ഇംഫാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസറേഡിയോ പരിപാടി ‘മന്‍ കി ബാത്’ മണിപ്പുരില്‍ ഒരു വിഭാഗം ജനങ്ങള്‍ ബഹിഷ്‌കരിച്ചു. സംസ്ഥാനത്തിന്റെ കലാപകലുഷിതമായ ആഭ്യന്തരാവസ്ഥയെ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു ബഹിഷ്‌കരണം.
റേഡിയോ സെറ്റുകള്‍ പൊതുവിടങ്ങളില്‍ വലച്ചെറിഞ്ഞും ചവിട്ടിപ്പൊട്ടിച്ചും തീയിട്ടും ജനങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തി. മന്‍ കി ബാത്തിന്റെ 102-ാം എപ്പിസോഡ് പ്രക്ഷേപണം ചെയ്യുന്നതിനിടെയാണ് ഇംഫാല്‍ വെസ്റ്റ്, കാക്കിങ് തുടങ്ങിയ ജില്ലകളില്‍ പ്രതിഷേധം അരങ്ങേറിയത്.
അടിയന്തരാവസ്ഥയേയും ജനാധിപത്യത്തേയും കുറിച്ച് മന്‍ കി ബാത്തില്‍ മോദി സംസാരിച്ചെങ്കിലും മണിപ്പുരിനെ സംബന്ധിച്ച് യാതൊരു പരാമര്‍ശവും പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായില്ല. മേയ് മൂന്ന് മുതല്‍ ആരംഭിച്ച് ഞായറാഴ്ച 49 ദിവസത്തിലെത്തിയ ആഭ്യന്തരകലാപത്തില്‍ ഇതിനോടകം 110 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും 60,000 ലേറെ പേര്‍ പലായനം ചെയ്യുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.
ഇംഫാല്‍ വെസ്റ്റിലെ സിങ്ജമായില്‍ സ്ത്രീകള്‍ ദേശീയപാതയ്ക്കിരുവശത്തും നിരയായി നില്‍ക്കുകയും മോദിയ്ക്കും ബിജെപിയ്ക്കുമെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. ‘മന്‍ കി ബാത്തിനെ എതിര്‍ക്കുന്നു’, ‘മന്‍ കി ബാത് വേണ്ട മണിപ്പുര്‍ കി ബാത് മതി’, ‘ലജ്ജിക്കൂ മോദി, മന്‍ കി ബാത്തില്‍ മണിപ്പുരിനെ കുറിച്ച് ഒരു വാക്ക് പോലുമില്ലേ’, ‘മന്‍ കി ബാത് പോലുള്ള നാടകങ്ങള്‍ അവസാനിപ്പിക്കൂ’ തുടങ്ങിയവ രേഖപ്പെടുത്തിയ പോസ്റ്ററുകളും ജനങ്ങള്‍ പ്രദര്‍ശിപ്പിച്ചു. സിങ്ജമായിലും കാക്കിങ്ങിലും ജനങ്ങള്‍ റേഡിയോ സെറ്റുകള്‍ നിലത്തെറിഞ്ഞും ചവിട്ടിയും നശിപ്പിക്കുകയും ചെയ്തു.
മണിപ്പുരിന്റെ കാര്യത്തില്‍ മന്‍ കി ബാത് ‘മൗന്‍ കി ബാത്’ ആയി മാറിയിരിക്കുകയാണെന്ന് മണിപ്പുര്‍ വിമന്‍ ഗണ്‍ സര്‍വൈവേഴ്‌സ് നെറ്റ്‌വര്‍ക്ക് എന്ന സംഘടനയുടെ സ്ഥാപക ബിനാലക്ഷ്മി നേപ്‌റാം പ്രതികരിച്ചു.
നൂറിലേറെ പേര്‍ക്ക് ജീവനും ആയിരക്കണക്കിനാളുകള്‍ക്ക് കിടപ്പാടവും നഷ്ടമായ മണിപ്പുരിലെ ജനതയ്ക്ക് പ്രധാനമന്ത്രിയുടെ മൗനം അഗാധദുഃഖമുണ്ടാക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. ആരാണ് പ്രധാനമന്ത്രിയുടെ മൗനത്തിന് പിന്നിലെന്ന് മണിപ്പുരിലെ ജനങ്ങള്‍ മാത്രമല്ല ഇന്ത്യന്‍ ജനത ഒന്നടങ്കം ചോദ്യമുന്നയിക്കണമെന്നും ബിനാലക്ഷ്മി പറഞ്ഞു.