ടെല്‍ അവീവ്: ഗാസയില്‍ യുഎസ് മുന്നോട്ടുവെച്ച സമാധാന പദ്ധതിയുടെ ഭാഗമായി വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി ഇസ്രയേല്‍ പ്രതിരോധസേന. കരാറിന്റെ ഭാഗമായി ഇസ്രയേല്‍ സൈന്യം ഗാസയില്‍നിന്ന് ഭാഗികമായി പിന്മാറിയതായും അധികൃതര്‍ അറിയിച്ചു. ഇതോടെ ഹമാസ് തങ്ങളുടെ കൈവശമുള്ള ബന്ദികളെ മോചിപ്പിക്കേണ്ട 72 മണിക്കൂര്‍ കൗണ്ട്ഡൗണിന് തുടക്കമാകുകയും ചെയ്തു.
ചിലയിടങ്ങളില്‍ പീരങ്കി ആക്രമണങ്ങളുടെയും വ്യോമാക്രമണങ്ങളുടെയും മറവിലാണ് പിന്‍വാങ്ങല്‍ നടന്നതെന്നാണ് ഇസ്രയേല്‍ അധികൃതര്‍ പറഞ്ഞു. കരാര്‍ പ്രാബല്യത്തില്‍ വരുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഹമാസ് സ്‌നൈപ്പറിന്റെ വെടിയേറ്റ് ഒരു ഐഡിഎഫ് സൈനികന്‍ കൊല്ലപ്പെടുകയും ചെയ്തു.
കരാറിലെ വ്യവസ്ഥകള്‍ അനുസരിച്ച്, 72 മണിക്കൂര്‍ സമയത്തിനുള്ളില്‍ ജീവിച്ചിരിക്കുന്ന എല്ലാ ബന്ദികളെയും, മരിച്ച ബന്ദികളുടെ മൃതദേഹങ്ങളും ഹമാസ് ഹാജരാക്കേണ്ടി വരും. തിങ്കളാഴ്ച ഉച്ചയോടെ ഈ സമയപരിധി അവസാനിക്കും.
അതേസമയം ബന്ദികള്‍ക്ക് പകരമായി ഇസ്രായേല്‍ മോചിപ്പിക്കാനിരിക്കുന്ന പലസ്തീന്‍ സുരക്ഷാ തടവുകാരുടെ തടവുകാരുടെ കാര്യത്തില്‍ അന്തിമ ധാരണയായിട്ടില്ലെന്ന് ഹമാസ് വ്യക്തമാക്കി.മധ്യസ്ഥര്‍ അംഗീകരിച്ച പേരുകള്‍ ഇസ്രായേലില്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ ഉള്‍പ്പെടുന്നില്ലെന്നാണ് ഹമാസിന്റെ ആരോപണം.
കരാര്‍ പ്രകാരമുള്ള വ്യവസ്ഥകള്‍ സമയബന്ധിതമായി അനുസരിച്ചില്ലെങ്കില്‍ ഇസ്രയേല്‍ വീണ്ടും യുദ്ധത്തിലേക്ക് മടങ്ങുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഭീഷണി മുഴക്കി.
‘തങ്ങളുടെ കഴുത്തില്‍ വാള്‍ മുറുകുന്നു എന്ന് തോന്നിയപ്പോള്‍ മാത്രമാണ് ഹമാസ് കരാറിന് സമ്മതിച്ചത്, അത് ഇപ്പോഴും അവരുടെ കഴുത്തിലുണ്ട്’ നെതന്യാഹു മുന്നറിയിപ്പ് നല്‍കി.നിലവിലെ ഘട്ടത്തില്‍, തങ്ങള്‍ ബന്ദികളെ മോചിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


