കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർഥന്റെ മരണത്തിൽ പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. സി.ബി.ഐയുടെ എതിർപ്പ് അവഗണിച്ചുകൊണ്ടാണ് ജാമ്യം അനുവദിച്ചത്. ആത്മഹത്യാ പ്രേരണ, ഗൂഢാലോചന, മർദനം, റാഗിംഗ് എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികളുടെ പ്രായം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചുകൊണ്ടാണ് ജാമ്യം അനുവദിച്ചത്.
പ്രതികള്‍ വിചാരണ കഴിയുന്നതുവരെ വയനാട് ജില്ലയിൽ പ്രവേശിക്കരുതെന്നും സംസ്ഥാനം വിട്ട് പോകരുതെന്നുമാണ് കോടതി പറഞ്ഞിരിക്കുന്നത്. അതേസമയം പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിദ്ധാർഥന്റെ അമ്മ കേസിൽ നേരത്തെ കക്ഷി ചേർന്നിരുന്നു. സി.ബി.ഐ. പ്രാഥമിക കുറ്റപത്രമടക്കം ഫയൽ ചെയ്തിരുന്നു. പ്രതികളുടെ ജാമ്യം തടയുന്നതിന് വേണ്ടിയാണ് കുറ്റപത്രം സമർപ്പിച്ചതെന്നാണ് പ്രതിഭാഗം വാദം ഉന്നയിച്ചത്.
പ്രതികൾക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിയിൽ സിദ്ധാർഥന്റെ മാതാപിതാക്കൾ നിരാശ പ്രകടിപ്പിച്ചു. കോടതി വിധി നിരാശാജനകമാണെന്നും പ്രതികള്‍ക്ക് ഒരിക്കലും ജാമ്യം കിട്ടുമെന്ന് പ്രതീക്ഷീച്ചിരുന്നില്ലെന്നും സിദ്ധാര്‍ഥന്റെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു. സിദ്ധാര്‍ഥൻ മരിച്ചുവെന്ന വാര്‍ത്ത കേട്ടപ്പോള്‍ തോന്നിയ അതേ വേദനയാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചുവെന്ന് അറിഞ്ഞപ്പോളുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
കേസന്വേഷണം തുടക്കം മുതല്‍ അട്ടിമറിക്കപ്പെട്ടു. തെളിവ് നശിപ്പിക്കാന്‍ പോലീസും അനുവദിച്ചു. ഇതിനൊക്കെ ശേഷമാണ് കേസ് സി.ബി.ഐയിലേക്ക് എത്തുന്നത്. അതിനാല്‍ എത്രത്തോളം തെളിവുകള്‍ കോടതിക്ക് മുമ്പാകെ എത്തിയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. തുടക്കത്തില്‍ നല്ല നിലയില്‍ മുന്നോട്ടുപോയ പോലീസിന്റെ അന്വേഷണം എസ്.എഫ്.ഐ. നേതാക്കളിലേക്ക് എത്തിയതോടെയാണ് വഴിതെറ്റിതെന്നും സിദ്ധാര്‍ഥിന്റെ അച്ഛന്‍ ആരോപിച്ചു.
‘ആഭ്യന്തര വകുപ്പാണ് തെളിവ് നശിപ്പിച്ചത്. എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി ആര്‍ഷോയാണ് തെളിവ് നശിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയത്. പ്രതികള്‍ക്ക് ജാമ്യം കിട്ടിയെന്നതുകൊണ്ട് അടങ്ങിയിരിക്കാന്‍ പോകുന്നില്ല. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കും. നിയമപരമായി എന്തൊക്കെ ചെയ്യാന്‍ പറ്റുമോ അതൊക്കെ ചെയ്യും’ -അദ്ദേഹം പറഞ്ഞു. നിലവിലെ സി.ബി.ഐ. അന്വേഷണം നല്ല രീതിയിലാണ് പോകുന്നതെന്നും സിദ്ധാര്‍ഥിന്റെ അച്ഛന്‍ പറഞ്ഞു.
വിധിയില്‍ നല്ല ദുഃഖമുണ്ടെന്നും കോടതി മാത്രമല്ല ദൈവമുണ്ടല്ലോയെന്നും സിദ്ധാര്‍ഥിന്റെ അമ്മ പ്രതികരിച്ചു. അവര്‍ പുറത്തിറങ്ങേണ്ടവരല്ല. തെളിവുകള്‍ നശിപ്പിക്കപ്പെട്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി 18-നാണ് സിദ്ധാർത്ഥിനെ ഹോസ്റ്റൽ മുറിയിലെ ശുചിമുറിക്കുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.