ചില ലോബികളെ എതിർത്തുസംസാരിക്കാൻ പുരുഷന്മാർപോലും ഭയന്നിരുന്നു -ഹേമാ കമ്മിറ്റി റിപ്പോർട്ട്
കൊച്ചി:ചലച്ചിത്രമേഖലയിലെ പുരുഷന്മാർക്കും ധാരാളം പ്രശ്നങ്ങളുള്ളതായി മനസിലാക്കാനായെന്ന് ഹേമാ കമ്മിറ്റി റിപ്പോർട്ട്. സിനിമാ മേഖലയിൽനിന്നുകൊണ്ട് എതിർത്തുസംസാരിക്കാൻ പുരുഷന്മാർപോലും ഭയന്നിരുന്നു. പ്രമുഖരായ കലാകാരന്മാർപോലും സിനിമയിൽ കൂടുതൽ കാലം പ്രവർത്തിക്കുന്നതിൽനിന്ന് അനധികൃതമായി വിലക്കപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു
വളരെ നിസാരമായ കാരണങ്ങൾകൊണ്ടാണ് ഇത്തരത്തിലുള്ള അനധികൃത നിരോധനം എന്നത് ഞെട്ടിക്കുന്നതാണ്. ഇൻഡസ്ട്രിയെ നിയന്ത്രിക്കുന്ന ഒന്നോ ഒന്നിലധികമോ ലോബികളുടെ അപ്രീതിക്ക് മേൽപ്പറഞ്ഞ പുരുഷന്മാർ അറിഞ്ഞോ അറിയാതെയോ പാത്രമാവുകയായിരുന്നു. അതിനാൽ, അവർ നൽകുന്ന വിവരങ്ങൾ ചോർന്നാൽ സിനിമയിലെ തങ്ങളുടെ ഭാവി അവസരങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ഭയന്ന് പുരുഷന്മാർ പൊതുവെ വ്യവസായത്തിനെതിരെ സംസാരിക്കാൻ മടിക്കുകയോ ഭയപ്പെടുകയോ ചെയ്യുന്നു.
സ്ത്രീകൾക്ക് ടോയ്ലെറ്റ് ഉപയോഗിക്കാൻ അനുവാദമില്ലെന്ന വിഷയത്തിൽ ചില പുരുഷന്മാരുമായി സംസാരിച്ചിരുന്നു. ഇത്തരം പ്രവണതകൾ മലയാളസിനിമയിൽ നിലനിൽക്കുന്നുണ്ടെന്നും അതിന് മാറ്റം വരേണ്ടതാണെന്നും അവർ തുറന്നുപറഞ്ഞു. എന്നാൽ ഒരു പ്രമുഖ താരം പറഞ്ഞത് വർഷങ്ങളായി ഇതിലൊന്നും യാതൊരു പരാതിയുമില്ലാതെ ജോലിചെയ്യുന്ന സ്ത്രീകളുണ്ടല്ലോ എന്നാണ്. ഇവർ പറയുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല.
എന്നിരുന്നാലും, ചില പുരുഷന്മാർ നിഷ്പക്ഷമായി സംസാരിക്കുകയും ഡബ്ലിയു.സി.സി രൂപീകരിച്ചത് നല്ലകാര്യമാണെന്ന് പറയുകയും ചെയ്‌തത് പ്രോത്സാഹനം അർഹിക്കുന്നതാണ്. എല്ലാ സാക്ഷികളും കമ്മിറ്റിയുമായി നന്നായി സഹകരിച്ചുവെന്നതിൽ സന്തോഷമുണ്ട്. എല്ലാവരും അവർക്ക് പറയാനുള്ള നല്ലതും ചീത്തയുമായ കാര്യങ്ങൾ വിശദമായിത്തന്നെ പറഞ്ഞുവെന്നും ഹേമാ കമ്മിറ്റി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.