കൊച്ചി:ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി താരസംഘടന ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സിദ്ദിഖ്. ആർക്കെതിരെയാണ് വിവേചനം ഉണ്ടായതെന്നും ആരൊക്കെയാണ് പരാതിപ്പെട്ടതെന്നും ഉൾപ്പടെയുള്ള കാര്യങ്ങൾ വിശദമായ പഠിക്കേണ്ടതുണ്ടെന്ന് സിദ്ദിഖ് പറഞ്ഞു. മറ്റ് സംഘടനകളുമായി കാര്യങ്ങൾ കൂടിയാലോചിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഏത് കാര്യത്തിലാണ് മറുപടി പറയേണ്ടതെന്നതിന് കൃത്യമായ ധാരണയില്ല. രണ്ട് ദിവസമായി ”അമ്മ”യുടെ ഒരു ഷോയുടെ റിഹേഴ്സലുമായി ബന്ധപ്പെട്ട് എല്ലാവരും എറണാകുളത്ത് കൂടിയിരിക്കുകയാണ്. റിപ്പോർട്ട് വിശദമായിട്ട് പഠിച്ചിട്ട് എന്ത് മറുപടിയാണ് പറയേണ്ടത് എന്നതിനെപ്പറ്റി തീരുമാനമെടുക്കാം. മറ്റ് സംഘടനകളുമായി കൂടിയാലോചിക്കേണ്ടതുണ്ട്. വളരെ സെൻസിറ്റീവ് ആയ വിഷയമാണ്. അറിയാതെ ഒരു വാക്ക് പറഞ്ഞാൽ പോലും ഭാവിയിൽ വലിയ പ്രശ്നങ്ങളുണ്ടാകും.
ആർക്കെതിരെയാണ് വിവേചനം, ഏത് രീതിയിലാണ് വിവേചനം, ആരാണ് പരാതിപ്പെട്ടത്, ആർക്കെതിരെയാണ് പരാതി എന്നൊക്കെ വിശദമായി പഠിക്കണം’, സിദ്ദിഖ് പറഞ്ഞു.
ഗുരുതരമായ വെളിപ്പെടുത്തലുകളാണ് ഹേമാ കമ്മിറ്റി റിപ്പോർട്ടിലുള്ളത്. 233 പേജുള്ള റിപ്പോർട്ടിലെ ചില ഭാഗങ്ങൾ ഒഴിവാക്കിയാണ് റിപ്പോർട്ട് എത്തിയത്. ഇതിൽ ആളുകളുടെ സ്വകാര്യതയെ ബാധിക്കുന്നതും ആളുകളെ തിരിച്ചറിയുന്നതുമായ വിവരങ്ങൾ പൂർണമായി ഒഴിവാക്കിയിട്ടുണ്ട്. 49–ാം പേജിലെ 96–ാം പാരഗ്രാഫും 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. 165 മുതൽ 196 വരെയുള്ള പേജുകളിൽ ചില പാരഗ്രാഫുകൾ വെളിപ്പെടുത്തിയിട്ടില്ല. മൊഴികൾ അടക്കമുള്ള അനുബന്ധ റിപ്പോർട്ടും പുറത്തുവിട്ടിട്ടില്ല.
മലയാള സിനിമയിലെ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാനാണ് റിട്ടയേർഡ് ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റിയെ സർക്കാർ നിയമിച്ചത്. കമ്മിറ്റിയുടെ റിപ്പോർട്ട് 2019 ഡിസംബർ 31നാണ് സർക്കാരിനു കൈമാറിയത്.
റിപ്പോർട്ട് പുറത്തുവരുന്നതിനെതിരേ നടി രഞ്ജിനി ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ സമർപ്പിച്ച ഹർജിയും തള്ളിയതോടെ റിപ്പോർട്ട് പുറത്തുവരുന്നതിലുള്ള തടസങ്ങളെല്ലാം നീങ്ങുകയായിരുന്നു. റിപ്പോർട്ട് പുറത്തുവരുന്നതിനെതിരേ നടി രഞ്ജിനി ഹൈക്കോടതിയിൽ സമർപ്പിച്ച തടസ ഹർജി ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. ചൊവ്വാഴ്ച അവധിയായതിനാൽകൂടിയാണ് റിപ്പോർട്ട് തിങ്കളാഴ്ചതന്നെ പുറത്തുവിട്ടത്.