓരോ 500 മീറ്ററിലും മേല്‍പ്പാലമോ അടിപ്പാതയോ ഉണ്ടാകും. ആകെ പാതയുടെ 25 ശതമാനത്തിലേറെ തുരങ്കങ്ങളിലൂടെയും തൂണുകളിലൂടെയുമാണ് കടന്നുപോകുന്നത്. നിലവിലെ റെയില്‍വനേ ലൈനുകളുടെ വികസനത്തിന് സില്‍വര്‍ ലൈനിനേക്കാള്‍ പണം ആവശ്യമാണ്. ശബരി റെയില്‍പാതയ്ക്കായി 50% സര്‍ക്കാര്‍ വഹിക്കാമെന്നേറ്റിട്ടും പദ്ധതി പ്രാവര്‍ത്തികമാക്കാനായിട്ടില്ല.

63941 കോടി രൂപയാണ് പദ്ധതി ചെലവ് കണക്കാക്കുന്നത്. അന്താരാഷ്ട്ര ഏജന്‍സികളുമായി സഹകരിച്ച് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കും. കേന്ദ്ര-സംസ്ഥാന വിഹിതവുമുണ്ടാകും. അഞ്ച് പാക്കേജുകളായായിരിക്കും നിര്‍മ്മാണം. എല്ലാ ദിവസവും 24 മണിക്കൂറും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കും. രണ്ട് വര്‍ഷത്തിനകം ഭൂമിയേറ്റെടുക്കലും മൂന്ന് വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണവും പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. കൂടുതല്‍ സമയമെടുത്താല്‍ പദ്ധതി ചെലവ് വര്‍ധിക്കും. ഫാസ്റ്റ് ട്രാക്ക് സംവിധാനത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കും. പദ്ധതിയുടെ നിര്‍മ്മാണ സമയത്ത് 50,000 തൊഴിലവസരങ്ങളും പദ്ധതി നിലവില്‍ വരുന്നതോടെ 11000 പേര്‍ക്ക് തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എതിര്‍പ്പിനൊപ്പം നില്‍ക്കുകയല്ല നാടിന്റെ ഭാവിക്കായി നിലകൊള്ളുകയും നാടിനെ പുരോഗതിയിലേക്ക് നയിക്കുകയുമാണ് സര്‍ക്കാരിന്റെ ധര്‍മ്മവും കടമയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് എറണാകുളം ടി.ഡി.എം ഹാളില്‍ സംഘടിപ്പിച്ച വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി ഇപ്പോള്‍ പറ്റില്ലെങ്കില്‍ പിന്നെ എപ്പോള്‍ എന്നു നാം ചിന്തിക്കണം. ഇപ്പോള്‍ നടപ്പാക്കേണ്ട പദ്ധതികള്‍ ഇപ്പോള്‍ തന്നെ നടപ്പാക്കിയില്ലെങ്കില്‍ അതുമൂലമുള്ള നഷ്ടം നികത്താന്‍ വര്‍ഷങ്ങളെടുക്കും. ഇത് നാടിനെ പിന്നോട്ടടിക്കും. കാലാനുസൃതമായി നാട് പുരോഗമിക്കണം. അല്ലെങ്കില്‍ അത് നാളത്തെ ഭാവിയായ നമ്മുടെ കുഞ്ഞുങ്ങളോട് ചെയ്യുന്ന നീതികേടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമ്പോള്‍ എതിര്‍പ്പുകളും പ്രയാസങ്ങളുമുണ്ടായേക്കാം. നാട് കൂടുതല്‍ മെച്ചപ്പെടുന്നതോടെ ജനങ്ങളുടെ ജീവിതവും മെച്ചപ്പെടും. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നാം ഏറെ മുന്നിലാണ്. കൂടുതല്‍ പുരോഗതി എങ്ങനെ നേടാമെന്നാണ് ചിന്തിക്കേണ്ടത്. കേരളത്തിലെ വിദ്യാഭ്യാസ മേഖല മറ്റു സംസ്ഥാനങ്ങളേക്കാള്‍ മുന്നിലാണ്. കാലാനുസൃതമായ പുരോഗതി പൊതുവിദ്യാഭ്യാസ മേഖലയിലുണ്ടാകണമെന്ന് ഈ രംഗത്തെ പ്രാധാന്യത്തോടെ കാണുന്നവര്‍ ആഗ്രഹിക്കുകയും അതനുസരിച്ച് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതിന്റെയും ഫലമാണിത്. പൊതുവിദ്യാലയങ്ങള്‍ തകര്‍ന്നു വീഴുകയും കുട്ടികള്‍ കൊഴിഞ്ഞുപോകുകയും ചെയ്ത കാലമുണ്ടായിരുന്നു. 2016 ല്‍ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പൊതുവിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചു. പശ്ചാത്തല സൗകര്യ മേഖലയിലും അക്കാദമിക് മേഖലയിലും അടക്കം വലിയ മാറ്റങ്ങളുണ്ടായി. അന്ന് വിദ്യാലയങ്ങള്‍ നന്നാകില്ലെന്ന് ധരിച്ചവരും നാട്ടിലുണ്ടായിരുന്നു. പൊതുവിദ്യാഭ്യാസ രംഗം മെച്ചപ്പെടണമെന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോയതുകൊണ്ടാണ് ഇതു സാധ്യമായത്.

ആരോഗ്യരംഗത്തും ഇതുതന്നെയാണ് സംഭവിച്ചത്. നേരത്തേ നേടിയ നേട്ടങ്ങളില്‍ തറച്ചുനില്‍ക്കാതെ പുതിയ നേട്ടങ്ങള്‍ക്കായി ശ്രമിച്ചു. 2016 ല്‍ ആരംഭിച്ച ആര്‍ദ്രം മിഷന്‍ ആരോഗ്യമേഖലയില്‍ സമഗ്ര മാറ്റമുണ്ടാക്കി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍ തുടങ്ങിയ ആരോഗ്യകേന്ദ്രങ്ങളില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി നിലവാരത്തിലുള്ള ചികിത്സാ സംവിധാനങ്ങളായി. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ സംസ്ഥാനത്തിന് ഇതു വളരെയേറെ ഗുണം ചെയ്തു. കോവിഡിനു മുന്നില്‍ ലോകരാജ്യങ്ങള്‍ വിറങ്ങലിച്ചു നിന്നപ്പോള്‍ ലോകത്തിനു മുന്നില്‍ നാം അഭിമാനത്തോടെ തല ഉയര്‍ത്തി നിന്നു. കേരളത്തിലെ ആരോഗ്യ സംവിധാനത്തിന്റെ പൊതുശേഷിയെ കോവിഡ് മറികടന്നില്ല.

നേട്ടങ്ങളുണ്ടായിരുന്ന മേഖലയില്‍ തന്നെ കൂടുതല്‍ നേട്ടങ്ങളുണ്ടാക്കുകയാണ് ഈ രണ്ടു മേഖലയിലും സംഭവിച്ചത്. എന്നാല്‍ പശ്ചാത്തല സൗകര്യത്തിന്റെ കാര്യത്തില്‍ നാം ഏറെ പിന്നിലായിരുന്നു. ദേശീയ പാത വികസനത്തില്‍ കേരളം പിന്നിലായിരുന്നു. ഗ്രാമീണ റോഡുകളുടെ പോലും വീതിയില്ലാത്ത ദേശീയ പാതയുണ്ടായിരുന്നു. ദേശീയപാതയുടെ വീതി കൂട്ടുന്ന ഘട്ടത്തില്‍ എത്ര മീറ്റര്‍ വീതി കൂട്ടണം എന്നതു സംബന്ധിച്ച് വാദപ്രതിവാദങ്ങള്‍ നടന്നു. തുടര്‍ന്ന് സര്‍വകക്ഷി യോഗത്തില്‍ 45 മീറ്റര്‍ വീതി കൂട്ടാന്‍ തീരുമാനമായെങ്കിലും എതിര്‍പ്പിനെ തുടര്‍ന്ന് അന്നത്തെ സര്‍ക്കാരിന് പദ്ധതിക്കായി ഭൂമിയേറ്റെടുക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ 2016 ല്‍ അധികാരത്തിലെത്തിയ സര്‍ക്കാര്‍ 45 മീറ്റര്‍ വീതി വര്‍ധിപ്പിക്കുന്നതിന് നടപടികളാരംഭിച്ചു. നാടിന്റെ ഭാവിക്കായി സഹകരിക്കണമെന്ന് എതിര്‍ത്തവരോട് അഭ്യര്‍ഥിച്ചു. നാടിന്റെ പൊതു ആവശ്യം മുന്നില്‍വെച്ചപ്പോള്‍ എല്ലാവരും സഹകരിച്ചു. ഏറ്റവുമധികം എതിര്‍പ്പ് ഉയര്‍ന്ന ജില്ലയില്‍പ്പോലും ജനങ്ങള്‍ സംതൃപ്തരാണ്. വലിയ തോതിലുള്ള നഷ്ടപരിഹാരമാണ് ഇവര്‍ക്ക് ലഭ്യമാക്കിയത്. ജനങ്ങളെ ബുദ്ധിമുട്ടിക്കുകയല്ല, പ്രയാസങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയല്ല ജനങ്ങള്‍ക്ക് ഒപ്പം നില്‍ക്കുകയും അവരെ കഴിയാവുന്നത്ര സഹായിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

ദേശീയപാതയില്‍ തലപ്പാടി മുതല്‍ ഓരോ റീച്ചുകളായി ടെന്‍ഡര്‍ ചെയ്ത് വരികയാണ്. ദേശീയ പാത വേണ്ട എന്നു വാദിച്ചവര്‍ക്കൊപ്പം സര്‍ക്കാര്‍ നിന്നിരുന്നുവെങ്കില്‍ പദ്ധതി നടക്കുമായിരുന്നില്ല. എതിര്‍ക്കുന്നവര്‍ക്കൊപ്പം നിന്നാല്‍ നാട് സര്‍ക്കാരിനെ കുറ്റപ്പെടുത്തും.

ഗെയ്ല്‍ പൈപ്പ് ലൈന്‍ മറ്റു സംസ്ഥാനങ്ങള്‍ നേരത്തേ പൂര്‍ത്തിയാക്കിയപ്പോള്‍ കേരളത്തില്‍ എതിര്‍പ്പുകൊണ്ട് പദ്ധതി മുടങ്ങിയിരുന്നു. തെറ്റായ പ്രചാരണങ്ങളും പദ്ധതിയുടെ വിപത്തുകളെക്കുറിച്ചുള്ള പ്രചാരണങ്ങളും മൂലം പദ്ധതി പൂര്‍ത്തീകരിക്കാനാകാത്ത സ്ഥിതിയായിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് പദ്ധതി നടപ്പാക്കാനായി.

കൂടംകുളം വൈദ്യുതി ലൈന്‍ പദ്ധതിയും സമാനമായ രീതിയില്‍ എതിര്‍പ്പുണ്ടായതിനെ തുടര്‍ന്ന് പാതിവഴിയിലായിരുന്നു. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് പദ്ധതി നടപ്പാക്കിയപ്പോള്‍ വൈദ്യുതി എത്തിക്കാനുള്ള പവര്‍ ഹൈവേ യാഥാര്‍ഥ്യമായി.

നാടിനാവശ്യമായ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമ്പോള്‍ ചില്ലറ ബുദ്ധിമുട്ടുകളുണ്ടാകും. സ്ഥലമേറ്റെടുക്കേണ്ടി വരും. എന്നാല്‍ അതുമൂലമുള്ള ബുദ്ധിമുട്ടുകള്‍ പരമാവധി കുറയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

മലയോര ഹൈവേ, തീരദേശ ഹൈവേ, ജലപാത തുടങ്ങിയ പശ്ചാത്തല സൗകര്യവികസന പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കി വരികയാണ്. വലിയ തോതിലുള്ള യാത്രാസൗകര്യങ്ങളൊരുക്കുക പ്രധാനമാണ്. വ്യാവസായിക നിക്ഷേപം വര്‍ധിപ്പിക്കുന്നതിന് ഇത് വളരെയേറെ സഹായകരമാകും.

കാലത്തിനനുസരിച്ച് മുന്നേറാനും പശ്ചാത്തല സൗകര്യ വികസനത്തിനായി ബജറ്റിനു പുറത്ത് വിഭവ സമാഹരണം നടത്തി പദ്ധതി നടപ്പാക്കാനാണ് കിഫ്ബി രൂപീകരിച്ചിരിക്കുന്നത്. അഞ്ച് വര്‍ഷം കൊണ്ട് 50,000 കോടി രൂപയുടെ പദ്ധതികള്‍ ലക്ഷ്യമിട്ട സ്ഥാനത്ത് 62,000 കോടി രൂപയുടെ പദ്ധതികള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ലണ്ടനിൽ യുഎസ് എംബസിയ്ക്ക് സമീപം സ്‌ഫോടനം; ജാഗ്രത

ലണ്ടൻ: യുകെയിലെ യുഎസ് എംബസിയ്ക്ക് സമീപം സ്‌ഫോടകവസ്തു ശേഖരം കണ്ടത്തി മെട്രോപോളിറ്റൻ പോലീസ്. തുടർന്ന് പോലീസിന്റെ നേതൃത്വത്തിൽ പ്രദേശത്ത് നിയന്ത്രിത സ്‌ഫോടനവും നടത്തി. ലണ്ടനിലെ ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിൻ തുമ്പത്ത് സ്‌ഫോടകവസ്തുശേഖരം കണ്ടെത്തിയത് വലിയ...

ഐശ്വര്യ ലക്ഷ്മിയെ ലിപ് ലോക്ക് ചെയ്യണമെന്ന് ആറാട്ടണ്ണന്‍; മൂന്നാം വട്ടവും കൈ പിടിയ്ക്കാൻ എത്തി, ഷേക്ക് ഹാൻഡ് നൽകാതെ തിരിഞ്ഞ് നടന്ന ഐശ്വര്യ ലക്ഷ്മി!

കൊച്ചി:എയറിലാവുക എന്ന ഉദ്ദേശത്തോടെ അഭിപ്രായങ്ങൾ പറയുന്ന ആളാണ് സന്തോഷ് വർക്കി എന്ന ആറാട്ടണ്ണൻ. നടിമാരെക്കുറിച്ചുള്ള മോശം പരാമര്‍ശങ്ങളുടെ പേരിലും സന്തോഷ് വര്‍ക്കി ട്രോളുകള്‍ നേരിട്ടിട്ടുണ്ട്. നിത്യ മേനോൻ, മഞ്ജു വാര്യർ, ഐശ്വര്യ ലക്ഷ്മി...

ബൂം ബൂം ബുമ്ര…! പെർത്തിൽ ഇന്ത്യയെ 150 റൺസിന് തകർത്ത ഓസീസിന് അതേ നാണയത്തിൽ തിരിച്ചടി നൽകി ബുംറയും കൂട്ടരും

പെർത്ത്: ബോർഡർ-ഗാവസ്‌കർ ട്രോഫിയിൽ ഓസ്ട്രേലിയ ഒരുക്കിയ പേസ് കെണിയിൽ വീണെങ്കിലും അതേ നാണയത്തിൽ തിരിച്ചടിച്ച് ഇന്ത്യ. ഇന്ത്യൻ നായകൻ രോഹിത് ശർമ്മയില്ലാതെ ഓസ്‌ട്രേലിയയുമായി ആദ്യ ടെസ്റ്റിന് ഇറങ്ങിയ ആദ്യ ഇന്നിങ്‌സിൽ വെറും 150...

മൊബൈൽ ഫോണുകളിൽ തെളിവുകളുണ്ടെന്ന് പൊലീസ്, അമ്മുവിന്‍റെ മരണത്തിൽ സഹപാഠികളായ മൂന്നുപേരും റിമാന്‍ഡിൽ

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവന്‍റെ മരണത്തിൽ അറസ്റ്റിൽ ആയ മൂന്ന് സഹപാഠികളെയും റിമാന്‍ഡ് ചെയ്തു. ഉച്ചയ്ക്കുശേഷം മൂന്നു പ്രതികളെയും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടെങ്കിലും 14 ദിവസത്തേക്ക് പ്രതികളെ...

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങൾ പിടികൂടി

ശ്രീന​ഗർ: ഛത്തീസ്ഗഢിൽ ഏറ്റുമുട്ടലിൽ 10 മാവോയിസ്റ്റുകളെ വധിച്ചു. സുഖ്മ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊരജഗുഡ, ദന്തേവാഡ, നാഗരാം, ബന്ദാർപദാർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലുണ്ടായ വിവരം ബസ്തർ റേഞ്ച് ഐ.ജി സുന്ദർരാജ് സ്ഥിരീകരിച്ചു. ജില്ലാ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.