FeaturedKeralaNews

‘അതുക്കും മേലെ’ നല്‍കാനും തയ്യാര്‍; സില്‍വര്‍ ലൈന്‍ നഷ്ടപരിഹാരം കമ്പോള വിലയുടെ ഇരട്ടി, എന്തു വന്നാലും പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് കമ്പോള വിലയുടെ ഇരട്ടിയിലധികമാണ് നഷ്ടപരിഹാരമായി നല്‍കുന്നത്. ആവശ്യമെങ്കില്‍ ‘അതുക്കും മേലെ’ നല്‍കാനും സര്‍ക്കാര്‍ തയ്യാറാണെന്നും മുഖ്യമന്ത്രി കോഴിക്കോട് പറഞ്ഞു.

കാലിക്കട്ട് പ്രസ് ക്ലബിന്റെ സുവര്‍ണജൂബിലി ആഘോഷചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കൂട്ടര്‍ക്ക് എതിര്‍പ്പുള്ളതു കൊണ്ട് മാത്രം പദ്ധതി നടപ്പാക്കാതിരിക്കാനാവില്ല. ഓരോ പദ്ധതിയും നടപ്പാക്കേണ്ട സമയത്തു തന്നെ നടപ്പാക്കേണ്ടേയെന്നും മുഖ്യമന്ത്രി ചോദിച്ചു. അങ്ങനെ നടപ്പാക്കുന്നതിനെ ഏതെങ്കിലും ചിലര്‍ നിക്ഷിപ്ത താല്‍പ്പര്യം വെച്ച് എതിര്‍ക്കുകയാണ്.

അതിന്റെ കൂടെ വെള്ളമൊഴിച്ചും വളമിട്ടും നില്‍ക്കലാണോ നാട്ടിലെ മാധ്യമങ്ങള്‍ ചെയ്യേണ്ടതെന്ന് പിണറായി വിജയന്‍ ചോദിച്ചു. ഇക്കാര്യത്തില്‍ സ്വയം പരിശോധന മാധ്യമങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത് നല്ലതാണ്. വികസനം സ്തംഭിപ്പിക്കുന്നവരുടെ മെഗാഫോണായി മാധ്യമങ്ങള്‍ മാറരുത്. കുഞ്ഞുങ്ങളുമായി സമരത്തിനെത്തുന്നവരെ മഹത്വവത്കരിക്കുകയാണ്.

ആക്ഷേപിക്കലും പുച്ഛിക്കലുമല്ല യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തനം. മാധ്യമങ്ങള്‍ ഇടതുപക്ഷത്തെ അപമാനിക്കുന്നു. അധികാരികളുടെ വാഴ്ത്തുപാട്ടുകാരായി മാധ്യമങ്ങള്‍ അധഃപതിച്ചു. ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതില്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് താത്പര്യമില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button